Breaking

Saturday, October 23, 2021

പെയ്തത് പ്രതീക്ഷയെ മറികടന്ന മഴ; തുലാവർഷത്തില്‍ ആകെ ലഭിക്കേണ്ട മഴ പെയ്തുകഴിഞ്ഞു

സീതത്തോട് (പത്തനംതിട്ട) : ഒക്ടോബർ പകുതി പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്ത് പെയ്തിറങ്ങിയത് പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ മഴ. പല ജില്ലകളിലും ഇക്കൊല്ലം തുലാവർഷക്കാലത്ത് പൂർണമായി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മഴ ഇതിനകം പെയ്തുകഴിഞ്ഞു. ഒക്ടോബർ 17 വരെ സംസ്ഥാനത്താകെ 412.2 മില്ലിമീറ്റർ മഴ ലഭിച്ചു. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള തുലാവർഷക്കാലത്ത് ലഭിക്കേണ്ട മഴയുടെ 84 ശതമാനമാണിത്. പ്രതീക്ഷിച്ചിരുന്നത് 492 മില്ലിമീറ്റർ മഴയാണ്. കാസർകോട് ജില്ലയിൽ 344 മില്ലിമീറ്റർ പ്രതീക്ഷിച്ചിടത്ത് ഒക്ടോബർ 13-ന് മുമ്പായി 406 മില്ലീമീറ്റർ പെയ്തു. കണ്ണൂർ ജില്ലയിൽ തുലാവർഷക്കാലത്ത് 376 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഒക്ടോബർ 18-ന് മുമ്പായി 441 മില്ലിമീറ്റർ മഴ ലഭിച്ചു. കോഴിക്കോട് ജില്ലയിൽ 515 മില്ലീമീറ്റർ മഴയാണ് കിട്ടിയത്. ഇവിടെ പ്രതീക്ഷിച്ചിരുന്നത് 450 മില്ലിമീറ്ററായിരുന്നു. വരുംദിവസങ്ങളിൽ വീണ്ടും പെയ്യാനിടയുള്ളതിനാൽ തെക്കൻ കേരളത്തിലും മഴയുടെ അളവ് 100 ശതമാനത്തിലധികമാകുമെന്നാണ് വിലയിരുത്തൽ. പത്തനംതിട്ട ജില്ലയിൽ ഈ സീസണിൽ ലഭിക്കേണ്ട മഴയുടെ 97 ശതമാനം പെയ്തുകഴിഞ്ഞു. ജില്ലയിലെ ജലവൈദ്യുതി പദ്ധതി പ്രദേശങ്ങളിലെല്ലാം നീരൊഴുക്കിലും മഴയുടെ അളവിലും സർവകാല റെക്കോഡാണ്. കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും 90 ശതമാനവും മലപ്പുറം ജില്ലയിൽ 86 ശതമാനവും ഇതിനകം പെയ്തുകഴിഞ്ഞു. വൈദ്യുതി പദ്ധതികളിലെല്ലാം പ്രതിദിന ഉത്പാദനത്തിനാവശ്യമായതിന്റെ ഇരട്ടി മുതൽ നാലിരട്ടിവരെയാണ് പലയിടത്തും ഒഴുകിയെത്തിയത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ലഭിച്ച മഴയുടെ ശക്തമായ സാന്നിധ്യമാണ് ഇത് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ പ്രധാന സംഭരണികളിൽ വെള്ളം സംഭരിക്കപ്പെടുന്നത് തുലാവർഷക്കാലത്താണെങ്കിലും ഇക്കൊല്ലം എല്ലാ പദ്ധതിസംഭരണികളും കനത്തമഴയെ തുടർന്ന് തുറന്നുവിടേണ്ട സ്ഥിതിയിലെത്തി. content highlights:kerala gets heavy rain


from mathrubhumi.latestnews.rssfeed https://ift.tt/3C2RhE5
via IFTTT