Breaking

Saturday, November 2, 2019

‘ഭാഗ്യവാ’നും പോലീസിനും പൊല്ലാപ്പായി മൺസൂൺ ബമ്പർ

കണ്ണൂർ: മൺസൂൺപോലെ നീണ്ട് മൺസൂൺ ബമ്പർ ലോട്ടറി ടിക്കറ്റ് വിവാദവും. ജൂലായ് 18-ന് നറുക്കെടുത്ത കേരളസംസ്ഥാന ഭാഗ്യക്കുറിയുടെ മൺസൂൺ ബമ്പറാണ് ‘ഭാഗ്യവാ’നും പോലീസിനും പൊല്ലാപ്പായത്. നറുക്കുവന്ന ടിക്കറ്റ് ബാങ്കിൽ നൽകിയ പറശ്ശിനിക്കടവിലെ പി.എം.അജിതന് സമ്മാനത്തുക അംഗീകരിച്ചുവന്നിട്ടും കൈപ്പറ്റാനാകുന്നില്ലെന്നുമാത്രമല്ല നാട്ടിൽ നിൽക്കാനാവാത്ത സ്ഥിതിയുമാണ്. അറസ്റ്റുചെയ്തേക്കുമെന്ന ആശങ്കയിൽ മുൻകൂർജാമ്യത്തിനപേക്ഷിച്ച് മാറിനിൽക്കുകയാണ് അജിതൻ. ലോട്ടറിവകുപ്പിൽനിന്ന് ടിക്കറ്റ് വാങ്ങി ഫൊറൻസിക് പരിശോധനയ്ക്കയക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേസന്വേഷിക്കുന്ന ഇൻസ്പെക്ടർ സത്യനാഥൻ തിരുവനന്തപുരത്തേക്ക് പോകും. മൺസൂൺ ബമ്പറിന്റെ ഒന്നാംസമ്മാനമായ അഞ്ചുകോടിരൂപയ്ക്കർഹമായ ടിക്കറ്റ് ജൂലായ് 22-നാണ് അജിതൻ പുതിയതെരുവിലെ കനറാ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചത്. 23-ന് ടിക്കറ്റ് തിരുവനന്തപുരത്തെ സംസ്ഥാന ഭാഗ്യക്കുറി ഓഫീസിലെത്തി. പരിശോധനകൾക്കുശേഷം സമ്മാനത്തുക അജിതന്റെ പേരിൽ നൽകാൻ ബാങ്കിലേക്കയച്ചു. ഇതിനിടെ, തത്‌കാലം അജിതന്റെ അക്കൗണ്ടിലേക്ക് തുക മാറ്റരുതെന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ.രത്നകുമാർ രേഖാമൂലം ആവശ്യപ്പെട്ടു. തന്റെ പക്കൽനിന്ന് നഷ്ടപ്പെട്ട ടിക്കറ്റാണ് അജിതൻ ബാങ്കിൽ നൽകിയതെന്നവകാശപ്പെട്ട് കോഴിക്കോട് പുതിയങ്ങാടിക്കടുത്ത് കക്കഷ്ണപറമ്പിലെ ടാക്സി ഡ്രൈവർ മുനിയൻ നൽകിയ പരാതിയാണ് ഡിവൈ.എസ്.പി.യുടെ നടപടിക്കാധാരം. മുനിയൻ ജൂൺ 16-ന് പറശ്ശിനിക്കടവിൽനിന്നെടുത്ത ടിക്കറ്റ് ജൂൺ 29-ന് വീണ്ടും അവിടെയെത്തിയപ്പോൾ നഷ്ടപ്പെട്ടുവെന്നാണ് പരാതി. പാന്റ്‌സിന്റെ പോക്കറ്റിൽ സൂക്ഷിച്ച പേഴ്‌സിലായിരുന്നു ടിക്കറ്റെന്നും പേഴ്‌സ് പോക്കറ്റടിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്‌. പേഴ്‌സ് വീണുപോയതാകാമെന്ന്‌ കരുതിയെന്നും അതിനാലാണ് പോലീസിലോ ക്ഷേത്രം ഓഫീസിലോ പരാതി നൽകാതിരുന്നതെന്നും പിന്നീട് പോലീസിന്റെ ചോദ്യംചെയ്യലിൽ മുനിയൻ പറഞ്ഞു. ടിക്കറ്റിന്റെ പിന്നിൽ പേരും ഫോൺ നമ്പറും എഴുതിയിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കി. ജൂൺ 16-നും 29-നും മുനിയൻ പറശ്ശിനിമടപ്പുരയിലെത്തിയെന്നത് ശരിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ടിക്കറ്റിന്റെ നമ്പർ വീട്ടിലെ കലണ്ടറിൽ എഴുതിവെച്ചെന്നും ജൂലായ് 24-നാണ് ഈ നമ്പറുള്ള ടിക്കറ്റിനാണ് ബമ്പറടിച്ചതെന്ന് മനസ്സിലായതെന്നും മുനിയൻ പോലീസിനോട് പറഞ്ഞു. മുനിയന്റെ പരാതിയിൽ തളിപ്പറമ്പ് ഇൻസ്പെക്ടർ കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ടിക്കറ്റിന്റെ പിന്നിൽ അജിതൻ പേരെഴുതി ഒപ്പിട്ടിട്ടുണ്ടെന്ന് മനസ്സിലായി. പറശ്ശിനിക്കടവ് ക്ഷേത്രപരിസരത്തുനിന്നെടുത്തതാണ് ടിക്കറ്റെന്ന് അജിതനും പോലീസിന് മൊഴിനൽകി. ലോട്ടറിവകുപ്പിൽനിന്ന് ടിക്കറ്റിന്റെ പകർപ്പാണ് പോലീസിന് ലഭിച്ചത്. യഥാർഥ ടിക്കറ്റിൻറെ ഫൊറൻസിക് പരിശോധന നടത്തിയാലേ മുനിയന്റെ അവകാശവാദത്തിൽ കഴമ്പുണ്ടോയെന്ന് വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ ക്ലാർക്കായ പി.എം.അജിതൻ ക്ഷേത്രപരിസരത്തുനിന്ന് പതിവായി ലോട്ടറി ടിക്കറ്റെടുക്കുന്നയാളാണ്. ഏതാനുംവർഷംമുൻപ്‌ 40 ലക്ഷം രൂപയും 50 പവനും സമ്മാനം ലഭിച്ചു. മൺസൂൺ ബമ്പറിന്റെ 200-ഓളം ടിക്കറ്റ് വിറ്റെന്നും പതിവുപോലെ അജിതനും ടിക്കറ്റ് വാങ്ങിയെന്നും സമ്മാനാർഹമായ ടിക്കറ്റ് വിറ്റ ഏജന്റ് പോലീസിന് മൊഴിനൽകി.


from mathrubhumi.latestnews.rssfeed https://ift.tt/335Xr4Y
via IFTTT