Breaking

Friday, November 8, 2019

സൂര്യനെ സ്വർണവലയമായി കാണാം; ഡിസംബർ 26-ന്

കോട്ടയ്ക്കൽ: എട്ടുവർഷത്തിനുശേഷം പിന്നെയുമൊരു വലയസൂര്യഗ്രഹണം വരുന്നു. ഡിസംബർ 26-ന് കേരളത്തിൽ മാത്രമാവും ഇത് ദൃശ്യമാവുക. സൂര്യൻ ഭംഗിയേറിയ സ്വർണവലയംപോലെ പ്രത്യക്ഷമാകുന്നതാണ് വലയഗ്രഹണം. ചന്ദ്രൻ ഭൂമിയെ ചുറ്റുമ്പോൾ താരതമ്യേന ദൂരെയുള്ള സ്ഥാനത്തായിരിക്കുമ്പോഴാണ് വലയഗ്രഹണം സംഭവിക്കുക. ഇത്തവണ വലയസൂര്യനെ നന്നായി കാണാവുന്നത് കല്പറ്റയിലാണെന്ന് ജ്യോതിശ്ശാസ്ത്രവിദഗ്ധൻ പ്രൊഫ.കെ. പാപ്പുട്ടി പറഞ്ഞു. എന്നാൽ അവിടെ കോടമഞ്ഞുള്ള സമയമായതിനാൽ ദൃശ്യം എത്രമാത്രം വ്യക്തമാവും എന്ന് പറയാനാവില്ല. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം തുടങ്ങിയ വടക്കൻജില്ലകളിലാണ് സംസ്ഥാനത്ത് വലയം കൂടുതൽ ദൃശ്യമാവുക. രാവിലെ 8.05-മുതൽ 11.15 വരെയാണ് ഗ്രഹണം. 9.30 ആണ് ഗ്രഹണം ഏറിയ സമയം. കണ്ണുകൊണ്ട് നേരിട്ട് വലയം നോക്കുന്നത് സുരക്ഷിതമല്ല. എക്ലിപ്സ് വ്യൂവേഴ്സ് കണ്ണട ഉപയോഗിക്കാം. ദൂരദർശിനി വഴി ഫിൽട്ടർ ഉപയോഗിച്ചോ സ്ക്രീനിലേക്ക് പതിപ്പിച്ചോ കാണാം. ശാസ്ത്രാധ്യാപകരുടെ കൂട്ടായ്മയായ ലേണിങ് ടീച്ചേഴ്സ് വലയസൂര്യഗ്രഹണത്തെക്കുറിച്ചുള്ള സംശയനിവാരണത്തിനും ഗ്രഹണം കാണാനുമുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്ന് കൺവീനർ കെ.പി. മനോജ് പറഞ്ഞു. താത്പര്യമുള്ളവർക്ക് 9446352439 എന്ന നമ്പറിൽ ബന്ധപ്പെടാം. 2011-ലാണ് ഇതിനുമുമ്പ് പൂർണവലയഗ്രഹണമുണ്ടായത്. അന്ന് കോവളത്താണ് പൂർണവലയം കണ്ടത്. അടുത്തത് 2031-ൽ തെക്കൻകേരളത്തിലാണ് ദൃശ്യമാവുക. content highlights:sun-eclipse


from mathrubhumi.latestnews.rssfeed https://ift.tt/2K27Ird
via IFTTT