കട്ടപ്പന: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയെ ജന്മനാട്ടിലെത്തിച്ച് തെളിവെടുത്തു. വാഴവരയിലെ ജോളിയുടെ പഴയ തറവാട്, മാതാപിതാക്കൾ താമസിക്കുന്ന കട്ടപ്പന നഗരത്തിലെ വീട് എന്നിവിടങ്ങളിലെത്തിച്ചാണ് അന്വേഷണസംഘം തെളിവെടുത്തത്. ജോളിയുടെ മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തി. ജോളിയുടെ തറവാട്ടിലെ നായയെ 17 വർഷം മുൻപ് ഡോഗ് കിൽ എന്ന കീടനാശിനി ഉപയോഗിച്ച് കൊന്നിരുന്നു. പരിചയമുള്ളവർ വീട്ടിൽ വരുമ്പോൾ നായ ദേഹത്തുകയറി സ്നേഹപ്രകടനം നടത്തിയിരുന്നതിനാലാണ് ഇങ്ങനെ ചെയ്തത്. നായയെ കൊന്നതിൽനിന്ന് ആശയമുൾക്കൊണ്ടാണ് ജോളി കുടുംബാംഗങ്ങളെ കൊല്ലാൻ വിഷം തിരഞ്ഞെടുത്തത്. ഇതേവിഷം കൊടുത്താണ് പൊന്നാമറ്റം വീട്ടിൽ അന്നമ്മയെ ജോളി കൊന്നതെന്ന് പോലീസ് പറഞ്ഞു. പിന്നീട് കേന്ദ്രസർക്കാർ ഈ വിഷം നിരോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വാഴവരയിലെത്തിയ അന്വേഷണസംഘം പരിശോധിച്ചത്. പേരാമ്പ്ര സി.ഐ. കെ.കെ.ബിജു, വനിതാ സെൽ എസ്.ഐ. പദ്മിനി, കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി.രാജ്മോഹൻ, സി.ഐ. വി.എസ്.അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് ജോളിയെ തെളിവെടുപ്പിനെത്തിച്ചത്. അസ്വസ്ഥയായി ജോളി അന്വേഷണത്തിൽ പോലീസുമായി സഹകരിച്ചിരുന്ന ജോളി, വെള്ളിയാഴ്ച കട്ടപ്പനയിലേക്ക് പോകുകയാണെന്നറിഞ്ഞതോടെ അസ്വസ്ഥയായി. അന്വേഷണസംഘവുമായി ഇതിന്റെപേരിൽ കലഹിക്കുകയും ചെയ്തു. തെളിവെടുപ്പിനിടെ, ജോളി ഷാളുപയോഗിച്ച് മുഖം മറച്ചിരുന്നു. നാട്ടുകാരുടെ രോഷം ഭയന്ന് വൻസന്നാഹമാണ് പോലീസ് ഒരുക്കിയിരുന്നത്. നാട്ടുകാർ കൂടിയെങ്കിലും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. Content Highlights:koodathai murder case accused jolly first killed a dog
from mathrubhumi.latestnews.rssfeed https://ift.tt/34lQyx6
via
IFTTT