Breaking

Sunday, November 24, 2019

യുവ പേസര്‍മാരെ കളത്തിലിറക്കിയിട്ടും രക്ഷയില്ല; ഓസീസിനെതിരേ പാകിസ്താന് ഇന്നിങ്‌സ് തോല്‍വി

ബ്രിസ്ബെയ്ൻ: ഓസീസ് മണ്ണിൽ ഇന്നിങ്സ് തോൽവിയുമായി പാകിസ്താൻ. ആദ്യ ടെസ്റ്റിൽ യുവ പേസ് ബൗളർമാരുമായി പരീക്ഷണത്തിനിറങ്ങിയ പാകിസ്താൻ ഇന്നിങ്സിനും അഞ്ചു റൺസിനും തോറ്റു. 340 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്സിന് ഇറങ്ങിയ പാകിസ്താൻ 84.2 ഓവറിൽ 335 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റെടുത്ത ഹെയ്സെൽവുഡും മൂന്നു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും പാകിസ്താന്റെ പ്രതീക്ഷകൾ അവസാനിപ്പിക്കുകയായിരുന്നു. 173 പന്തിൽ 104 റൺസ് നേടിയ ബാബർ അസം, 95 റൺസ് അടിച്ച മുഹമ്മദ് റിസ്വാൻ എന്നിവർ മാത്രമാണ് ചെറുത്തുനിൽപ്പ് നടത്തിയത്. 42 റൺസ് അടിച്ച ഓപ്പണർ ഷാൻ മസൂദിനും 55 പന്തിൽ 42 റൺസ് നേടിയ യാസിർ ഷായ്ക്കും വലിയ ഇന്നിങ്സ് കെട്ടിപ്പടുക്കാനും കഴിഞ്ഞില്ല. ഇതോടെ പാകിസ്താൻ തോൽവി സമ്മതിച്ചു. സ്കോർ: പാകിസ്താൻ-240, 335 (84.2 ഓവർ), ഓസ്ട്രേലിയ-580. ആദ്യ ഇന്നിങ്സിൽ പാകിസ്താൻ 240 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക്, മൂന്നു വിക്കറ്റ് എടുത്ത കമ്മിൻസ് എന്നിവരാണ് പാകിസ്താനെ അനായാസം പുറത്താക്കിയത്. 76 റൺസെടുത്ത ആസാദ് ഷെയ്ഖ് ആണ് പാകിസ്താന്റെ ടോപ്പ് സ്കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് സെഞ്ചുറി അടിച്ച ഡേവിഡ് വാർണറുടേയും ലബുഷെയ്ന്റേയും മികവിൽ 580 റൺസ് നേടി. 279 പന്തിൽ 20 ഫോറുകളോടെ 185 റൺസെടുത്ത ലബുഷെയ്ൻ ആണ് കളിയിലെ താരം. 296 പന്തിൽ നിന്ന് വാർണർ നേടിയത് 154 റൺസാണ്. നാല് വിക്കറ്റെടുത്ത യാസിർ ഷായുടെ പ്രകടനം മാത്രമാണ് പാകിസ്താൻ ആശ്വസിക്കാനുണ്ടായിരുന്നത്. ഇതോടെ പാകിസ്താന് 340 റൺസിന്റെ കടവുമായി. രണ്ടാമിന്നിങ്സിൽ ആ കടം വീട്ടാനാകാതെ പാകിസ്താൻ ഇന്നിങ്സ് തോൽവിയിലെത്തി. Content Highlights: Australia vs Pakistan Test Cricket


from mathrubhumi.latestnews.rssfeed https://ift.tt/33g5bAy
via IFTTT