മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപത്കരിക്കാൻ ബി.ജെ.പിയെ ഗവർണർ ക്ഷണിച്ച സാഹചര്യത്തിൽ കരുനീക്കങ്ങളുമായി രാഷ്ട്രീയപാർട്ടികൾ. നാളെരാത്രി എട്ടുമണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നതിനാൽ, ബി.ജെ.പി. കുതിരക്കച്ചവടത്തിനു ശ്രമിക്കുമോ എന്ന ആശങ്കയിലാണ് പ്രതിപക്ഷ കക്ഷികൾ. ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നാൽ പ്രതിപക്ഷത്തെ ഒപ്പം കൂട്ടി സർക്കാർ രൂപവത്കരിക്കാനുള്ള നീക്കം ശിവസേന ആരംഭിച്ചു കഴിഞ്ഞു. ശിവസേനയുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു നേരത്തെ എൻ.സി.പി. സ്വീകരിച്ചത്. എന്നാൽ ആ നിലപാട് എൻ.സി.പി. അൽപം മയപ്പെടുത്തിയിരിക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വരികയും ശിവസേന അടക്കമുള്ളവർ ബി.ജെ.പിക്കെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്താൽ തങ്ങൾ ശിവസേനയ്ക്ക് ഒപ്പം ചേർന്ന് സർക്കാർ രൂപവത്കരിക്കുമെന്ന് എൻ.സി.പി. വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 288 അംഗ നിയമസഭയിൽകേവലഭൂരിപക്ഷത്തിന് ആവശ്യം 145 അംഗങ്ങളുടെ പിന്തുണയാണ്. എന്നാൽ 105 അംഗങ്ങൾ മാത്രമാണ് ബി.ജെ.പിക്കുള്ളത്. കേവലഭൂരിപക്ഷത്തിന് ഇനിയും അംഗങ്ങളുടെ പിന്തുണ ആവശ്യമാണെന്നിരിക്കെ, ബിജെപികുതിരക്കച്ചവടത്തിന് ശ്രമിക്കുമോ എന്ന ആശങ്ക പ്രതിപക്ഷകക്ഷികൾക്കുണ്ട്. കോൺഗ്രസ് തങ്ങളുടെ എം.എൽ.എമാരിൽ ഭൂരിഭാഗം പേരെയും രാജസ്ഥാനിലെ ജയ്പുറിലേക്ക് മാറ്റിയിട്ടുണ്ട്. ശിവസേനയും തങ്ങളുടെ എം.എൽ.എമാരെ ബാന്ദ്രയിലെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. 56 അംഗങ്ങളാണ് ശിവസേനയ്ക്കുള്ളത്. ശിവസേനയുമായി ഇനിയൊരു അനുനയനീക്കത്തിന് സാധ്യത ബിജെപിക്കു മുന്നിലില്ല. അതിനാൽ ബിജെപി ഗവർണറുടെ ക്ഷണത്തോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് അറിയേണ്ടത്. ഇന്ന് ബിജെപി കോർ കമ്മറ്റി യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമാകും സർക്കാർ രൂപവത്കരണനീക്കവുമായി മുന്നോട്ടു പോകണോ എന്ന കാര്യത്തിൽ ബിജെപിയുടെ തീരുമാനം പുറത്തെത്തുക. ശിവസേനയുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കാനില്ലെന്ന് നേരത്തെ തന്ന കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും ബിജെപിയെ മാറ്റി നിർത്താൻ ശിവസേനയുമായി സഹകരിക്കാമെന്ന നിലപാടിലാണെന്നാണ് സൂചന. content highlights:maharashtra government formation
from mathrubhumi.latestnews.rssfeed https://ift.tt/2Q2Kcyb
via
IFTTT