Breaking

Saturday, June 6, 2020

അമ്മയെ ഉപദ്രവിക്കുന്നത് കണ്ടെന്ന് അഞ്ച് വയസ്സുകാരന്‍; കഠിനംകുളം കൂട്ടബലാത്സംഗ കേസില്‍ നിര്‍ണായക മൊഴി

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗ കേസിൽ പ്രതികൾക്ക് കുരുക്കായി കുട്ടിയുടെ മൊഴി. പീഡനത്തിനിരയായ യുവതിയുടെ അഞ്ച് വയസ്സുള്ള മകനാണ് പിതാവ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരേ മൊഴി നൽകിയത്. അമ്മയെ ഉപദ്രവിക്കുന്നത് താൻ കണ്ടെന്നും താൻ കരഞ്ഞപ്പോൾ തന്നെ തള്ളിയിട്ടെന്നുമാണ് അഞ്ച് വയസ്സുകാരൻ പോലീസിനോട് പറഞ്ഞത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിന് പുറമേ സംഭവത്തിൽ പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. അതിനാൽ കുട്ടിയുടെ മൊഴി കേസിൽ ഏറെ നിർണായകമാണെന്നാണ് പോലീസ് പറയുന്നത്. അതിനിടെ, ഭർത്താവ് ലഹരിക്ക് അടിമയാണെന്നും നിരവധിതവണ വീട്ടിൽവെച്ച് മദ്യപിക്കാൻ നിർബന്ധിച്ചിരുന്നതായും യുവതിയും വെളിപ്പെടുത്തി. സംഭവസ്ഥലത്ത് നിന്ന് യുവതിയുടെ ബാഗും ചെരിപ്പും ചുരിദാറിന്റെ ഷാളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിൽ അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച തന്നെ കോടതിയിൽ ഹാജരാക്കും. കോവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിങ് വഴിയാകും പ്രതികളെ ഹാജരാക്കുക. തിരുവനന്തപുരം കഠിനംകുളത്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഭർത്താവ് ഉൾപ്പെടെ ഏഴ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ഭർത്താവിന് പുറമേ ചാന്നാങ്കര ആറ്റരുകത്ത് വീട്ടിൽ മൻസൂർ (40), ചാന്നാങ്കര പുതുവൽ പുരയിടത്തിൽ അക്ബർ ഷാ (20), ചാന്നാങ്കര അൻസി മൻസിലിൽ അർഷാദ് (35), പള്ളിപ്പുറം സി.ആർ.പി.എഫ്. ജങ്ഷൻ പുതുവൽ പുത്തൻ വീട്ടിൽ നൗഫൽ ഷാ (27), പോത്തൻകോട് പാലോട്ടുകോണം കരിമരത്തിൽ വീട്ടിൽ അൻസാർ (33), വെട്ടുതുറ പുതുവൽ പുരയിടത്തിൽ രാജൻ സെബാസ്റ്റ്യൻ (62) എന്നിവരാണ് പിടിയിലായത്. യുവതിയുടെ ഭർത്താവാണ് പീഡനത്തിന് ഒത്താശചെയ്തത്. ബീച്ചിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് വ്യാഴാഴ്ച വൈകീട്ട് പോത്തൻകോട്ടെ വീട്ടിൽനിന്ന് യുവതിയെയും രണ്ടു മക്കളെയും കഠിനംകുളത്തെ രാജൻ സെബാസ്റ്റ്യന്റെ വീട്ടിലെത്തിച്ചത്. അവിടെവെച്ച് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. സംഘത്തിലെ ഒരാൾ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ മൂത്ത മകനെയുമെടുത്ത് യുവതി ഇറങ്ങിയോടി. ഇളയമകൻ നേരത്തേ ഭർത്താവിനൊപ്പം പുറത്തേക്ക് പോയിരുന്നു. പിറകേയെത്തിയവർ ഭർത്താവ് പ്രശ്നമുണ്ടാക്കുകയാണെന്നും തിരികെയെത്തണമെന്നും നിർബന്ധിച്ചു. അവിടെനിന്ന് യുവതിയെ ഇവർ ഓട്ടോയിൽക്കയറ്റി തൊട്ടടുത്ത കാട്ടിലെത്തിച്ച് പീഡിപ്പിച്ചു. മുഖത്തടിക്കുകയും ദേഹത്ത് പൊള്ളലേൽപ്പിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന മകന്റെ മുന്നിൽവെച്ചാണ് യുവതി ക്രൂരമായ പീഡനത്തിനിരയായത്. ബോധം നഷ്ടപ്പെട്ട യുവതി മകന്റെ കരച്ചിൽകേട്ട് ഉണർന്നു. മകനെ വീട്ടിലാക്കണമെന്ന് പറഞ്ഞ് ഇവരുടെ വാഹനത്തിൽക്കയറാതെ റോഡിലേക്ക് ഓടി. വഴിയിൽക്കണ്ട കാറിന് കൈകാണിച്ച് അതിൽക്കയറുകയായിരുന്നു. അവരോട് സംഭവങ്ങൾ പറയുകയും പോത്തൻകോട്ടുള്ള വീട്ടിലെത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. യുവതിയെ വീട്ടിലെത്തിച്ചശേഷം കാർ യാത്രക്കാർ കഠിനംകുളം പോലീസിൽ അറിയിച്ചു. സംഭവത്തിനുശേഷം മകനുമായി വീട്ടിലെത്തിയ ഭർത്താവ് സംഭവത്തെക്കുറിച്ച് പോലീസിൽ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. യുവതിയുടെ അമ്മയാണ് പോലീസിൽ പരാതിനൽകിയത്. Content Highlights:thiruvananthapuram kadinamkulam gang rape case; five year old boy give statement against accused


from mathrubhumi.latestnews.rssfeed https://ift.tt/30dc9bJ
via IFTTT