Breaking

Friday, November 8, 2019

റിസോര്‍ട്ട് ജീവനക്കാരന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍

രാജാക്കാട് (ഇടുക്കി): ഒരാഴ്ച മുമ്പ് കാണാതായ ജീവനക്കാരന്റെ പകുതി കത്തിയ മൃതദേഹം ഫാം ഹൗസ് വളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ശാന്തൻപാറ പുത്തടി മുല്ലൂർ റിജോഷിന്റെ(31) മൃതദേഹമാണ് പുത്തടിക്ക് സമീപം മഷ്റൂംഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തിൽനിന്ന് പോലീസിൻറെ നേതൃത്വത്തിൽ പുറത്തെടുത്തത്. റിജോഷിനെ കാണാതായതിൻറെ അഞ്ചാം ദിവസം മുതൽ ഭാര്യ ഭാര്യ ലിജി(29) യെയും മകൾ രണ്ടുവയസുകാരി ജോവാനയെയും കാണാതായിരുന്നു. ഒപ്പം ഫാം ഹൗസ് മാനേജർ തൃശ്ശൂർ മുകുന്ദപുരം വള്ളിവട്ടം കുഴിക്കണ്ടത്തിൽ എ.വസീമിനെയും(32) കാണാതായി. കേസിൽ അന്വേഷണം നടക്കുന്നതിനിടെ, റിജോഷിനെ കൊന്നത് താനാണെന്നും മറ്റാർക്കും പങ്കില്ലെന്നുമുള്ള വസീമിന്റെ കുറ്റസമ്മത വീഡിയോ പുറത്തുവന്നു. വസീം സഹോദരന് അയച്ച വീഡിയോസന്ദേശം പോലീസിന് കൈമാറിയിട്ടുണ്ട്. പ്രതിയായ വസീമും റിജോഷിന്റെ ഭാര്യയും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. റിജോഷിനെ ഒഴിവാക്കാൻ കൊലപ്പെടുത്തിയെന്നാണ് നിഗമനം. നിർണായകമായത് രണ്ടു ഫോൺവിളികൾ റിജോഷിനെ കാണാതായ ഒക്ടോബർ 31-ന് വൈകീട്ട് ഫാം ഹൗസിന് സമീപം ഇരുന്ന് റിജോഷ് മദ്യപിക്കുന്നത് കണ്ടവരുണ്ട്. വസീമും കൂടെയുണ്ടായിരുന്നു. പിന്നെ റിജോഷിനെ ആരും കണ്ടിട്ടില്ല. ബന്ധുക്കൾ പോലീസിൽ പരാതി നൽകിയപ്പോൾ കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിൽനിന്ന് റിജോഷ് തന്നെ ഫോണിൽ വിളിച്ചിരുന്നെന്ന് ഭാര്യ ലിജി മൊഴി നൽകി. രണ്ട് വ്യത്യസ്ത നമ്പരുകളിൽനിന്നായിരുന്നു കോളുകൾ. ഈ നമ്പരുകൾ പരിശോധിച്ച് ഉടമകളെ കണ്ടെത്തിയ പോലീസ് അവരെ ചോദ്യംചെയ്തു. ഫാം ഹൗസ് മാനേജർ വസീമിന്റെ സഹോദരൻ പറഞ്ഞതനുസരിച്ചാണ് തങ്ങൾ ഫോൺ വിളിച്ചതെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു. ഇവർ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇതോടെ വസീമിലേക്ക് അന്വേഷണം തിരിഞ്ഞു. ഇത് മനസ്സിലാക്കിയ ഇയാൾ റിജോഷിന്റെ ഭാര്യ ലിജിയെയും കുട്ടിയെയും കൂട്ടി നാടുവിട്ടതായി പോലീസ് സംശയിക്കുന്നു. നവംബർ നാലിനാണ് മൂവരെയും കാണാതായത്. ഇതിനുശേഷം വസീം നെടുങ്കണ്ടത്തിന് അടുത്തുള്ള എ.ടി.എമ്മിൽനിന്ന് പണം പിൻവലിച്ചിട്ടുണ്ട്. പിന്നീട് ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫായി. എങ്കിലും പ്രതികളെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചെന്നാണ് സൂചന. റിജോഷ്-ലിജി ദമ്പതിമാർക്ക് രണ്ട് മക്കൾ കൂടിയുണ്ട്. മൂന്നാർ ഡിവൈ.എസ്.പി. രമേഷ് കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. പയസ് ജോർജ്, ശാന്തൻപാറ സി.ഐ. ടി.ആർ.പ്രദീപ് കുമാർ, രാജാക്കാട് സി.ഐ. എച്ച്.എൽ.ഹണി, എസ്.ഐ.മാരായ പി.ഡി.അനൂപ് മോൻ, ബി.വിനോദ് കുമാർ, ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. പശുക്കുട്ടിയെ കുഴിച്ചിട്ടെന്നു പറഞ്ഞ് മണ്ണിടൽ ഫാം ഹൗസിന് 100 മീറ്റർ അകലെ ജലസംഭരണിക്ക് സമീപം ആറടി താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫാമിലെ ചത്ത പശുക്കുട്ടിയെ കുഴിച്ചിട്ട ഭാഗത്ത് കുറച്ച് മണ്ണുകൂടി ഇടണമെന്ന് സമീപവാസിയായ മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററോട് വസീം നിർദേശിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴി പൂർണമായും മണ്ണിട്ട് നികത്തുകയും ചെയ്തു. ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യന്റെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. content highlights:Rajakkad resort murder


from mathrubhumi.latestnews.rssfeed https://ift.tt/34PS0aT
via IFTTT