Breaking

Sunday, October 24, 2021

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം: 73 ശതമാനം കേസുകളിലും പ്രതികൾക്ക് ശിക്ഷ

പ്രതീകാത്മകചിത്രം| Photo: Mathrubhumi കണ്ണൂർ: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്സോ നിയമപ്രകാരം സംസ്ഥാനത്ത് രജിസ്റ്റർചെയ്യുന്ന കേസുകളിൽ മഹാഭൂരിഭാഗവും ശിക്ഷിക്കപ്പെടുന്നതായി ബാലാവകാശസംരക്ഷണ കമ്മിഷന്റെ 2019-20ലെ വാർഷിക റിപ്പോർട്ട്. 2019-ൽ 1406 കേസുകൾ വിചാരണ ചെയ്തപ്പോൾ 1093 കേസുകളും ശിക്ഷിക്കപ്പെട്ടു-73.89 ശതമാനം. 167 കേസുകൾ മാത്രമാണ് വെറുതെവിട്ടത്. മറ്റുവിധത്തിൽ തീർപ്പായത് 146 കേസുകളാണ്. രാജ്യത്ത് സാധാരണഗതിയിൽ ഇത്രയധികം കേസുകളിൽ ശിക്ഷ വരുന്നത് സി.ബി.ഐ. രജിസ്റ്റർചെയ്യുന്ന കേസുകളിലാണ്. കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 2019-ൽ അവർ രജിസ്റ്റർചെയ്ത കേസുകളിൽ 69.2 ശതമാനവും 2020-ൽ 69.8 ശതമാനവും ശിക്ഷിക്കപ്പെട്ടു. അതേസമയം, ഇതര കേസുകളിലെപ്പോലെ പോക്സോ കേസിലും വിചാരണ വൈകുന്നതായി ബാലാവകാശ കമ്മിഷൻ കുറ്റപ്പെടുത്തുന്നു. 2012-ൽ നിലവിൽ വന്ന ഈ നിയമപ്രകാരം ഇതുവരെ രജിസ്റ്റർചെയ്ത 8678 കേസുകളിൽ 7271 എണ്ണം തീർപ്പാകാതെ കിടക്കുന്നു -83.78 ശതമാനം. പോക്സോ നിയമത്തിലെ 29, 30 ഉപവകുപ്പുകളാണ് മിക്ക കേസുകളിലും ശിക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നതെന്ന് നിയമവിദഗ്ധർ പറയുന്നു. കുറ്റംചെയ്തില്ലെന്ന് സ്ഥാപിക്കേണ്ടത് 29-ാം വകുപ്പുപ്രകാരം പ്രതികളുടെ ബാധ്യതയാണ്. അതായത് പ്രതികളാക്കപ്പെട്ടവർ കുറ്റക്കാരാണെന്ന മുൻ ധാരണയിലാണ് വിചാരണ തുടങ്ങുന്നത്. മറ്റ് കേസുകളിൽ മറിച്ചാണ്. പ്രതികൾ നിരപരാധികളെന്ന മുൻ ധാരണയിലാണ് വിചാരണ നടക്കുക. മറിച്ച് തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ബാധ്യതയാണ്. 30-ാം വകുപ്പ് പ്രകാരം ഇര, അതായത് ലൈംഗിക പീഡനത്തിനിരയായ കുട്ടി കള്ളംപറയില്ലെന്ന മുൻ ധാരണയാണ്. ഇവിടെയും മറിച്ച് തെളിയിക്കേണ്ടത് പ്രതിയുടെ ബാധ്യതയാണ്. കുട്ടികൾക്കെതിരായ മറ്റ് അതിക്രമ കേസുകളിൽ പാതിമാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂവെന്നത് പോക്സോ നിയമത്തിന്റെ ശക്തി വെളിവാക്കുന്നു. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം കേരളത്തിൽ 2020-ൽ തീർപ്പാക്കിയ, കുട്ടികൾക്കെതിരായ 1364 അതിക്രമ കേസുകളിൽ 53.3 ശതമാനത്തിൽ മാത്രമേ ശിക്ഷയുണ്ടായുള്ളൂ (ഇതിൽ പോക്സോ കേസുകളും ഉൾപ്പെടുന്നുണ്ടോ എന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ വ്യക്തമാക്കിയിട്ടില്ല). ഇവിടെയും തീർപ്പാകാത്ത കേസുകൾ കുന്നുകൂടുകയാണ്. 17,829 കേസുകളിൽ 1364 എണ്ണം മാത്രമാണ് തീർപ്പാക്കിയത്. 2019-ൽ വിവിധ ജില്ലകളിൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസുകളുടെ വിവരങ്ങൾ ജില്ല തീർപ്പാക്കിയ കേസുകൾ ശിക്ഷിച്ചത് തിരുവനന്തപുരം 27 27 കൊല്ലം 183 142 പത്തനംതിട്ട 74 66 ആലപ്പുഴ 43 37 കോട്ടയം 74 47 ഇടുക്കി 33 19 എറണാകുളം 181 146 തൃശ്ശൂർ 32 12 പാലക്കാട് 153 122 മലപ്പുറം 121 107 കോഴിക്കോട് 222 174 വയനാട് 110 99 കണ്ണൂർ 76 48 കാസർകോട് 77 47 ആകെ 1406 1093 അവലംബം: ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് content highlights:sexual abuse against children: 75% of accused gets punishment


from mathrubhumi.latestnews.rssfeed https://ift.tt/3vC21Hf
via IFTTT