ടെഹ്റാൻ: വളരെയധികം ക്രൂഡ് ഓയിൽ ശേഖരമുള്ള പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി ഇറാൻ. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖുസെസ്താനിൽ ബോസ്തൺ മുതൽ ഒമിദിയെ വരെയുള്ള 2,400 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു വ്യാപിച്ചുകിടക്കുന്ന എണ്ണപ്പാടത്ത് 53,000 കോടി ബാരൽ ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്ന് കരുതുന്നതായി ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി പറഞ്ഞു. രാജ്യത്ത് നിലവിലുള്ള എണ്ണശേഖരത്തിന്റെ മൂന്നിലൊന്ന് വരുമിത്. യു.എസിന്റെ ഉപരോധങ്ങളിൽക്കുരുങ്ങി സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഇറാന് ആശ്വാസമാകുന്നതാണ് പുതിയ എണ്ണപ്പാടം. “ഇറാൻ ജനതയ്ക്ക് സർക്കാർനൽകുന്ന ചെറിയൊരു സമ്മാനമാണിത്. ഞങ്ങൾ ഇന്നുമുതൽ സമ്പന്നരാജ്യമായതായി ഒപ്പം യു.എസിനെ അറിയിക്കുകകൂടി ചെയ്യുന്നു. ഇറാന്റെ എണ്ണക്കയറ്റുമതിക്ക് ഉപരോധമേർപ്പെടുത്തിയിട്ടും രാജ്യത്തെ തൊഴിലാളികളും എൻജിനിയർമാരും പുതിയ എണ്ണശേഖരം കണ്ടെത്തിയെന്ന് വൈറ്റ് ഹൗസിനോട് വീണ്ടും പറയാനാഗ്രഹിക്കുന്നു. ഇതോടെ എണ്ണയിൽനിന്നുള്ള ഇറാന്റെ വരുമാനത്തിൽ 3,200 കോടി ഡോളറിന്റെ (22.84 ലക്ഷം കോടി) വർധനയുണ്ടാകും. എണ്ണ കുഴിച്ചെടുക്കാൻ ചെലവാകുക ഈ തുകയുടെ ഒരു ശതമാനം മാത്രമായിരിക്കും” -ഔദ്യോഗിക ടെലിവിഷനിൽ നടത്തിയ പ്രസ്താവനയിൽ റൂഹാനി പറഞ്ഞു. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ എണ്ണശേഖരമുള്ള നാലാം രാജ്യമാണ് ഇറാൻ. പുതിയ കണ്ടെത്തലോടെ മൂന്നാംസ്ഥാനത്തേക്കുയരും. ഇറാന്റെ വാദം ശരിയാണെങ്കിൽ രാജ്യത്തെ രണ്ടാം വലിയ എണ്ണപ്പാടമായിരിക്കും ഇപ്പോൾ കണ്ടെത്തിയത്. 6500 കോടി ബാരൽ ക്രൂഡ് ഓയിൽ ശേഖരമുള്ള അവാസാണ് ഇറാൻറെ ഏറ്റവും വലിയ എണ്ണപ്പാടം. 2015-ലെ ആണവക്കരാറിൽനിന്ന് പിന്മാറിയതിനുപിന്നാലെ യു.എസ്. ഇറാനും അവരിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നവർക്കുമെതിരേ ഉപരോധമേർപ്പെടുത്തിയിരുന്നു. ഇത് എണ്ണക്കയറ്റുമതി പ്രധാന വരുമാനമാർഗമായ ഇറാന്റെ സാമ്പത്തികരംഗത്തിന് വൻ ആഘാതമേൽപ്പിച്ചിരുന്നു. Content Highlights:Iran announce that they have found a new oil field
from mathrubhumi.latestnews.rssfeed https://ift.tt/34P2My0
via
IFTTT