Breaking

Sunday, November 24, 2019

'ഭൂരിപക്ഷം തെളിയിക്കുന്ന രേഖകള്‍ നാളെ ഹാജരാക്കണം' - സുപ്രീം കോടതിയില്‍ ഇന്ന് നടന്നത്

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിനെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിച്ചു കൊണ്ട് ഗവർണർ ഭഗത് സിങ് കോഷിയാരി നൽകിയ കത്തും സർക്കാർ രൂപവത്കരിക്കാൻ മതിയായ ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ട് ഫഡ്നാവിസ് ഗവർണർക്ക് സമർപ്പിച്ച കത്തും തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് ഹാജരാക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയോട് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടു. പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള എം.എൽ.എമാരുടെ കത്തും കോടതിയിൽ സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.ജസ്റ്റിസുമാരായ എൻ.വി.രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഭൂരിപക്ഷം തെളിയിക്കാൻ മൂന്ന് ദിവസം സമയം നൽകണമെന്ന ബിജെപി ആവശ്യം കോടതി അംഗീകരിച്ചില്ല. വിശ്വാസ വോട്ടെടുപ്പ് നാളെ വേണമെന്ന ത്രികക്ഷി സഖ്യത്തിന്റെ ആവശ്യവും കോടതി നിരസിച്ചു. ഇതിനു ശേഷമാണ് ഫഡ്നാവിസ് ഗവർണർക്ക് നൽകിയ രണ്ട് കത്തുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. സുപ്രീം കോടതിയിൽ നടന്ന വാദങ്ങളുടെ പ്രസക്ത ഭാഗങ്ങൾ സുപ്രീം കോടതി മൂന്നംഗ ബഞ്ചിനു മുന്നിൽ ആദ്യം വാദിച്ചത് കപിൽ സിബലാണ്. ശിവസേനയ്ക്ക് വേണ്ടിയാണ് സിബൽ കോടതിയിൽ ഹാജരായത്. ഗവർണറെ രൂക്ഷമായി വിമർശിച്ച അദ്ദേഹം തങ്ങൾക്ക് ഭൂരിപക്ഷം ഉണ്ടെന്നും അവകാശപ്പെട്ടു. ഗവർണർ പ്രവർത്തിക്കുന്നത് സ്വന്തം നിലയ്ക്കല്ല, ആരുടെയൊ നിർദേശപ്രകാരമാണെന്ന് സിബൽ ആരോപിച്ചു. 24 മണിക്കൂറിനകം വിശ്വാസ വോട്ടടുപ്പ് നടത്തണം. നാളെ ഭൂരിപക്ഷം തെളിയിക്കാൻ തയ്യാറാണ്. ഭൂരിപക്ഷം ഉണ്ടെന്ന് വ്യക്തമാക്കുന്ന ഒരു രേഖയൊ കത്തോ ഫഡ്നാവിസ് ഹാജരാക്കിയതായി അറിയില്ല. അങ്ങനെ ഒരു രേഖയും ലഭ്യമല്ല. ഭൂരിപക്ഷം ഉണ്ട് എന്നത് വെറും ഊഹാപോഹം മാത്രമാണെന്നും കപിൽ സിബൽ കോടതിയെ ആരോപിച്ചു. എത്രയും വേഗം വിശ്വാസ വോട്ടെടുപ്പിന് അനുമതി നൽകിയില്ലെങ്കിൽ കുതിരക്കച്ചവടത്തിന് സാഹചര്യമൊരുങ്ങുമെന്നും അതിന് കോടതി അനുമതി നൽകരുതെന്നും കപിൽ സിബൽ വാദിച്ചു. എൻസിപിയ്ക്കും കോൺഗ്രസിനും വേണ്ടി മനു അഭിഷേക് സിങ് വിയാണ് ഹാജരായത്. ഭൂരിപക്ഷം സംബന്ധിച്ച യാതൊരു പരിശോധനയും ഗവർണ്ണർ നടത്തിയിട്ടില്ലെന്നും അജിത് പവാറിനെ നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് നീക്കിയ തീരുമാനവും മനുഅഭിഷേക് സിങ്വി കോടതിയെ അറിയിച്ചു. പാർട്ടിയിൽ ഇല്ലാത്ത ഒരാൾ എങ്ങനെയാണ് സർക്കാർ രൂപവത്കരിക്കുന്നതെന്നും സിങ്വി ചോദിച്ചു. ബിജെപിക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ അത് നിയമസഭയിൽ തെളിയിക്കട്ടെയെന്നും വോട്ടെടുപ്പ് സുതാര്യമായിരിക്കണമെന്നും സിങ്വി ആവശ്യപ്പെട്ടു. ബിജെപിക്ക് വേണ്ടി മുകുൾ റോഹ്ത്തഗിയാണ് ഹാജരായത്. ഇത്രയും ദിവസം കോൺഗ്രസ്, എൻസിപി, ശിവസേന ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ എവിടെ ആയിരുന്നുവെന്ന് ചോദിച്ചു കൊണ്ടാണ് മുകുൾ റോഹ്ത്തഗി വാദം ആരംഭിച്ചത്. ഹർജി കോടതി പരിഗണിക്കരുതെന്നും റോഹ്ത്തഗി വാദിച്ചു. എന്നാൽ ഈ ആവശ്യം കോടതി ആദ്യം തന്നെ നിരസിച്ചു. ഗവർണറുടെ അധികാരത്തിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ല. ഒരു കക്ഷിയെ മന്ത്രി സഭ രൂപവത്കരിക്കാൻ ക്ഷണിക്കാൻ ഗവർണർക്ക് അധികാരമുണ്ട് അതിനാൽ തന്നെ ഗവർണറുടെ നടപടി പുനപരിശോധിക്കേണ്ട ആവശ്യമില്ല - മുഗുൾ റോഹ്ത്തഗി കോടതിയിൽ വാദിച്ചു. മൂന്ന് ദിവസം നൽകിയാൽ ഭൂരിപക്ഷം തെളിയിക്കാമെന്നും മുകുൾ റോഹ്ത്തഗി കോടതിയെ അറിയിച്ചു. Contet Highlight: Important arguments in supreme court in Maharashtra govt formation


from mathrubhumi.latestnews.rssfeed https://ift.tt/34eDQzT
via IFTTT