കൊട്ടാരക്കര: ഉത്രവധക്കേസിൽ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും പത്തുമണിക്കൂറോളം അന്വേഷണസംഘം ചോദ്യംചെയ്തു. ഗൂഢാലോചനയിൽ ഇരുവർക്കുമുള്ള പങ്ക് കണ്ടെത്തുന്നതിനാണ് റൂറൽ എസ്.പി. ഹരിശങ്കറും ഡിവൈ.എസ്.പി. അശോകനും ഉൾപ്പെട്ട സംഘം ചോദ്യംചെയ്തത്. കൊലപാതക ഗൂഢാലോചനയിൽ ഇവരെ ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകളും മൊഴികളും ലഭിക്കാത്തതിനാൽ ഇരുവരെയും തത്കാലം വിട്ടയച്ചു. കേസ് സംബന്ധമായ ചില നിർണായക നടപടികൾ പൂർത്തിയാക്കി ഇവരെ വീണ്ടും ചോദ്യംചെയ്യാനാണ് സംഘത്തിന്റെ തീരുമാനം. രാവിലെ പത്തരയോടെയാണ് ഇരുവരെയും ചോദ്യംചെയ്യാനായി കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചത്. സുരേന്ദ്രനെയും സൂരജിനെയും ഇവർക്കൊപ്പമിരുത്തി ചോദ്യംചെയ്തു. എല്ലാവരും മുൻപുനൽകിയ മൊഴികളിൽ ഉറച്ചുനിന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഉത്രയുടെ വീട്ടുകാർ സൂരജിന് വിവാഹത്തിന് നൽകിയിരുന്ന സ്വർണമാല തിരികെനൽകാൻ പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് രേണുക മാല പോലീസിനെ ഏൽപ്പിച്ചു. ഇതുകൂടിയാകുമ്പോൾ ഉത്രയുടെ 90 പവൻ സ്വർണത്തിന്റെ കണക്ക് ഒത്തുവരുമെന്ന് പോലീസ് പറയുന്നു. സൂരജ് അറസ്റ്റിലാകുന്നതിനുമുൻപാണ് മാല രേണുകയെ ഏൽപ്പിച്ചത്. ഉത്രയുടെ കൊലപാതകത്തെക്കുറിച്ച് തങ്ങൾക്കറിയില്ലെന്നാണ് സൂരജിന്റെ ബന്ധുക്കളുടെ മൊഴി. ചെറുപ്രായംമുതലേ ജന്തുക്കളോടു സ്നേഹവും കൗതുകവുമുള്ളയാളായിരുന്നു സൂരജ്. പലതരത്തിലുള്ള നായ്ക്കളെയും മറ്റു ജീവികളെയും വീട്ടിൽ കൊണ്ടുവന്നിട്ടുണ്ട്. അക്കൂട്ടത്തിലാണ് പാമ്പുകളെയും കൊണ്ടുവന്നത്. സൂരജിന്റെ വിനോദമായിട്ടുമാത്രമേ ഇതിനെ കണ്ടിട്ടുള്ളൂവെന്നാണ് അവരുടെ മൊഴി. ഏറ്റവും അടുപ്പമുണ്ടായിരുന്നവരോടുപോലും ഇവർ വീട്ടിൽ അണലിയെ കണ്ടവിവരം മറച്ചുവയ്ക്കുകയും ഉത്രയെ കടിച്ചത് ചേരയാണെന്ന് പറയുകയും ചെയ്തുവെന്നതിന് പോലീസിന് തെളിവുലഭിച്ചിട്ടുണ്ട്. ഉത്രയെ അവഹേളിച്ചിരുന്നുവെന്നതിന് സാക്ഷിമൊഴിയും ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികൾ ഉറപ്പിച്ചശേഷം ഗൂഢാലോചനയുടെ അന്വേഷണത്തിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. Content Highlights: uthra murder case; sooraj sister surya mother renuka interrogation
from mathrubhumi.latestnews.rssfeed https://ift.tt/3eYT4yb
via
IFTTT