Breaking

Thursday, June 11, 2020

പ്രളയ ഫണ്ട് തിരിമറിക്കു പിന്നാലെ സമൂഹ അടുക്കള അഴിമതി; അന്വേഷണ കമ്മിഷനെ വെച്ച് സി.പി.എം.

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമിറിക്ക് ശേഷം ജില്ലയിലെ സി.പി.എമ്മിൽ സമൂഹ അടുക്കളയും പുകയുന്നു. നെടുമ്പാശ്ശേരിയിലെ സമൂഹ അടുക്കളയിൽ അഴിമതി നടന്നുവെന്ന് പാർട്ടിക്കാർതന്നെ പ്രചരിപ്പിച്ചതാണ് സി.പി.എമ്മിനെ ഇപ്പോൾ വെട്ടിലാക്കിയിരിക്കുന്നത്. നെടുമ്പാശ്ശേരിയിൽ സമൂഹ അടുക്കളയിൽ സി.പി.എം. അഴിമതി നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസും ബി.ജെ.പി. യുമെല്ലാം പ്രക്ഷോഭവുമായി രംഗത്തുവന്നിട്ടുണ്ട്. സമൂഹ അടുക്കളയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ പണം വീതിച്ചെടുത്തു എന്നാണ് പരാതി ഉയർന്നത്. സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വിശദീകരണവുമായി പാർട്ടി രംഗത്തുവന്നു. സമൂഹ അടുക്കളയിൽ പണം വീതിച്ചെടുത്തത് പണിയെടുത്തതിന്റെ കൂലിയാണെന്നാണ് സി.പി.എം. പറയുന്നത്. സമൂഹ അടുക്കളയിൽ ആറുപേരെ ജോലിക്കാരായി നിർത്തിയിരുന്നു. അവർക്ക് 400 രൂപ വീതം ദിവസവും കൂലിയും നൽകിയിരുന്നു. കൂലി നൽകിയപ്പോൾ അവർ ആ പണം അടുക്കളയിൽ പണിയെടുത്ത മറ്റുള്ളവർക്കും കൂടി വീതിച്ചു നൽകുകയായിരുന്നു എന്നാണ് പാർട്ടിയുടെ വിശദീകരണം. എന്നാൽ, അടുക്കളയിലെ കൂലിപ്രശ്നം മാത്രമല്ല ഇതെന്നാണ് മറ്റു പാർട്ടികൾ ആരോപിക്കുന്നത്. അടുക്കളയിലേക്ക് പുറമേ നിന്ന്‌ വൻ തുക വന്നിട്ടുണ്ടെന്നും അത് വീതം വെച്ചിട്ടുണ്ടെന്നുമാണ് അവർ ചൂണ്ടിക്കാട്ടുന്നത്.സമൂഹ അടുക്കള ആരോപണം പാർട്ടിക്കുള്ളിൽനിന്നു തന്നെയാണ് പുറത്തുചാടിയത്‌ എന്നതാണ് സി.പി.എമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. വിഷയം മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് പാർട്ടി നേതാക്കളാണെന്ന് ഒരു വിഭാഗം ആരോപിച്ചതോടെ, നെടുമ്പാശ്ശേരി ഏരിയ കമ്മിറ്റിയിൽ ഇത് പൊട്ടിത്തെറിക്ക് ഇടയാക്കിയിരിക്കുകയാണ്. പിണറായി പക്ഷത്തിന് മുൻതൂക്കമുള്ള ഏരിയ കമ്മിറ്റിയിൽ മൂന്നുപേർ മാത്രമാണ് ഇപ്പോഴും വി.എസ്. പക്ഷ അനുഭാവികളായി തുടരുന്നത്. പിണറായി പക്ഷത്തിനുള്ളിൽത്തന്നെയാണ് ഇപ്പോൾ പൊട്ടിത്തെറി ഉണ്ടായത്.അഴിമതി സംബന്ധിച്ച് മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകിയവർക്കെതിരേ നടപടി വേണമെന്ന ആവശ്യം ഉയർന്നതോടെ പാർട്ടി ജില്ലാ നേതൃത്വത്തിന് വിഷയത്തിൽ ഇടപെടേണ്ടതായി വന്നു. ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു.നെടുമ്പാശ്ശേരി ഏരിയ കമ്മിറ്റി അംഗവും ഏരിയ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തമ്പി പോൾ, നെടുമ്പാശ്ശേരി ലോക്കൽ സെക്രട്ടറി സണ്ണി പോൾ, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി എ.കെ. സിജു, മേഖലാ കമ്മിറ്റി സെക്രട്ടറി ബഹനാൻ കെ. അരീക്കൽ എന്നിവർക്കെതിരേയാണ് വിവരങ്ങൾ പുറത്തുവിട്ടുവെന്ന ആരോപണം ഉയർന്നിരിക്കുന്നത്.കഴിഞ്ഞ സമ്മേളനത്തിനു ശേഷം നെടുമ്പാശ്ശേരി ഏരിയ കമ്മിറ്റിയിൽ പിണറായി പക്ഷത്തുതന്നെ രണ്ട് ചേരികൾ രൂപപ്പെട്ടിട്ടുണ്ട്. വരുന്ന സമ്മേളനത്തിൽ സെക്രട്ടറിസ്ഥാനം ലക്ഷ്യമിട്ടുകൊണ്ട് ചില നീക്കങ്ങളും നടക്കുന്നുണ്ട്. അതിന്റെ തുടർച്ചയായാണ് ഉള്ളിലെ കാര്യങ്ങൾ പുറത്തുവന്നതെന്നും അവരെ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അന്വേഷണ കമ്മിഷനെ വെച്ചതെന്നും പാർട്ടിക്കുള്ളിൽ ചർച്ച പടരുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2XVdYbT
via IFTTT