Breaking

Monday, June 1, 2020

കോവിഡ്: ഗള്‍ഫില്‍ ഞായറാഴ്ച മാത്രം 10 മലയാളികള്‍ മരിച്ചു

ദുബായ്: കോവിഡ് ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ മൂന്ന് പേർ കൂടി മരിച്ചു. ഞായറാഴ്ച മാത്രം പത്ത് മലയാളികളാണ് ഗൾഫിൽ മരിച്ചത്. ആറ് ഗൾഫ് നാടുകളിലുമായി കോവിഡ് മൂലമുള്ള മരണം ആയിരം കവിഞ്ഞു. ഇതിൽ നൂറ്റമ്പതിലേറെ മലയാളികളാണ്. മലപ്പുറം കോഡൂർ സ്വദേശി ശംസീർ പൂവാടൻ(30) ദമാം അൽ ഹസയിൽ മരിച്ചു. ഇടുക്കി തന്നിമൂട് സ്വദേശി മണ്ണിൽപുരയിടത്തിൽ സാബു കുമാർ (52) സൗദി ജിസാനിൽ മരിച്ചു. തിരൂർ മൂർക്കാട്ടിൽ സ്വദേശി സുന്ദരം (63 ) കുവൈത്തിൽ മരിച്ചു. കണ്ണൂർ സ്വദേശി മൂപ്പൻ മമ്മൂട്ടി (69), തൃശൂർ സ്വദേശി മോഹനൻ(58), അഞ്ചൽ സ്വദേശി വിജയനാഥ് (68), ചങ്ങരംകുളം സ്വദേശികളായ അബൂബക്കർ ചുള്ളിപ്പറമ്പിൽ (52), മൊയ്തീൻകുട്ടി (52), പെരിന്തൽമണ്ണ സ്വദേശി പി.ടി.എസ്.അഷ്റഫ്, പത്തനംതിട്ട സ്വദേശി പവിത്രൻ ദാമോദരൻ (52) എന്നിവരും ഞായറാഴ്ച മരിച്ചതാണ്. ഇതുവരെയുള്ള കണക്കനുസരിച്ച് ഗൾഫ് രാജ്യങ്ങളിൽ കോവിഡ് മൂലം മരിച്ചവർ 1082 ആയി. സൗദിയിലാണ് ഏറെയും മരണം - 505 പേർ. യു.എ.ഇ.യിൽ 267 പേരും കുവൈത്തിൽ 212 പേരും മരിച്ചു. ഗൾഫ് നാടുകളിലാകെ ഇതുവരെയായി 2.20 ലക്ഷത്തിലേറെ പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗികളുടെ കാര്യത്തിലും സൗദിതന്നെയാണ് മുന്നിൽ. 84,000 പേരാണ് അവിടെ കോവിഡ് 19 രോഗികൾ. 56,910 പേരുള്ള ഖത്തർ രണ്ടും 34,577 രോഗികളുള്ള യു.എ.ഇ. മൂന്നാമതും നിൽക്കുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം എല്ലായിടത്തും കൂടുന്നുണ്ട് എന്നതാണ് ഈ കണക്കുകൾക്കിടയിൽ ആശ്വാസംനൽകുന്ന കാര്യം. യുഎഇയിൽ ഞായറാഴ്ച 661 പുതിയ കോവിഡ് 19 കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. സുഖം പ്രാപിച്ചവരുടെ എണ്ണം 17,932 ആയി. സൗദി അറേബ്യയിൽ 23 പേരാണ് ഞായറാഴ്ച മരിച്ചത്. 1877 പേരിൽകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ സംഖ്യ 85,261 ആയി. സൗദിയിൽ ആകെ സുഖംപ്രാപിച്ചവരുടെ എണ്ണം 62,442 ആയി. ഖത്തറിൽ ഞായറാഴ്ച 1648 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് പേർകൂടി മരിച്ചതോടെ ആകെ മരണം 38 ആയി. കുവൈത്തിൽ ഏഴ് പേരാണ് ഞായറാഴ്ച മരിച്ചത്. 851 പേരിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 27,043 ലെത്തി. സുഖം പ്രാപിച്ചത് 11,386 പേരാണ്. ഒമാനിൽ രണ്ട് പേർകൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 44 ആയി. 1014 പേരിൽകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ സംഖ്യ 11,014. ബഹ്റൈനിൽ 495 പേർക്കാണ് പുതുതായി രോഗബാധ. ചികിത്സയിലുള്ളവരുടെ ആകെ 4597 പേരാണ്. 6673 പേർ സുഖം പ്രാപിച്ചു. 18 പേരാണ് ബഹ്റൈനിൽ ഇതുവരെയായി മരിച്ചത്. ഈ കണക്കുകൾക്കിടയിൽ മലയാളികളുടെ മരണനിരക്ക് പെട്ടെന്ന് കുതിച്ചുയരുന്നതാണ് പ്രവാസികളിൽ ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നത്. ഞായറാഴ്ച ഏഴു മലയാളികളാണ് ഗൾഫിൽ മരിച്ചത്. ഇതോടെ ഇതുവരെ മരിച്ച മലയാളികളുടെ എണ്ണം 156 ആയി. കൊറോണ പടർന്നതിനുശേഷമുള്ള ആദ്യ രണ്ട് മാസങ്ങൾക്കുള്ളിലാണ് നൂറുമലയാളികൾ മരിച്ചത്. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലാണ് അമ്പതിലേറെ മലയാളികൾ വിവിധ രാജ്യങ്ങളിലായി മരിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2AwdPlB
via IFTTT