ന്യൂഡൽഹി: യുദ്ധവിമാനങ്ങളുടെ എണ്ണം ഉയർത്തി കരുത്ത് വർധിപ്പിക്കാനൊരുങ്ങി വ്യോമസേന. ഇതിന്റെ ഭാഗമായി തദ്ദേശീയമായി നിർമിക്കുന്ന മുന്നൂറോളം യുദ്ധവിമാനങ്ങളും പരിശീലന വിമാനങ്ങളും സേന വാങ്ങും. 83 തേജസ് മാർക്ക്- വൺ വിമാനങ്ങൾ, തേജസ് മാർക്ക്-രണ്ടിന്റെ പത്ത് സ്ക്വാഡ്രണുകൾ, അഞ്ചാംതലമുറയിൽപ്പെട്ട 36 അഡ്വാൻസ്ഡ് മീഡിയം കോംപാക്ട് വിമാനങ്ങൾ, പുതുതായി നിർമിച്ച പരിശീലന വിമാനമായ എച്ച്.ടി.ടി.പി.-40 തുടങ്ങിയവയാണ് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽനിന്ന് വാങ്ങുന്നത്. തേജസ് മാർക്ക് വൺ വിമാനങ്ങൾ വാങ്ങാനുള്ള കരാർ വ്യോമസേനയും എച്ച്.എ.എല്ലും നടപ്പ് സാമ്പത്തികവർഷം അവസാനത്തോടെ ഒപ്പിട്ടേക്കും. ഇതുസംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണ്. തേജസിന്റെ 40 പ്രാഥമികപതിപ്പ് വിമാനങ്ങൾ ഇതിനോടകം സേന വാങ്ങിയിരുന്നു. 16-18 വിമാനങ്ങൾ അടങ്ങിയതാണ് തേജസ് മാർക്ക് രണ്ട് സ്ക്വാഡ്രൺ. അഡ്വാൻസ്ഡ് മീഡിയം കോംപാക്ട് വിമാനത്തിന്റെ രൂപകൽപ്പന ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചാംതലമുറയിൽപ്പെടുന്ന ഇന്ത്യയുടെ ആദ്യ പോർവിമാനം ഇതായിരിക്കുമെന്നാണ് കരുതുന്നത്. നിലവിൽ, യു.എസ്., ചൈന, റഷ്യ എന്നീ രാജ്യങ്ങൾ മാത്രമാണ് സ്വന്തമായി അഞ്ചാംതലമുറ യുദ്ധവിമാനങ്ങൾ വികസിപ്പിച്ചിട്ടുള്ളത്. പുതിയ വിമാനങ്ങൾ വാങ്ങാനുള്ള പദ്ധതി കേന്ദ്ര സർക്കാരിനെ വ്യോമസേന അറിയിച്ചിട്ടുണ്ട്. തദ്ദേശീയമായി നിർമിക്കുന്ന വിമാനങ്ങൾ സേനയിൽ കൂടുതൽ ഉൾപ്പെടുത്തുന്നതിന് പ്രാധാന്യം നൽകുമെന്ന് ഈയിടെ ചുമതലയേറ്റ വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ വ്യക്തമാക്കിയിരുന്നു. പാകിസ്താൻ, ചൈന അതിർത്തികളിൽ കുറ്റമറ്റവിധത്തിൽ വ്യോമപ്രതിരോധം ഒരുക്കാൻ കുറഞ്ഞത് യുദ്ധവിമാനങ്ങളുടെ 42 സ്ക്വാഡ്രണുകളെങ്കിലും വേണമെന്നാണ് സേനയുടെ വിലയിരുത്തൽ. നിലവിൽ, 30 സ്ക്വാഡ്രണുകൾ മാത്രമാണുള്ളത്. content highlights:IAF ready to buy 300 indigenous fighters and trainers
from mathrubhumi.latestnews.rssfeed https://ift.tt/36Jn0L8
via
IFTTT