Breaking

Friday, April 2, 2021

മാർച്ചിൽ ജി.എസ്.ടി. വരുമാനം 1.24 ലക്ഷം കോടി

മുംബൈ: രാജ്യത്തെ ചരക്ക്-സേവന നികുതി (ജി.എസ്.ടി.) വരുമാനം മാർച്ചിൽ 1,23,902 കോടി രൂപയിലെത്തി. 2017 ജൂലായിൽ ജി.എസ്.ടി. നടപ്പാക്കിയശേഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയർന്ന വരുമാനമാണിത്. 2020 മാർച്ചിലെ വരുമാനമായ 97,590 കോടി രൂപയെ അപേക്ഷിച്ച് 27 ശതമാനം വർധനയാണിത്. കഴിഞ്ഞ ആറുമാസമായി ജി.എസ്.ടി. വരുമാനം ഒരുലക്ഷം കോടി രൂപയ്ക്കു മുകളിലാണ്. മാത്രമല്ല, ഓരോ മാസവും വരുമാനത്തിൽ വർധന രേഖപ്പെടുത്തുന്നതായും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. കോവിഡ് സൃഷ്ടിച്ച സാമ്പത്തികാഘാതത്തിൽനിന്ന് രാജ്യം കരകയറുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും ധനമന്ത്രാലയം പറയുന്നു. മാർച്ചിൽ കേന്ദ്ര ജി.എസ്.ടി.യായി 22,973 കോടി രൂപയും സംസ്ഥാന ജി.എസ്.ടി.യായി 29,329 കോടി രൂപയും സംയോജിത ജി.എസ്.ടി. (ഐ.ജി.എസ്.ടി.) ആയി 62,842 കോടി രൂപയുമാണ് ലഭിച്ചത്. വിവിധ സെസുകളിലൂടെ 8757 കോടി രൂപയും സമാഹരിച്ചിട്ടുണ്ട്. വ്യാജ ബില്ലുകൾ കണ്ടെത്താനുള്ള വ്യാപകമായ പരിശോധനയും ഡേറ്റകൾ വിശകലനംചെയ്തുള്ള പ്രവർത്തനരീതിയും വരുമാനം ഉയരാൻ കാരണമായിട്ടുണ്ട്. അതേസമയം, സാമ്പത്തികവർഷം മൊത്തമായി പരിഗണിക്കുമ്പോൾ മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. 2019-'20 സാമ്പത്തിക വർഷം 12,22,117 കോടി രൂപയായിരുന്നു രാജ്യത്തെ ജി.എസ്.ടി. വരുമാനം. 2020-'21 സാമ്പത്തിക വർഷമിത് 11,36,803 കോടി രൂപ മാത്രമാണ്. കോവിഡ് മഹാമാരിയാണ് വരുമാനം ഇടിയാൻ കാരണമായത്. കേരളത്തിന്റെ ജി.എസ്.ടി. വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 24 ശതമാനം വർധനയാണ് മാർച്ചിലുണ്ടായിട്ടുള്ളത്. 2020 മാർച്ചിൽ 1475.25 കോടി രൂപയായിരുന്നു വരുമാനമെങ്കിൽ ഇത്തവണയിത് 1827.94 കോടിയായി ഉയർന്നിട്ടുണ്ട്. ജി.എസ്.ടി. വരുമാനം മാസം സാമ്പത്തിക വർഷം 2019-'20 2020-'21 ഏപ്രിൽ 1,13,865 32,172 മേയ് 1,00,289 62,151 ജൂൺ 99,939 90,917 ജൂലായ് 1,02,083 87,422 ഓഗസ്റ്റ് 98,202 86,449 സെപ്റ്റംബർ 91,916 95,480 ഒക്ടോബർ 95,379 1,05,155 നവംബർ 1,03,491 1,04,963 ഡിസംബർ 1,03,184 1,15,174 ജനുവരി 1,10,818 1,19,875 ഫെബ്രുവരി 1,05,361 1,13,143 മാർച്ച് 97,590 1,23,902 ആകെ 12,22,117 11,36,803 (തുക കോടിയിൽ) Content Highlights:GST India


from mathrubhumi.latestnews.rssfeed https://ift.tt/2PtpOrZ
via IFTTT