ഇരുട്ടിവെളുത്തപ്പോൾ, രാജ്യംകണ്ടത് മറ്റൊരു താമരക്കാട്. ശിവസേനയും കോൺഗ്രസും എൻ.സി.പി.യും ചേർന്ന 'മഹാവികാസ് അഖാഡി'യുടെ സർക്കാർപ്രഖ്യാപനത്തിന് കാതോർത്ത മഹാരാഷ്ട്ര ജനതയുടെ മുന്നിലേക്ക് നൂലിൽക്കെട്ടിയെന്നോണം ഫഡ്നവിസ് മുഖ്യമന്ത്രിയായി രംഗത്തെത്തി. ഒരുരാത്രി രാഷ്ട്രീയനേതൃത്വവും ഭരണസംവിധാനവും അതിരഹസ്യമായി ആസൂത്രണംചെയ്ത നാടകത്തിന് പര്യവസാനം. രാജ്യത്തെ മുഴുവൻ പത്രങ്ങളുടെയും ഒന്നാംപേജിൽവന്ന വാർത്തയെ അപ്പാടെ നിഷേധിക്കുന്ന 'എക്സ്ക്ലൂസീവാ'ണ് ബി.ജെ.പി. നേതൃത്വം ഒരുക്കിയിരുന്നത്. തലേന്നുവൈകീട്ട് വർളിയിലെ നെഹ്രുസെന്ററിൽ നടന്ന ചർച്ചയിലും ശരദ് പവാറിനൊപ്പം എൻ.സി.പി.യെ പ്രതിനിധാനംചെയ്ത് അജിത് പവാറുണ്ടായിരുന്നു. പുലരുമ്പോൾ എന്താണ് സംഭവിക്കുകയെന്നതിന്റെ സൂചനപോലും നൽകാതെ, എൻ.സി.പി.യിലെ 'രണ്ടാമൻ' ചർച്ചകളിൽ സജീവമായി. രാത്രിയായതോടെ, അജിത് പാളയംവിട്ടു. പിന്നീട്, പുലരുംവരെ ഫഡ്നവിസിനൊപ്പം. ഉദ്ധവ് താക്കറെ അഞ്ചുവർഷത്തേക്ക് മുഖ്യമന്ത്രിയെന്നും അജിത് പവാർ ഉപമുഖ്യമന്ത്രിയെന്നുമായിരുന്നു 'ടൈംസ് ഓഫ് ഇന്ത്യ'യുടെ മുഖ്യവാർത്ത. ഉദ്ധവ് റിമോട്ട് ഉപേക്ഷിച്ച് നേരിട്ട് നിയന്ത്രണമേറ്റെടുക്കുമോ എന്ന രാഷ്ട്രീയചോദ്യവും അവർ മുന്നോട്ടുവെച്ചു. മഹാരാഷ്ട്രയിലെ പ്രാദേശിക പത്രങ്ങളായ ലോക്മത്, സകാൽ, ജൻസത്ത, ലോക്സത്ത തുടങ്ങിയവയൊക്കെ ഉദ്ധവിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി. സകാലും ലോക്സത്തയും ഉദ്ധവ് പൊതുസമ്മതനെന്ന നിലയ്ക്കാണ് പ്രധാന വാർത്ത നൽകിയത്. ഉദ്ധവ് തന്നെ മുഖ്യമന്ത്രി, ഇന്ന് അവകാശവാദം ഉന്നയിക്കുമെന്ന് ലോക്മത്തും ഉദ്ധവ് സഖ്യകക്ഷികളുടെ പൊതുസമ്മതനെന്ന് ലോക്സത്തയുമെഴുതി. പത്രങ്ങളുടെ ഒന്നാംപേജിൽ മാത്രമല്ല, ശനിയാഴ്ച അതിരാവിലെയുള്ള ആകാശവാണിവാർത്തയിലും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവായിരുന്നു. അപ്പോഴേക്കും രാജ്ഭവനിൽ എല്ലാ തയ്യാറെടുപ്പും പൂർത്തിയായിക്കഴിഞ്ഞിരുന്നു. 7.50-ന് സത്യപ്രതിജ്ഞ ചെയ്യുംവരെ ആ വലിയ രഹസ്യം 'ന്യൂസ് ബ്രേക്കാ'കാതെ നിലനിന്നു. ഞെട്ടലോടെ മാധ്യമലോകം ഈ വാർത്ത സ്ക്രോൾ ചെയ്തുതുടങ്ങുമ്പോഴേക്കുമെത്തി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. ശനിയാഴ്ച രാവിലെ 8.16-ന് വന്ന ആ ട്വീറ്റ് രാജ്യത്തെ ഒന്നാകെ അമ്പരപ്പിച്ചു. ആസൂത്രണത്തിന്റെ ചരടുപിടിച്ചിരുന്ന നേതൃത്വമൊഴികെ, മറ്റാർക്കുംപിടികൊടുക്കാതെ രഹസ്യം നിലനിർത്തിയതുകൊണ്ടാണ് ശിവസേന അതിനെ സർജിക്കൽ സ്ട്രൈക്ക് എന്നുവിശേഷിപ്പിച്ചതും. Content Highlights:maharashtra bjp goverment formation; media and news channels did not get any hints
from mathrubhumi.latestnews.rssfeed https://ift.tt/2pKqaxD
via
IFTTT