Breaking

Saturday, October 23, 2021

''ഞാനാണോ അമ്മേ... ആ കൺമണി''

തിരുവനന്തപുരം: കണ്ണുകൾ ചിമ്മിത്തുറന്ന് ലോകത്തെ നോക്കുന്നൊരു പിഞ്ചുകുഞ്ഞിന്റെ ചിത്രമുള്ള ഈ പരസ്യം 'മാതൃഭൂമി'യിൽ അച്ചടിച്ചിട്ട് കൃത്യം ഒരു വർഷമാകുന്നു വെള്ളിയാഴ്ച. അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ദത്തുനൽകുന്നതിനു മുന്നോടിയായി ശിശുക്ഷേമസമിതി നൽകിയ പത്രപ്പരസ്യമായിരുന്നു അത്. ബന്ധുക്കൾ എടുത്തുമാറ്റി ശിശുക്ഷേമസമിതിയിലെത്തിച്ച അനുപമയുടെ കുഞ്ഞാണോ ഇതെന്ന സംശയത്തിലേക്കാണ് തീയതിയും സമയവുമൊക്കെ വിരൽചൂണ്ടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 22-ന് രാത്രി 12.30-നു ലഭിച്ച ആൺകുട്ടി എന്നാണ് പരസ്യത്തിൽ കാണിച്ചിട്ടുള്ളത്. 'സിദ്ധാർത്ഥൻ' എന്നു പേരും സമിതി നൽകിയിട്ടുണ്ട്. അനുപമ കുഞ്ഞിനെ പ്രസവിച്ചത് ഒക്ടോബർ 19-നായിരുന്നു. മൂന്നാം ദിവസം രാത്രി തന്റെ കുഞ്ഞിനെ എടുത്തുമാറ്റിയതായാണ് അനുപമയുടെ പരാതി. ഇതേദിവസംതന്നെ മറ്റൊരു കുഞ്ഞിനെയും ശിശുക്ഷേമസമിതിയിൽ ലഭിച്ചിരുന്നു. എന്നാൽ, പെലെ എന്നു പേരിട്ട ആ കുട്ടിയെ വൈകീട്ട് ആറിനു ലഭിച്ചെന്നാണ് സമിതിയിലെ രേഖ. കുഞ്ഞിന്റെ രക്ഷാകർതൃത്വവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ തെളിവുസഹിതം 30 ദിവസത്തിനകം ഹാജരാകണമെന്നാണ് പരസ്യത്തിൽ പറഞ്ഞിരിക്കുന്നത്. ഇല്ലെങ്കിൽ കുട്ടിക്ക് അവകാശികളാരുമില്ലെന്നു കണക്കാക്കുമെന്നും ദത്തുനൽകാൻ നടപടി സ്വീകരിക്കുമെന്നുമാണ് പരസ്യത്തിന്റെ ഉള്ളടക്കം. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ പേരിലാണ് പരസ്യം. പരസ്യം താൻ കാണാതിരിക്കാൻ വീട്ടുകാർ കരുതലെടുത്തിരുന്നുവെന്നാണ് അനുപമ പറയുന്നത്. content highlights:anupama child missing case


from mathrubhumi.latestnews.rssfeed https://ift.tt/3pu2dqI
via IFTTT