തിരുവനന്തപുരം : കോവിഡിനെത്തുടർന്ന് സംഘടനാപ്രവർത്തനവും പ്രചാരണരീതിയും മാറ്റാൻ സി.പി.എം. ബ്രാഞ്ച് തലംവരെയുള്ള പ്രവർത്തനം മന്ദീഭവിക്കുന്നത് രാഷ്ട്രീയ തിരിച്ചടിക്കു വഴിയൊരുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. സാങ്കേതിക സംവിധാനം ഉപയോഗപ്പെടുത്തി പാർട്ടി ഘടകങ്ങളെ ഏകോപിപ്പിക്കാനാണ് തീരുമാനം. പാർട്ടി അംഗങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ അപ്പപ്പോൾ അവരിലെത്തിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കി. എ.കെ.ജി. സെന്ററിൽ ഇതിന് പ്രത്യേക 'കൺട്രോൾറൂം' തയ്യാറാക്കി. സമകാലിക വിഷയങ്ങളിലും രാഷ്ട്രീയവിവാദങ്ങളിലും പാർട്ടി നിലപാട് ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. ഒപ്പം, പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾക്കും പ്രചാരം നൽകും. പാർട്ടിഘടകങ്ങളെയും അംഗങ്ങളെയും ചലിപ്പിക്കാൻ കർമപദ്ധതിയും തയ്യാറാക്കി. ഓരോ ലോക്കൽ കമ്മിറ്റിക്കു കീഴിലെയും എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങാനാണു നിർദേശം. സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികം ലോക്കൽ കമ്മിറ്റികളാണ് സി.പി.എമ്മിനുള്ളത്. അംഗങ്ങൾ അധികമുള്ള കമ്മിറ്റിക്കു കീഴിൽ രണ്ടു വാട്സാപ്പ് ഗ്രൂപ്പ് വേണ്ടിവരും. സാമൂഹിക മാധ്യമങ്ങളിലൂടെ സംസ്ഥാന സെന്റർ കേന്ദ്രീകരിച്ചു നടത്തുന്ന പ്രചാരണത്തിന്റെ ഓൺലൈൻ ലിങ്കും ഈ ഗ്രൂപ്പുകളിൽ നൽകും. ഇത് പാർട്ടിയംഗങ്ങൾ കൃത്യമായി പിന്തുടരുകയും അതനുസരിച്ചുള്ള പ്രവർത്തനം നടത്തുകയും വേണമെന്നാണു നിർദേശം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവിനാണ് ഇതിന്റെ ചുമതല. സംസ്ഥാന കമ്മിറ്റി അംഗമായ ഡോ. വി. ശിവദാസന്റെ നേതൃത്വത്തിലാണ് എ.കെ.ജി. സെന്ററിൽ ഇതിന്റെ 'കൺട്രോൾ റൂം' പ്രവർത്തിക്കുക. ജില്ലാ കമ്മിറ്റിയും അതിനു താഴെയുള്ള കീഴ്ഘടകങ്ങളും ആരോഗ്യ സുരക്ഷാ മുന്നറിയിപ്പുകൾ പാലിച്ച് യോഗവും ചേരും. ജില്ലാ കമ്മിറ്റി യോഗങ്ങളിൽ സംസ്ഥാന നേതൃത്വത്തിൽനിന്ന് ഒരാളെ പങ്കെടുപ്പിക്കാനുള്ള ക്രമീകരണം സെക്രട്ടേറിയറ്റ് ഒരുക്കും. കോവിഡ് റിപ്പോർട്ട് ചെയ്തശേഷം പാർട്ടി സമ്പൂർണ പൊളിറ്റ് ബ്യൂറോ യോഗം ചേർന്നിട്ടില്ല. ചൊവ്വാഴ്ച വീഡിയോ കോൺഫറൻസിലൂടെ പി.ബി.യോഗം ചേരും. പ്രാദേശിക ഇടപെടൽ ശക്തമാക്കണമെന്നാണ് പാർട്ടി തീരുമാനം. കോവിഡ് പ്രതിരോധ പ്രവർത്തനം തന്നെയാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രവർത്തനമെന്നും അതിൽ സജീവമായി പങ്കെടുക്കാനുമാണ് നിർദേശം. എല്ലാ വീടുകളിലും പാർട്ടിപ്രവർത്തകരെത്തണം. രോഗം കാരണമോ നിയന്ത്രണം കൊണ്ടോ ആരെങ്കിലും ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ഇടപെടണം. ഒരാൾപോലും പട്ടിണി കിടക്കരുതെന്നാണ് സർക്കാർ നയം. അത് നടപ്പാക്കുന്നതിനൊപ്പം, ഒാരോരുത്തർക്കുമുള്ള വിഷമഘട്ടത്തിൽ പാർട്ടി കൂടെയുണ്ടെന്ന് ബോധ്യപ്പെടുത്താൻ കഴിയണമെന്നും നിർദേശിച്ചിട്ടുണ്ട്. Content Highlights:CPM in digital mode to move the party.
from mathrubhumi.latestnews.rssfeed https://ift.tt/3cjZaHx
via
IFTTT