തൃശ്ശൂർ: സർക്കാർ ക്വാറന്റീൻകേന്ദ്രങ്ങളിൽ പാർപ്പിക്കുന്നത് നിർത്തിയതോടെ പുറമേനിന്നെത്തുന്നവരുടെ താമസം പ്രതിസന്ധിയിലായി. സ്വന്തം വീടില്ലാത്തവരുടെ ക്വാറന്റീൻമാത്രം പരിഗണിക്കാമെന്നാണ് സർക്കാർ പറയുന്നത്. കേരളത്തിനുപുറത്തുള്ള മലയാളികളിൽ മിക്കവരും നിക്ഷേപം നടത്തിയിരിക്കുന്നത് നാട്ടിലെ ഫ്ളാറ്റുകളിലാണ്. നഗരപരിധികളിലാണ് ഇത്തരം ഫ്ലാറ്റുകളേറെയും. നാട്ടിലെത്തുമ്പോഴും വിശേഷസമയങ്ങളിലും താമസിക്കേണ്ടിവരുന്നതിനാൽ മിക്കവരും ഇവ വാടകയ്ക്ക് കൊടുക്കാറില്ല. ക്വാറന്റീനിൽ ഇൗ താമസസൗകര്യം ഉപയോഗപ്പെടുത്താമെന്ന് കരുതി നാട്ടിലെത്തുന്പോൾ ഇവർ അവിടത്തെ മറ്റുതാമസക്കാരുടെ എതിർപ്പ് നേരിടേണ്ടിവരുന്നു. പുറമേനിന്നെത്തുന്നവരെ കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തുംവരെ താമസിപ്പിക്കില്ലെന്ന് മിക്ക ഫ്ലാറ്റ് അസോസിയേഷനുകളുടെയും തീരുമാനം. ഇതുകാണിച്ചുള്ള നോട്ടീസ് മിക്ക ഫ്ളാറ്റുകളിലും പതിച്ചിട്ടുണ്ട്. ക്വാറന്റീൻകാലത്തെ താമസത്തിന് ഉയർന്ന തുക കൊടുക്കാമെന്ന് പറഞ്ഞാലും ഹോട്ടൽമുറിപോലും കിട്ടാത്ത സ്ഥിതിയുമാണ്. ഇളവുവന്നതോടെ സ്ഥലംമാറിയെത്തുന്ന പുതിയ വാടകക്കാർക്കുപോലും ഫ്ലാറ്റുകളിൽ താമസിക്കാൻ മറ്റുതാമസക്കാർ അനുമതിനൽകുന്നില്ല.നീരീക്ഷണത്തിൽ ഇരുന്നാൽ സ്വന്തം വീട്ടിലെ മറ്റുള്ളവരെ പുറത്തിറങ്ങാൻ നാട്ടുകാർ സമ്മതിക്കാറുമില്ല. വീട്ടിലുള്ളവർക്ക് സാധാരണ അസുഖം വന്നാൽപ്പോലും നാട്ടുകാർ പ്രശ്നമുണ്ടാക്കുന്നു. തൃശ്ശൂരിൽ സ്വന്തം ഫ്ലാറ്റിൽ നിരീക്ഷണത്തിലിരിക്കാൻ എത്തിയ യുവാവിനെ മറ്റുതാമസക്കാർ നാലുമണിക്കൂറോളം തടഞ്ഞുവെച്ചു. മുഖ്യമന്ത്രിയുടെ ഒാഫീസ് ഇടപെട്ട് പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഇടപെടും -മന്ത്രി മൊയ്തീൻനാട്ടിലെത്തിയിട്ടും സ്വന്തം വീട്ടിൽ നിരീക്ഷണത്തിലിരിക്കാനോ താമസത്തിനോ പ്രശ്നംനേരിടുന്നുണ്ടെങ്കിൽ ഇടപെടുമെന്ന് തദ്ദേശമന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ഇത്തരം പ്രശ്നം നേരിടുന്നവരും നേരിടാൻ സാധ്യതയുള്ളവരും എത്രയുണ്ടെന്ന് കണ്ടെത്തും. ഇക്കാര്യത്തിൽ കളക്ടർമാരുമായും ഡി.എം.ഒ.മാരുമായും ഉടൻ ചർച്ച നടത്തും.
from mathrubhumi.latestnews.rssfeed https://ift.tt/3cMbNve
via
IFTTT