മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയം ഓരോ നിമിഷവും അതി നാടകീയമായി മുന്നോട്ട് പോവുമ്പോൾ അവധി ദിവസമായ ഞായറാഴ്ച ചേരുന്ന അടിയന്തര സുപ്രീംകോടതി നടപടി ക്രമങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ത്രികക്ഷി സഖ്യം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവസിന് ഈ മാസം മുപ്പത് വരെയാണ് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ സമയം നൽകിയിരുന്നത്. ഇത് ചോദ്യം ചെയ്താണ് ത്രികക്ഷി സഖ്യം സുപ്രീംകോടതിയിൽ ഹർജി നൽകിയതെങ്കിലും കർണാടകയിൽ കഴിഞ്ഞവർഷം സുപ്രീംകോടതി ഇടപെട്ടത് പോലെ മഹാരാഷ്ട്രയിലും ഇടപെടുമെന്നാണ് ഹർജിക്കാർ പ്രതീക്ഷിക്കുന്നത്. അന്ന് ഭൂരിപക്ഷം തെളിയിക്കാനുള്ള സമയ പരിധി വെട്ടിക്കുറച്ച് കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ. അങ്ങനെ സംഭവിച്ചാൽ ഭൂരിപക്ഷം തെളിയിക്കാൻ ഫഡ്നവിസ്-അജിത് പവാർ സഖ്യത്തിന് കഴിയില്ലെന്നാണ് ത്രികക്ഷി സഖ്യത്തിന്റെ കണക്ക് കൂട്ടൽ. മഹാരാഷ്ട്ര ഗവർണർ ഭഗത്സിങ് ഘോഷിയാരിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് റിട്ട് ഹർജിയിൽ ത്രികക്ഷി സഖ്യം ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അത് ഗവർണറുടെ വിവേചനാധികാരത്തിൽ പെടുന്നതായതിനാൽ സുപ്രീംകോടതി ഇടപെടില്ല. പകരം വിശ്വാസ വോട്ട് തേടാനുള്ള സമയപരിധി കുറച്ച് നടപടിയുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ കൂടുതൽ സങ്കീർണതയിലേക്ക് മഹാരാഷ്ട്ര രാഷ്ട്രീയം വീണ്ടും പോവുകയും ചെയ്യും. നിലവിൽ 54 എൻസിപി എം.എൽ.എമാരിൽ ആറ് പേരുടെ പിന്തുണ മാത്രമാണ് ദേവേന്ദ്ര ഫഡ്നാവിസിനുള്ളതെന്നാണ് ഹർജിയിൽഎൻസിപി ചൂണ്ടിക്കാട്ടുന്നത്. കർണാടക പ്രശ്നത്തിൽ അന്ന് സുപ്രീംകോടതിയിൽ ഹാജരായ അഭിഷേക് മനു സിംഗ്വി, കബിൽ സിബൽ, വിവേക് തങ്കി എന്നിവർ ഇത്തവണ ത്രികക്ഷി സഖ്യത്തിന് വേണ്ടി ഹാജരാവുന്നുണ്ട്. ഫഡ്നവിസിനെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിച്ച ഗവർണർ ഭഗത്സിങ് കോഷിയാരിയുടെ നടപടിയെ ചോദ്യംചെയ്ത് ശനിയാഴ്ചതന്നെ കോൺഗ്രസ്-എൻ.സി.പി.-ശിവസേനസഖ്യം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹർജി ഞായറാഴ്ച രാവിലെ 11.30-ന് കോടതി പരിഗണിക്കും. കുതിരക്കച്ചവടം തടയാൻ 24 മണിക്കൂറിനകം നിയമസഭയിൽ വിശ്വാസംതെളിയിക്കാൻ നിർദേശിക്കണമെന്നും റിട്ട് ഹർജിയിൽ ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/33d5JXR
via
IFTTT