Breaking

Monday, November 11, 2019

ആനക്കര വടക്കത്ത് മീനാക്ഷി അന്തരിച്ചു

ചെന്നൈ: കൈക്കുഞ്ഞായിരിക്കെ, സ്വാതന്ത്ര്യസമരസേനാനിയായ അമ്മയ്ക്കൊപ്പം ജയിലിലടയ്ക്കപ്പെട്ടതിലൂടെ ചരിത്രത്തിലിടംനേടിയ ആനക്കര വടക്കത്ത് മീനാക്ഷി (88) അന്തരിച്ചു. സ്വാതന്ത്ര്യസമരസേനാനികളും മാതൃഭൂമി ഡയറക്ടർമാരുമായിരുന്ന എ.വി. കുട്ടിമാളു അമ്മയുടെയും കോഴിപ്പുറത്ത് മാധവമേനോൻറെയും മകളാണ്. 1932-ൽ തൃശ്ശൂരിൽനടന്ന സിവിൽ നിയമലംഘന സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ കുട്ടിമാളു അമ്മയ്ക്കൊപ്പമാണ് അന്ന് 41 ദിവസം പ്രായമുണ്ടായിരുന്ന മീനാക്ഷിയും തടവറയിലായത്. രണ്ടരവർഷത്തോളം അമ്മയും മകളും ജയിൽവാസമനുഭവിച്ചു. 1931 ഡിസംബർ 24-ന് കോഴിക്കോട് ചാലപ്പുറത്തായിരുന്നു ജനനം. മദ്രാസ് സംസ്ഥാനത്തെ മലബാറിൽനിന്നുള്ള ആദ്യ മന്ത്രിയും മാതൃഭൂമിയുടെ ജോയന്റ് മാനേജിങ് ഡയറക്ടറുമായിരുന്നു അച്ഛൻ കോഴിപ്പുറത്ത് മാധവമേനോൻ. ശനിയാഴ്ച രാത്രി 9.53-ന് മൈലാപ്പുരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മീനാക്ഷിയുടെ അന്ത്യം. തമിഴ്നാട് ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്ന പരേതനായ പെരുമ്പിലാവിൽ മാധവമേനോനാണ് ഭർത്താവ്. മക്കൾ: മാധവി (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്), പാർവതി (റിട്ട. ഐ.ബി.), ശങ്കരൻ (ബിസിനസ്, ചെന്നൈ), മാധവൻ (ബിസിനസ്, ചെന്നൈ). മരുമക്കൾ: രാജരാജേശ്വരി, ജയലക്ഷ്മി, പരേതനായ മനോഹരകൃഷ്ണൻ. സഹോദരങ്ങൾ: കേണൽ എ.വി.എം. അച്യുതൻ (ഡയറക്ടർ, മാതൃഭൂമി), ലക്ഷ്മിരാജ, പരേതനായ എ.വി. ഗോവിന്ദൻ. ശവസംസ്കാരം ഞായറാഴ്ച വൈകീട്ട് ചെന്നൈ ടി നഗർ കണ്ണമ്മാംപേട്ട് ശ്മശാനത്തിൽ നടന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി., മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, ജോയന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ എന്നിവർക്കുവേണ്ടി പുഷ്പചക്രം സമർപ്പിച്ചു. Content Highlights:Anakkara Vadakkedathu Meenakshi passed away


from mathrubhumi.latestnews.rssfeed https://ift.tt/2NU0y9G
via IFTTT