Breaking

Saturday, November 30, 2019

മെമ്മറി കാർഡ് തൊണ്ടിമുതലോ രേഖയോ? ഉത്തരം നൽകി സുപ്രീംകോടതി

ന്യൂഡൽഹി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് പ്രതിയായ നടൻ ദിലീപിന് നൽകണമോ എന്നതിലുപരി, സമാനതകളില്ലാത്ത കേസിലെ നിയമപരമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തലായിരുന്നു സുപ്രീംകോടതിക്കുമുന്നിലെ വെല്ലുവിളി. വിവിധ നിയമങ്ങളിൽ പറയുന്ന 'തെളിവി'ന്റെ നിർവചനം ഇഴകീറി പരിശോധിച്ചാണ് ജസ്റ്റിസ് എ.എം. ഖൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഉത്തരം കണ്ടെത്തിയത്. ലൈംഗികാതിക്രമങ്ങൾ ചിത്രീകരിക്കപ്പെടുന്ന കേസുകളിലെല്ലാം ഭാവിയിൽ മാർഗരേഖയായി ഉപയോഗിക്കുന്നത് ഇനി ദിലീപ് കേസിന്റെ വിധിയാകും. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ രേഖയാണെന്നും അത് ലഭിക്കാൻ അവകാശമുണ്ടെന്നും ദിലീപ് ശക്തമായി വാദിച്ചു. അതേസമയം, കുറ്റകൃത്യം നടത്തിയതുതന്നെ അതിന്റെ മുഖ്യസൂത്രധാരനായ ദിലീപിനു വേണ്ടിയാണെന്നും ദൃശ്യങ്ങളുടെ പകർപ്പ് നൽകരുതെന്നും സംസ്ഥാന സർക്കാരും ഇരയായ നടിയും ചൂണ്ടിക്കാട്ടി. കാർഡിലെ ദൃശ്യങ്ങൾ രേഖയാണെങ്കിൽ പ്രതിക്ക് അത് ലഭിക്കാൻ അവകാശമുണ്ടെന്ന് വാദത്തിനിടെ കോടതി പലതവണ നിരീക്ഷിച്ചിരുന്നു. എന്നാൽ, രേഖയാണോ അതോ, ഹൈക്കോടതി പറഞ്ഞതുപോലെ തൊണ്ടിമുതലാണോ എന്നതിൽ ആദ്യം തീരുമാനമാകണം. രേഖയാണെങ്കിൽത്തന്നെ അത് നൽകുന്നത് നടിയുടെ സ്വകാര്യതയ്ക്കും അന്തസ്സിനുമുള്ള അവകാശത്തെ ഹനിക്കുമോ എന്നും നോക്കണം. ഈ ദൗത്യമാണ് സുപ്രീംകോടതി നിർവഹിച്ചത്. മെമ്മറി കാർഡ് തൊണ്ടിമുതലാണെന്ന നിഗമനത്തിലെത്താൻ യു.കെ.യിലെ കോടതികളുടെ വിധിയാണ് ഹൈക്കോടതി ആശ്രയിച്ചത്. എന്നാൽ, നടിയുടെയും ദിലീപിന്റെയും അവകാശങ്ങൾ തമ്മിലുള്ള തുലനംചെയ്യലിന് ബിഹാറിലെ ആശാ രഞ്ജൻ കേസിലെ ഉത്തരവ് പരിഗണിച്ചു. ചില സാഹചര്യങ്ങളിൽ വിശാലമായ സാമൂഹിക താത്പര്യം പരിഗണിക്കണമെന്നായിരുന്നു ആശാ രഞ്ജൻ കേസിലെ നിരീക്ഷണം. ഇതിനെ ആശ്രയിച്ചുള്ള മറ്റൊരു കേസും സുപ്രീംകോടതി ഉദ്ധരിച്ചു. കൂടാതെ, ഐ.ടി. നിയമത്തിന്റെ രണ്ട് (ഒന്ന്) (ടി) വകുപ്പ്, ഇന്ത്യൻ തെളിവ് നിയമത്തിലെ മൂന്നാം വകുപ്പ്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 29-ാം വകുപ്പ് എന്നിവ ഒന്നിച്ചും അല്ലാതെയും സുപ്രീംകോടതി പരിശോധിച്ചു. സമാനതകളില്ലാത്ത കേസായതിനാൽ വാദത്തിലുടനീളം ഇലക്ട്രോണിക് തെളിവിന്റെ സ്വീകാര്യതയെക്കുറിച്ച് കോടതി വ്യക്തതതേടിയിരുന്നു. അഭിഭാഷകരോട് സൈബർ നിയമങ്ങൾകൂടി പരിശോധിച്ചുവരാനും ഒരിക്കൽ കോടതി ആവശ്യപ്പെട്ടു. മെമ്മറി കാർഡ് തൊണ്ടിമുതലാണെങ്കിൽ പ്രതിക്ക് നൽകേണ്ടതില്ല. അതിനാൽ തൊണ്ടിമുതലാണെന്ന വാദമാണ് സർക്കാർ ആദ്യം ഉന്നയിച്ചത്. തൊണ്ടിമുതലാണെങ്കിൽ അതിലെ ഉള്ളടക്കം തെളിവായെടുക്കാൻ സുപ്രീംകോടതി അനുവദിച്ചില്ലെങ്കിലോ എന്ന ആശങ്കയിൽ സർക്കാർ പിന്നീട് നിലപാട് മയപ്പെടുത്തി. രേഖയാണെങ്കിൽ കൊടുക്കാമെന്നും സുരക്ഷാ മുൻകരുതലെടുക്കണമെന്നും സർക്കാർ വാദിച്ചു. ദൃശ്യങ്ങളിൽ 'വാട്ടർ മാർക്ക്' ഇടുന്നതുൾപ്പെടെ സുരക്ഷാ മുൻകരുതലുകൾ എടുത്തുമാത്രം നൽകിയാൽ മതിയെന്ന് ദിലീപും പറഞ്ഞു. എന്നാൽ, അതുപോലും കോടതിക്ക് സ്വീകാര്യമായില്ല. രേഖതന്നെയാണ് ദൃശ്യങ്ങളെന്നും അത് ലഭിക്കാൻ ദിലീപിന് അവകാശമുണ്ടെന്നും അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുമ്പോഴും, അതിനേക്കാൾ പ്രാധാന്യം ഇരയുടെ സ്വകാര്യതയ്ക്ക് നൽകാൻ സുപ്രീംകോടതി തയ്യാറായി. അതേസമയം, ദൃശ്യങ്ങൾ വിദഗ്ധരെക്കൊണ്ട് എത്രവേണമെങ്കിലും പരിശോധിക്കാൻ അവസരം ലഭിച്ചതിൽ ദിലീപിനും ആശ്വസിക്കാം. content highlights:actress abduction case: supreme court verdict


from mathrubhumi.latestnews.rssfeed https://ift.tt/34zAx6G
via IFTTT