അയോധ്യ: അയോധ്യ ക്ഷേത്രനഗരിയിൽ ഹനുമാൻഗഡിക്കടുത്താണ് സവാന ബീഗത്തിന്റെ പൂജാസ്റ്റോർ. ശ്രീരാമന്റെ വിഗ്രഹങ്ങളും പുസ്തകങ്ങളും ഫോട്ടോകളും പൂജാസാധനങ്ങളും സൗന്ദര്യവർധകവസ്തുക്കളും വളകളും മാലകളുമൊക്കെ വിൽക്കുന്ന കൊച്ചുകട. മുപ്പതുകാരിയായ സവാനയാണ് 15 വർഷത്തോളമായി നടത്തിപ്പുകാരി. ഭർത്താവ് മെഹബൂബ് അലി പൂജാസാധനങ്ങളുടെ മൊത്തവ്യാപാരവുമായി ബന്ധപ്പെട്ട തിരക്കിലാവും എപ്പോഴും. രണ്ടാൺ മക്കളും മൂന്നുപെൺമക്കളും ഈ ദമ്പതിമാർക്കുണ്ട്. ഭൂമിതർക്കക്കേസിലെ വിധിയിൽ ആശങ്കയില്ലേ എന്ന ചോദ്യത്തിന് 'എന്തുവരുമെന്നറിയില്ല, നാട്ടുകാർക്ക് പ്രശ്നമൊന്നുമില്ല, പുറത്തുള്ളവരാണ് പ്രശ്നക്കാർ' എന്നായിരുന്നു സവാനയുടെ മറുപടി. “അയോധ്യയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും പണ്ടേ വളരെ സൗഹാർദമുള്ളവരാണ്. പരസ്പരം വീടുകൾ സന്ദർശിക്കുകയും ഭക്ഷണവും വെള്ളവും പങ്കിടുകയും ചെയ്യുന്നവർ. എന്റെ കടയിൽത്തന്നെ, സാധനങ്ങൾ വാങ്ങാൻ വരുന്നവരെല്ലാം ഹിന്ദുക്കളാണ്. ഞങ്ങളുടെ കൈയിൽനിന്നു വാങ്ങുന്ന സാധനങ്ങൾ ഭഗവാനു സമർപ്പിക്കാൻ മടിയില്ലാത്തവർ. അതിനാൽ കോടതി വിധിയും ദൈവനിശ്ചയംപോലെ നടക്കും. അതനുസരിച്ചാൽ ആർക്കും പ്രശ്നമുണ്ടാവില്ല” -സവാന പറഞ്ഞു. സവാനയുടെ കുട്ടികളെല്ലാം ഉമ്മയ്ക്കൊപ്പം കടയിൽത്തന്നെയാണിപ്പോൾ മുഴുവൻ സമയവും. “മക്കൾ പഠിക്കുന്ന സ്കൂളിൽ പോലീസുകാർക്ക് താമസസൗകര്യം ഏർപ്പെടുത്തിയിരിക്കയാണ്. അവർ പോകുംവരെ ഇനി സ്കൂൾ ഉണ്ടാവില്ല” -സവാന പറഞ്ഞു. “ ഈ പ്രശ്നം എങ്ങനെയെങ്കിലും പരിഹരിച്ചുകിട്ടിയാൽ മനസ്സമാധാനമായി ജീവിക്കാമായിരുന്നു. മക്കളുടെ വിദ്യാഭ്യാസവും കച്ചവടവും മുടക്കമില്ലാതെ അപ്പോൾ നടക്കുമല്ലോ” -സവാന പറയുന്നു. അയോധ്യയിലുള്ളവരെല്ലാം പരസ്പരം സഹകരിക്കുന്നവരാണെന്നും പ്രശ്നമുണ്ടാക്കുന്നത് പുറത്തുനിന്നുള്ളവരാണെന്നും സവാനയ്ക്ക് സാധനങ്ങളെത്തിക്കുന്ന മൊത്തവ്യാപാരിയായ അഗ്യറാമും പറഞ്ഞു. സുപ്രീംകോടതിവിധി എല്ലാവരും അനുസരിക്കാൻ മനസ്സുകാണിച്ചാൽ പ്രശ്നങ്ങളെല്ലാം ഒഴിയുമെന്നാണ് അഗ്യറാമിന്റെയും അഭിപ്രായം. Content Highlights:Religious harmony-Ayodhya
from mathrubhumi.latestnews.rssfeed https://ift.tt/32wThli
via
IFTTT