ഹൈദരാബാദ്: കൈയിൽ ഒരൊഴിഞ്ഞ അലുമിനിയപ്പാത്രവുമായി ക്ലാസ്മുറിയിലേക്കൊളിഞ്ഞുനോക്കുന്ന കൊച്ചുപെൺകുട്ടിയെ അവിചാരിതമായാണ് തെലങ്കാനയിലെ 'ഈനാട്' പത്രത്തിലെ ഫോട്ടോഗ്രാഫറായ അവുല ശ്രീനിവാസ് കണ്ടത്. സമപ്രായക്കാരായ കുട്ടികളിരിക്കുന്ന ക്ലാസിലേക്ക് ഉച്ചഭക്ഷണസമയത്ത് പ്രതീക്ഷയോടെ നോക്കുന്ന, നിറംമങ്ങിയ ഉടുപ്പുധരിച്ച പെൺകുട്ടിയുടെ ചിത്രം 'അകാലി ചൂപ്പു' (വിശപ്പിന്റെ നോട്ടം) എന്ന അടിക്കുറിപ്പോടെ വ്യാഴാഴ്ചത്തെ പത്രത്തിലിടം പിടിച്ചു. പ്രദേശത്തെ ഡെങ്കിപ്പനി ബാധയെക്കുറിച്ചുള്ള വാർത്തയ്ക്കായി ബുധനാഴ്ച ഹൈദരാബാദിനു സമീപത്തെ ഗുഡിമാൽകപുരിലെ ദേവൽ ഝാം സിങ് സർക്കാർ ഹൈസ്കൂളിലെത്തിയതായിരുന്നു ശ്രീനിവാസ്. അദ്ദേഹത്തെ സ്പർശിച്ച ആ കാഴ്ച വായനക്കാരുടെ ഹൃദയങ്ങളെയും പൊള്ളിച്ചു. അതോടെ മോത്തി ദിവ്യയെന്ന കൊച്ചുപെൺകുട്ടിയുടെ ജീവിതവും മാറി. സ്കൂളിനടുത്തുള്ള പുറമ്പോക്കിൽ താമസിക്കുന്ന മോത്തിയുടെ മാതാപിതാക്കൾ ആക്രിപെറുക്കുന്നവരാണ്. അച്ഛനുമമ്മയും രാവിലെ ആറിനു ജോലിക്കിറങ്ങിയാൽപ്പിന്നെ ഒറ്റയ്ക്കാവുന്ന കുട്ടി വിശപ്പടക്കാൻ സ്കൂളിലാണെത്തിയിരുന്നത്. മറ്റുകുട്ടികൾ കഴിച്ചശേഷം ബാക്കിവരുന്ന ഉച്ചഭക്ഷണം കഴിക്കാൻ ദിവസവും കാത്തുനിൽക്കുന്ന മോത്തിയുടെ കഥയറിഞ്ഞ മാമിഡിപ്പുഡി വെങ്കടരങ്കയ്യ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടന വ്യാഴാഴ്ചതന്നെ ദിവ്യയെ തിരഞ്ഞെത്തി. സ്കൂളിൽ ചേർക്കാൻ ശ്രമിച്ചെങ്കിലും കുട്ടിക്ക് അതിനുള്ള പ്രായമായില്ലെന്നു പറഞ്ഞ് അധികൃതർ തിരികെ വിട്ടെന്നാണ് മാതാപിതാക്കൾ അറിയിച്ചത്. ഇതോടെ കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒ. മുൻകൈയെടുത്ത് മോത്തിയെ പുത്തൻ ഉടുപ്പണിയിച്ച് അവൾ എന്നും ഭക്ഷണത്തിനായി കാത്തുനിൽക്കാറുള്ള അതേ സ്കൂളിൽ ചേർത്തു. ഇനി മോത്തിക്ക് അവൾക്കവകാശപ്പെട്ട വിദ്യാഭ്യാസവും ഉച്ചഭക്ഷണവും ലഭിക്കുമെന്ന ആശ്വാസത്തിലാണ് മാതാപിതാക്കളായ ലക്ഷ്മണും യശോദയും. Content Highlights:Mothi who from Andhrapradesh will get food and education
from mathrubhumi.latestnews.rssfeed https://ift.tt/34P2Mhu
via
IFTTT