അടൂർ: കാർ ഈടുവെച്ച് നൽകിയ അറുപതിനായിരം രൂപ തിരികെ നൽകാൻ താമസിച്ചതിന്റെ പേരിൽ ക്വട്ടേഷൻ സംഘം യുവാവിനെ മർദിച്ചു. രണ്ടുരാവും ഒരു പകലുമാണ് സംഘം യുവാവിനെ തുടർച്ചയായി മർദിച്ചത്. മർദിക്കാൻ ക്വട്ടേഷൻ കൊടുത്ത സംഭവത്തിൽ ഒന്നാം പ്രതിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലം നെടുമ്പറ പുത്തൻവീട്ടിൽ ഫൈസൽ കുളപ്പാടം (33), മർദിച്ച സംഘാംഗം കൊല്ലം പട്ടത്താനം സ്വദേശി, പന്തളം മുട്ടാറിന് സമീപം മാങ്ങാരം ശാന്തിനിയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രഞ്ജിത്ത് (32) എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റുചെയ്തത്. സംഘത്തിലെ മറ്റ് മൂന്നുപേർ ഒളിവിലാണ്. ഇളമണ്ണൂർ മാരൂർ അനന്ദുഭവനിൽ അനന്ദു(26)നെയാണ് ഫൈസൽ കുളപ്പാടത്തിന്റെ നിർദേശാനുസരണം ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി മർദിച്ചതെന്ന് പോലീസ് പറയുന്നു. അഞ്ചുമാസം മുമ്പ് ഒരു സുഹൃത്തിനുവേണ്ടി അനന്ദു തന്റെ കാർ ഈടുവെച്ച് ഫൈസലിന്റെ പക്കൽനിന്ന് അറുപതിനായിരം രൂപ വാങ്ങിയിരുന്നു. ഈടുവെച്ച കാർ ഫൈസൽ വാടകയ്ക്ക് കൊടുത്ത് പണം മുതലാക്കണം എന്നായിരുന്നു വ്യവസ്ഥ. പലിശ അനന്ദു നൽകുകയും വേണമായിരുന്നു. ലോക്ഡൗൺ ആരംഭിച്ചതോടെ കാറിന് ഓട്ടം ഇല്ലാതായി. ഫൈസൽ അനന്ദുവിനെ വിളിച്ച് കാർ തിരികെ എടുക്കണമെന്നും വാങ്ങിയ പണം നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, കൈയിൽ പണമില്ലാത്തതിനാൽ കുറച്ചുദിവസം അവധി പറഞ്ഞ് ഫൈസലിന്റെ പക്കൽനിന്ന് അനന്ദു കാർ തിരികെ വാങ്ങി. ജൂൺ ഒന്നിന് വൈകീട്ട് ഏഴിന് അനന്ദുവിനെ മാരൂരിലെ വീട്ടിൽനിന്ന് രണ്ടാം പ്രതിയായ ക്വട്ടേഷൻ സംഘത്തിലെ ഇനിയും പിടികിട്ടാനുള്ള പൊട്ടാസ് എന്നു വിളിക്കുന്ന നിഷാദ് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി. കൊല്ലം കൊട്ടിയം ഭാഗത്തുള്ള പൊട്ടാസിന്റെ കെട്ടിടത്തിലെത്തിച്ച അനന്ദുവിനെ നിഷാദ് മർദിക്കുകയായിരുന്നു. രാത്രി വൈകുംവരെയും മർദിച്ചു. അടുത്ത ദിവസം അനന്ദുവിന്റെ ഫോണിൽനിന്ന് സഹോദരൻ അഖിലിന് ഒരു സന്ദേശം നൽകി. അതിൽ പറഞ്ഞിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പരിലേക്ക് പണം അയയ്ക്കണം എന്നായിരുന്നു സന്ദേശം. സഹോദരൻ ബാങ്ക് സി.ഡി.എം. മെഷീൻ വഴി 45,000 രൂപയും അനന്ദു ഗൂഗിൾപേ വഴി മുപ്പതിനായിരം രൂപയും അയച്ചതായി പോലീസ് പറയുന്നു. തുക ലഭിച്ചിട്ടും ക്വട്ടേഷൻസംഘം അനന്ദുവിനെ കാറിൽ പന്തളത്തുള്ള രഞ്ജിത്തിന്റെ അടുത്തെത്തിച്ച് മർദിച്ചു. പിന്നീട് കുട്ടിക്കാനത്തും കൊണ്ടുപോയി മർദിച്ചു. അവശനിലയിലായ അനന്ദുവിനെ ക്വട്ടേഷൻ സംഘം പന്തളത്ത് ഇറക്കിവിട്ടു. തുടർന്ന് അടൂർ ഗവ.ജനറൽ ആശുപത്രിയിൽ ചികിത്സതേടി. അടൂർ സി.ഐ. യു.ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. Content Highlight: Youth Congress leader arrested for assaulting youth
from mathrubhumi.latestnews.rssfeed https://ift.tt/2U9QRYs
via
IFTTT