Breaking

Wednesday, June 10, 2020

103 കാരനായ ഈ ഡോക്ടര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാരത്തണിലാണ്‌

കൊറോണവൈറസിനെതിരെയുള്ള ഗവേഷണങ്ങൾക്കുള്ള ധനസമാഹരണത്തിനായി അൽഫോൺസ് ലീംപോയൽസ് എന്ന ഡോക്ടർ മാരത്തോൺ നടത്തത്തിലാണ്. 103 കാരനായ ഡോക്ടർ ജൂൺ ഒന്നിനാണ് മാരത്തോൺ നടപ്പാരംഭിച്ചത്. വീടിന്റെ ഉദ്യാനത്തിന് ചുറ്റും 42.2 കിലോമീറ്ററാണ് (26.2 മൈൽ) ലീംപോയൽസ് ലക്ഷ്യമിടുന്നത്. ബെൽജിയത്തിന്റെ തലസ്ഥാനനഗരമായ ബ്രസൽസിലെ റോട്സെലാർ മുൻസിപ്പാലിറ്റിയിലാണ് ലീംപോയലിന്റെ താമസം. 145 മീറ്ററുള്ള ലാപുകളായാണ് ലീംപോയൽ നടക്കുന്നത്. രാവിലെയും ഉച്ചയ്ക്കും മൂന്ന്, വൈകിട്ട് നാല് വീതം ദിവസേന പത്ത് ലാപുകളാണ് ലീംപോയൽ നടക്കുന്നത്. ജൂൺ 30 നാണ് മാരത്തോൺ അവസാനിക്കുന്നത്. ബ്രിട്ടീഷുകാരനായ ടോം മൂറിൽ നിന്നാണ് മാരത്തോൺ നടപ്പിനുള്ള പ്രചോദനം ലഭിച്ചതെന്ന് ലീംപോയൽസ് പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത നൂറ് വയസുകാരനായ ടോം മൂർ രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണത്തിനായി 24 ദിവസം നീണ്ട മാരത്തോണിൽ പങ്കെടുത്തത്. ടോം മൂറിന് 40 ദശലക്ഷം ഡോളറോളം സമാഹരിക്കാൻ സാധിച്ചിരുന്നു. ഓരോ ലാപും പൂർത്തിയാക്കുമ്പോൾ എണ്ണം തെറ്റാതിരിക്കാനായി ലീംപോൾ ഒരു ബൗളിൽ ഒരോ ചെറിയ കമ്പ് ഇട്ടു വെയ്ക്കും. തനിക്ക് ടോം മൂറിനേക്കാൾ പ്രായമുള്ളതിനാൽ മാരത്തോൺ പൂർത്തിയാക്കിയാൽ അദ്ദേഹത്തേക്കാൾ മഹാനാവുമെന്ന് മക്കളും പേരക്കുട്ടികളും പറയാറുണ്ടെന്ന് ലീംപോയൽ തമാശരൂപേണ പറഞ്ഞു. സമീപത്തുള്ള ല്യൂവൻ സർവകലാശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആശുപത്രിയിൽ നടക്കുന്ന കോവിഡ്-19 അനുബന്ധഗവേഷണങ്ങൾക്കായാണ് ലീംപോയലിന്റെ മാരത്തോൺ. ഇതുവരെ 6,000 യൂറോയോളം ലീംപോയൽ സമാഹരിച്ചതായി ല്യൂവൻ സർവകലാശാലയിലെ മാർലിസ് വാൻഡർബ്രഗ്ഗൻ അറിയിച്ചു. 1957-58 കാലത്തുണ്ടായ ഏഷ്യൻ ഫ്ളൂവിനെ കുറിച്ച് ലീംപോയൽ ഓർമിച്ചു. എന്നാൽ അന്ന് രോഗബാധിതരായവർ വളരെ വേഗം സുഖം പ്രാപിച്ചിരുന്നതായി ലീംപോയൽ പറഞ്ഞു. ഒരു ഡോക്ടറെന്ന നിലയിൽ ഈ രണ്ട് മഹാമാരിയേയും താരതമ്യം ചെയ്യാനാവുന്നുണ്ടെന്നും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നത് സന്തോഷം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Belgian Doctor 103 Walks Marathon To Raise Funds For COVID-19 Research


from mathrubhumi.latestnews.rssfeed https://ift.tt/3faa2JM
via IFTTT