Breaking

Sunday, October 24, 2021

തടിലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞു; ഞെരിഞ്ഞമർന്ന് ഡ്രൈവർ മരിച്ചു

പത്തനംതിട്ട: തടികയറ്റിവന്ന ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മേക്കൊഴൂരിൽ ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവർ ഉതിമൂട് മാമ്പാറവീട്ടിൽ ഷൈജു കമലാസനൻ (40) ആണ് മരിച്ചത്. ഉതിമൂട് കോഴിക്കോട്ടിൽ വീട്ടിൽ രാജേഷ്(40), കുമ്പഴ തറയിൽ വീട്ടിൽ ജയൻ(41) എന്നിവർക്കാണ് പരിക്കേറ്റത്. ലോറിക്കടിയിൽപ്പെട്ടവരെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. മേക്കൊഴൂരിൽനിന്ന് തടികയറ്റിവന്ന ലോറി പുതുവേലിപ്പടി ഇറക്കത്തിൽ എതിരേ ഓട്ടോറിക്ഷ വരുന്നതുകണ്ട് ബ്രേക്ക് ചെയ്തെങ്കിലും നിയന്ത്രണംവിട്ടു. തുടർന്ന് ഒാട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ലോറിക്കും സമീപത്തെ മതിലിനും ഇടയിൽ ഓട്ടോറിക്ഷ അമർന്നുപോയി. മുകളിലേക്ക് തടിയും വീണു. ഒാടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരേയും പുറത്തെടുക്കാനാകുമായിരുന്നില്ല. തടിയുടെ കെട്ട് അയഞ്ഞുപോയതിനാൽ അഗ്നിരക്ഷാസേനയെത്തിയിട്ടും തുടർപ്രവർത്തനങ്ങൾ ദുഷ്കരമായി. പത്തനംതിട്ടയിൽനിന്ന് രണ്ട് ക്രെയിനുകൾ എത്തിച്ച് ലോറി ഉയർത്തിനിർത്തി അഗ്നിരക്ഷാസേനയുടെ കട്ടർ ഉപയോഗിച്ച് ഓട്ടോ വെട്ടിപ്പൊളിച്ചാണ് മൂന്നുപേരെയും പുറത്തെടുത്തത്. പിൻസീറ്റിലിരുന്ന രാജേഷിനെയും ജയനെയുമാണ് ആദ്യം രക്ഷിച്ചത്. തടിക്കടിയിൽപ്പെട്ട് ഞെരിഞ്ഞുപോയ ഷൈജു കമലാസനനെ ഒടുവിലാണ് പുറത്തെടുക്കാനായത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വെളിച്ചമില്ലാത്തതും കനത്ത മഴപെയ്തതും രക്ഷാപ്രവർത്തനം വൈകാൻ കാരണമായി. content highlights:driver dies as lorry carrying wood fell over his auto rikshaw


from mathrubhumi.latestnews.rssfeed https://ift.tt/3vCTl3f
via IFTTT