Breaking

Sunday, November 10, 2019

വാഹനങ്ങള്‍ക്ക് ഇ-ചാര്‍ജിങ്ങുമായി വൈദ്യുതി ബോര്‍ഡ്; 100 രൂപയ്ക്ക് ഫുള്‍ ചാര്‍ജ് ചെയ്യാം

വൈദ്യുത വാഹനങ്ങൾക്കായി സംസ്ഥാനത്ത് 70 ഇ-ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ വൈദ്യുതി ബോർഡ്. ആദ്യഘട്ടത്തിൽ ബോർഡ് സ്വന്തമായി ആറു സ്റ്റേഷനുകൾ സ്ഥാപിക്കും. നടത്തിപ്പും ബോർഡിനായിരിക്കും. രണ്ടാംഘട്ടത്തിൽ 64 ചാർജിങ് സ്റ്റേഷനുകൾ സ്വകാര്യ ഏജൻസികളുമായി സഹകരിച്ച് നടപ്പാക്കും. ദേശീയ-സംസ്ഥാന പാതയോരത്തുള്ള കെ.എസ്.ഇ.ബി.യുടെ സബ്ബ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരിക്കും ഇവ. ഇതിന് താത്പര്യപത്രം ക്ഷണിച്ചതിൽ 17 കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന വൈദ്യുത വാഹനനയപ്രകാരം വൈദ്യുതിബോർഡാണ് നോഡൽ ഏജൻസി. ചാർജിങ് സ്റ്റേഷനുകൾ തുടങ്ങാൻ കെ.എസ്.ഇ.ബിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇലക്ട്രിക്കൽ സെക്ഷൻ, നേമം (തിരുവനന്തപുരം), ഇലക്ട്രിക്കൽ സെക്ഷൻ ഓലൈ (കൊല്ലം), 110 കെ.വി. സബ് സ്റ്റേഷൻ, കലൂർ (എറണാകുളം), 110 കെ.വി. സബ് സ്റ്റേഷൻ വിയ്യൂർ (തൃശ്ശൂർ), 220 കെ.വി. സബ് സ്റ്റേഷൻ നല്ലളം (കോഴിക്കോട്), 110 കെ.വി. സബ് സ്റ്റേഷൻ ചൊവ്വ (കണ്ണൂർ) എന്നിവിടങ്ങളിലാണ് സ്ഥാപിക്കുക. ഇവയ്ക്കായി 1.68 കോടി രൂപയാണ് ചെലവ്. സ്വകാര്യ ഏജൻസികളുമായി സഹകരിച്ച് തുടങ്ങുന്ന ചാർജിങ് സ്റ്റേഷനുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. കേന്ദ്രസഹായത്തോടെയാണ് പദ്ധതി. അമ്പത് ശതമാനമോ അതിൽകൂടുതലോ സഹായം കേന്ദ്രത്തിൽ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. ഒരുലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിൽ വൈദ്യുത വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കേന്ദ്ര നിർദേശം. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളാണ് ഉൾപ്പെട്ടിട്ടുള്ളത്. യൂണിറ്റിന് അഞ്ചു രൂപ വാഹനം ചാർജ് ചെയ്യുന്നതിന് യൂണിറ്റിന് അഞ്ചുരൂപ ഈടാക്കാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതി. കൺസ്യൂമർ നമ്പർ നൽകി ഗാർഹിക ഉപയോഗത്തിനുള്ള വൈദ്യുതി ബില്ലിൽ ചേർക്കുന്ന കാര്യവും ആലോചനയിലുണ്ട്. പക്ഷേ, വൈദ്യുതി ബിൽ വർധിക്കും. 20 കിലോവാട്ടിന്റെ ബാറ്ററി ഒരു മണിക്കൂർ ചാർജ് ചെയ്യാൻ 20 യൂണിറ്റ് ആകും. യൂണിറ്റിന് അഞ്ചുരൂപ കണക്കാക്കുമ്പോൾ ഒരു സാധാരണ കാറിന്റെ ബാറ്ററി മുഴുവൻ ചാർജ് ചെയ്യാൻ 100 രൂപയാകും. ഒരു രൂപയ്ക്ക് ഒന്നരക്കിലോമീറ്റർ ഒരു രൂപയ്ക്ക് ചാർജ് ചെയ്താൽ ഒന്നരക്കിലോമീറ്റർ വാഹനം ഓടിക്കാനാകും. ഇപ്പോൾ നിരത്തിലുള്ള വൈദ്യുതക്കാറിന്റെ ബാറ്ററി ശേഷി 14 കിലോവാട്ട് അവർ ആണ്. ഒരു തവണ ഫുൾചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ ഓടിക്കാം. അടുത്ത തലമുറ വൈദ്യുത കാറുകൾക്ക് ഇത് മുന്നൂറ്് കിലോമീറ്റർ വരെ ലഭിക്കുമെന്നാണ് കരുതുന്നത്. Content Highlights:Electricity Board Planning To Make Vehicle Charging Unit


from mathrubhumi.latestnews.rssfeed https://ift.tt/2K6ifBA
via IFTTT