Breaking

Saturday, October 23, 2021

കാത്തിരിക്കുന്നു യഥാർത്ഥ ‘അമ്മത്തൊട്ടിൽ’; അനുപമ ആവശ്യപ്പെടുന്നു, ‘തരികെന്റെ കുഞ്ഞിനെ...’

തിരുവനന്തപുരം: ''കഴിഞ്ഞ ചൊവ്വാഴ്ച അവന്റെ ഒന്നാം പിറന്നാളായിരുന്നു. പേരൂർക്കട പോലീസ് കേസെടുത്തതും അതേ ദിവസം...''-മുലപ്പാലിന്റെ സ്ഥാനത്ത്കണ്ണുനീർ ചൊരിയേണ്ടിവന്ന ഒരമ്മയുടെ നോവ് ഈ വാക്കുകളിലുണ്ട്. മുട്ടിയ വാതിലുകളൊക്കെയും ഒന്നൊന്നായ് അടഞ്ഞിട്ടും 'പൂതപ്പാട്ടി'ലെ അമ്മയെപ്പോലെ 'തരികെന്റെ കുഞ്ഞിനെ'യെന്ന ഒറ്റവാക്കുമായി എല്ലാം നേരിടുകയാണ് ഈ അമ്മയും. ബന്ധുക്കൾ എടുത്തുമാറ്റിയ കുഞ്ഞിനെ തിരികെക്കിട്ടാൻ അനുപമ കണ്ണീരൊഴുക്കി നടക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായി. ഇതിനിടെയുണ്ടായ ദുരിതപർവങ്ങളൊക്കെ അനുപമ നേരിട്ടത് മാതൃത്വം എന്ന കരുത്തുകൊണ്ടു മാത്രം. കഴിഞ്ഞ വർഷം ഒക്ടോബർ 19-ന് സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിനു ജന്മംനൽകും മുൻപുതന്നെ അനുപമ സഹനം തുടങ്ങിയിരുന്നു. ഗർഭാവസ്ഥയിൽത്തന്നെ കുഞ്ഞിനെ നശിപ്പിക്കാൻ ശ്രമമുണ്ടായി. അതിനെതിരേ ഉറച്ചുനിന്നതോടെയാണ് കുഞ്ഞിനെ ജീവനോടെ ലഭിച്ചത്. പ്രസവത്തിനു മുൻപുതന്നെ കുഞ്ഞിനെ ശിശുക്ഷേമസമിതിക്കു നൽകാനുള്ള സമ്മതപത്രം വീട്ടുകാർ ഒപ്പിട്ടുവാങ്ങിയത് ഭീഷണിയുടെ മുൾമുനയിൽ നിർത്തിയായിരുന്നു. ഒപ്പിട്ടില്ലെങ്കിൽ വയറ്റിൽ ചവിട്ടുമെന്നും കുഞ്ഞിനെ നശിപ്പിക്കുമെന്നും അച്ഛൻ ഭീഷണിപ്പെടുത്തിയതായി അനുപമ പറഞ്ഞു. അങ്ങനെയാണ് വായിച്ചുപോലും നോക്കാതെ പേപ്പറിൽ ഒപ്പിട്ടത്. 'കുഞ്ഞിനെ നോക്കാൻ എനിക്കു പ്രാപ്തിയില്ലാത്തതിനാൽ ശിശുക്ഷേമസമിതിയിൽ ഏല്പിക്കാൻ സമ്മതമാണ്. ഒരിക്കലും തിരികെച്ചോദിക്കില്ല' -ഇങ്ങനെ എഴുതിയ സമ്മതപത്രം അനുപമ വായിച്ചുനോക്കുന്നത് അല്പനാൾ മുൻപ് അസിസ്റ്റന്റ് പോലീസ് കമ്മിഷണറുടെ ഓഫീസിൽവച്ചാണ്. പ്രസവത്തിനു ശേഷം ആരെയും ഫോൺവഴി പോലും ബന്ധപ്പെടാനാകാത്ത തടങ്കൽക്കാലമായിരുന്നു. ജഗതിയിലെ ഒരു വീട്ടിൽ അടച്ചിടുകയായിരുന്നു. മൂന്നു ദിവസം മാത്രമാണ് കുഞ്ഞ് അടുത്തുണ്ടായിരുന്നത്. എടുത്തുമാറ്റുമ്പോൾപ്പോലും കുഞ്ഞിനു പാലുകൊടുക്കാൻ അനുവദിച്ചില്ല. പ്രസവത്തിനു മുൻപുതന്നെ അഭിഭാഷകരുടെ ഇടപെടലുമുണ്ടായി. ശിശുക്ഷേമസമിതിയുടെ രേഖ ഒപ്പിട്ടുവാങ്ങിയ അഭിഭാഷകന്റെ ഭാഗത്തുനിന്നും കടുത്ത സമ്മർദ്ദമായിരുന്നു. കുഞ്ഞിന്റെ അച്ഛൻ അജിത്ത് ഈ ബന്ധത്തിൽനിന്നു പിൻവാങ്ങുകയാണെന്നറിയിച്ചതായി മറ്റൊരു അഭിഭാഷക അനുപമയെ ധരിപ്പിച്ചു. തിരികെ അജിത്തിനോടും ഇക്കാര്യംതന്നെ പറഞ്ഞു. മൂന്നു ദിവസം മാത്രമാണ് കുഞ്ഞ് അമ്മയ്ക്കൊപ്പമുണ്ടായിരുന്നത്. കുഞ്ഞ് മറ്റൊരു ബന്ധുവീട്ടിലുണ്ടെന്നും സഹോദരിയുടെ വിവാഹം കഴിഞ്ഞാലുടൻ തിരികെയെത്തിക്കാമെന്നുമായിരുന്നു വീട്ടുകാരുടെ ഉറപ്പ്. ഈ ഉറപ്പിലാണ് തുടർന്നുള്ള കാലം അതിജീവിച്ചത്. താൻ വഞ്ചിക്കപ്പെട്ടുവെന്നു തിരിച്ചറിയുമ്പോഴേക്കും കുഞ്ഞ് കാണാമറയത്തായി. അജിത്ത് തന്റെ ആദ്യ വിവാഹബന്ധം വേർപെടുത്തുകയും ഇവർ ഒരുമിച്ചു താമസിക്കാൻ തീരുമാനിക്കുകയും ചെയ്തതോടെ കുഞ്ഞിനെ തേടിയിറങ്ങി. പാർട്ടികുടുംബമായതിനാൽ പാർട്ടി നേതാക്കളെയാണ് ആദ്യം സമീപിച്ചത്. പക്ഷേ, പ്രതികരണം കടുത്ത നീതിനിഷേധത്തിന്റേതായിരുന്നു. പി.ബി. അംഗം വൃന്ദാ കാരാട്ട് മാത്രമാണ് അനുഭാവപൂർവം ഇടപെട്ടത്. പക്ഷേ, തനിക്കു പരിമിതിയുെണ്ടന്നറിയിച്ച് വൃന്ദാ കാരാട്ടും പിൻവാങ്ങിയതായി അനുപമ പറയുന്നു. ഇതിനിടെ, എസ്.എഫ്.ഐ. ജില്ലാ നേതാവ് കൂടിയായിരുന്ന അനുപമയെയും ഡി.വൈ.എഫ്.ഐ. പ്രാദേശികനേതാവായ അജിത്തിനെയും സംഘടനയിൽനിന്നു പുറത്താക്കുകയും ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/3jtd1St
via IFTTT