Breaking

Saturday, October 23, 2021

'സിഖ്, ജാട്ട്‌ സമുദായങ്ങളെ പാർട്ടിയിൽനിന്ന് അകറ്റരുത്'; ലഖിംപുർ ക്ഷീണമായെന്ന് ആർ.എസ്.എസ്.

Photo Courtesy:www.facebook.com/RSSOrg ന്യൂഡൽഹി : ഉത്തർപ്രദേശ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ സിഖ്, ജാട്ട് സമുദായങ്ങളെ ബി.ജെ.പി.യിൽനിന്ന് അകറ്റരുതെന്ന് ആർ.എസ്.എസ്. ലഖിംപുർഖേരി സംഭവം പാർട്ടിക്ക് ക്ഷീണമുണ്ടാക്കി. കർഷകസമരമുണ്ടാക്കുന്ന ആഘാതം മയപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നും കർഷകരോട് സംവദിക്കാൻ പുതിയ പരിപാടികൾ ആവിഷ്കരിക്കണമെന്നും ആർ.എസ്.എസ്. നേതൃത്വം ബി.ജെ.പി.യോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ നോയിഡയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ബി.ജെ.പി. നേതാക്കൾക്ക് ആർ.എസ്.എസ്. നേതൃത്വം അടിയന്തരനിർദേശങ്ങൾ നൽകിയത്. ഉത്തർപ്രദേശിലെ മന്ത്രിമാരും മുതിർന്ന ബി.ജെ.പി. നേതാക്കളും പങ്കെടുത്ത യോഗത്തിൽ ബി.ജെ.പി.-ആർ.എസ്.എസ്. ഏകോപനത്തിന്റെ ചുമതല വഹിക്കുന്ന ആർ.എസ്.എസ്. ജോയിന്റ് ജനറൽ സെക്രട്ടറി അരുൺ കുമാറാണ് ഈ നിർദേശങ്ങൾ കൈമാറിയത്. കർഷകസമരം നീണ്ടുപോകുന്നതിൽ നേരത്തേതന്നെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന ആർ.എസ്.എസ്., സമരത്തിന്റെ ആഘാതങ്ങൾ തണുപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജാട്ടുകളെയും സിഖുകളെയും കൂടുതൽ പ്രകോപിപ്പിക്കാതെ ഒപ്പം നിർത്തണം. സമരരംഗത്തുള്ള കർഷകരെ അനുനയിപ്പിക്കണം. കർഷകരുടെ പ്രതിഷേധം ഏറ്റവും ശക്തമായ മേഖലയാണ് പടിഞ്ഞാറൻ ഉത്തർപ്രദേശ്. ഈ മേഖലയിൽനിന്നുള്ള എം.പി.മാരും എം.എൽ.എ.മാരും യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ, പടിഞ്ഞാറൻ യു.പി.യിലെ ജാട്ടുകാർ പൂർണമായും തങ്ങൾക്കെതിരേ വോട്ടുചെയ്യില്ലെന്ന വിലയിരുത്തലാണ് ഈ മേഖലയിലെ നേതാക്കൾ ആർ.എസ്.എസ്. നേതൃത്വത്തെ അറിയിച്ചത്. എന്നാൽ, ലഖിംപുർ ഖേരിയിൽ നാലുകർഷകർ കൊല്ലപ്പെട്ട സംഭവം സ്ഥിതിഗതികൾ വഷളാക്കിയതായി ആർ.എസ്.എസിനും ബി.ജെ.പിയി.ൽ ഒരു വിഭാഗത്തിനും അഭിപ്രായമുണ്ട്. കർഷകസമരംമൂലവും ചില നേതാക്കളുടെ പ്രസ്താവനകൾമൂലവും ആർ.എസ്.എസും ബി.ജെ.പി.യും സിഖ്-ജാട്ട് വിരുദ്ധമാണെന്ന തോന്നൽ പരക്കുന്നുണ്ട്. പ്രതിഷേധക്കാരെ ഖലിസ്താൻ ഭീകരവാദികളായി ചിത്രീകരിച്ച ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഉൾപ്പെടെയുള്ള നേതാക്കളുടെ നിലപാട് ശരിയായില്ലെന്ന് വാദിക്കുന്ന ഒരുവിഭാഗം ബി.ജെ.പി.യിൽ രംഗത്തുണ്ട്. ബി.ജെ.പി. നേതാക്കളായ വരുൺ ഗാന്ധി, മേഘാലയ ഗവർണർ സത്യപാൽ മാലിക് എന്നിവർ കർഷകസമരത്തെക്കുറിച്ച് നടത്തിയ വിമർശനങ്ങൾക്ക് ഇവർ പരോക്ഷപിന്തുണ നൽകുന്നുമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3pu29qY
via IFTTT