Breaking

Friday, November 8, 2019

നമ്മില്‍ ഭിന്നതവേണ്ട-ഡോ. മാര്‍ അപ്രേം (കല്‍ദായ സുറിയാനി സഭ മെത്രാപ്പോലീത്ത)

മതസൗഹാർദം നിലനിന്നിരുന്ന ഭാരതത്തിൽ ഒരു കോടതിവിധി വരുമ്പോൾ പ്രകോപനപരമായ സമീപനങ്ങൾ എടുക്കുവാൻ നമുക്കാർക്കും അവകാശമില്ല. എല്ലാ മതങ്ങളെയും സ്വാഗതംചെയ്ത പാരമ്പര്യമാണ് ഭാരതത്തിന്റെത്. വിധിയുടെപേരിൽ രാജ്യത്തെ സമാധാനത്തിന് ഉലച്ചിൽ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണം. പരമോന്നത നീതിപീഠമാണ് വിധി പ്രഖ്യാപിക്കുന്നത്. ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്ന ഒരു രാജ്യത്തെ പൗരന്മാരെന്ന നിലയ്ക്ക് വിധിയെ മാനിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. നീതിയും സത്യവും പരിപാലിച്ചിട്ടുള്ളതാണ് നമ്മുടെ നീതിന്യായചരിത്രം. മതസാഹോദര്യത്തിൽ ഭാരതം ലോകത്തിനെന്നും മാതൃകയാണ്. ഇവിടത്തെ മഹത്തായ മൂല്യങ്ങളുടെയും മാനവികതയുടെയും അന്തഃസത്ത മനസ്സിലാക്കിയിട്ടാണ് വിദേശികൾ ഭാരതത്തെ നോക്കിക്കാണുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെയും വലിപ്പ-ചെറുപ്പങ്ങൾ കണക്കിലെടുക്കാതെയുമാണ് രാജ്യത്തിന്റെ നിതീന്യായസംവിധാനവും ഭരണഘടനയും പ്രവർത്തിക്കുന്നതെന്നത് നമ്മുടെ അഭിമാനമാണ്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ഒരു തരത്തിലുള്ള സമ്മർദവും ഇടപെടലും നമ്മൾ അനുവദിക്കില്ലെന്ന് തെളിയിച്ച പാരമ്പര്യവും നമുക്ക് അവകാശപ്പെടാം. അതിൽ ഓരോ ഭാരതീയനും ഊറ്റംകൊള്ളണം. ലോകം ഇന്ത്യയെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. സമാധാനത്തിന്റെയും മതസൗഹാർദത്തിന്റെയും ദീപം നമുക്ക് ഉയർത്തിപ്പിടിക്കാം. content highlights:ayodhya case verdict


from mathrubhumi.latestnews.rssfeed https://ift.tt/2NPHae3
via IFTTT