ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ ഗുണ്ടൂർ ജില്ലയിലെ വീടിന് ജനലും വാതിലും വെക്കാൻ സർക്കാർ ഫണ്ടിൽനിന്ന് 73 ലക്ഷം രൂപ വകയിരുത്തിയത് വിവാദത്തിൽ. വീടിന് ചെലവേറിയ അതിസുരക്ഷാ സജ്ജീകരണങ്ങളൊരുക്കാൻ കഴിഞ്ഞമാസമാണ് സർക്കാർ അനുമതി നൽകിയത്. മുഖ്യമന്ത്രിയുടെ വീടിനും ഓഫീസ് ബ്ലോക്കിനുമായി ഇത്രയുമധികം തുക അനുവദിച്ചതിനെ തെലുഗുദേശം പാർട്ടി (ടി.ഡി.പി.) നേതാവും റെഡ്ഡിയുടെ വിമർശകനുമായ എൻ. ചന്ദ്രബാബു നായിഡു ചോദ്യംചെയ്തു. അഞ്ചുമാസത്തെ ദുർഭരണം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി താറുമാറാക്കിയിരിക്കുന്ന അവസരത്തിലാണ് ഈ ചെലവെന്ന് അദ്ദേഹം പറഞ്ഞു. ഒരുരൂപമാത്രം ശമ്പളമായി സ്വീകരിക്കാനുള്ള റെഡ്ഡിയുടെ തീരുമാനം ചൂണ്ടിക്കാട്ടി, മുഖ്യമന്ത്രിയിപ്പോൾ കാണിക്കുന്നത് കാപട്യമാണെന്ന് നായിഡുവിന്റെ മകനും ടി.ഡി.പി. നേതാവുമായ നാരാ ലോകേഷും ആരോപിച്ചു. ജഗൻ മേയിൽ അധികാരമേറിയതിനുപിന്നാലെ, ഗുണ്ടൂരിലെ താഡെപ്പള്ളി ഗ്രാമത്തിലെ വീട്ടിലേക്ക് അഞ്ചുകോടി രൂപ ചെലവിട്ട് റോഡുണ്ടാക്കിയിരുന്നു. വീട്ടിലെ വൈദ്യുത അറ്റകുറ്റപ്പണിക്കായി 3.6 കോടി രൂപയും വീടിനടുത്ത് ഹെലിപ്പാഡുണ്ടാക്കാൻ 1.89 കോടി രൂപയും ചെലവിട്ടു. പൊതുയോഗത്തിനുള്ള 'പ്രജാദർബാർ' നിർമിക്കാൻ 82 ലക്ഷം വകയിരുത്തി. എട്ടുകോടി രൂപ മുടക്കി ചന്ദ്രബാബു നായിഡു സർക്കാരുണ്ടാക്കിയ കോൺഫറൻസ് ഹാൾ 'അനധികൃത'മെന്നുകാട്ടി പൊളിച്ചതിനുപിന്നാലെയായിരുന്നു ഇത്. സർക്കാർപദ്ധതികൾക്ക് അച്ഛൻ വൈ.എസ്. രാജശേഖരറെഡ്ഡിയുടെ പേരുനൽകിയതിനും ഗ്രാമസെക്രട്ടേറിയറ്റ് കെട്ടിടത്തിന് വൈ.എസ്.ആർ. പാർട്ടിയുടെ നിറം പൂശിയതിനും ജഗൻ വിമർശനം നേരിട്ടുവരുകയാണ്. Content highlights:Jagan Mohan Reddy Andhra Pradesh
from mathrubhumi.latestnews.rssfeed https://ift.tt/2PYkjzI
via
IFTTT