ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ വിജയം. അത്ലറ്റിക്കോ മാഡ്രിഡ് തോറ്റപ്പോൾ മാഞ്ചസ്റ്റർ സിറ്റിയെ അറ്റ്ലാന്റ സമനിലയിൽ പിടിച്ചു. ഹാട്രിക് അടിച്ച റോഡ്രിഗോയുടെ മികവിൽ ഗലറ്റ്സരയെ എതിരില്ലാത്ത ആറു ഗോളിനാണ് റയൽ തോൽപ്പിച്ചത്. ജയത്തോടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ പി.എസ്.ജിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി റയൽ. റയലിനായി ബെൻസിമ ഇരട്ട ഗോൾ അടിച്ചു. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സെർജിയോ റാമോസും ഒരു ഗോൾ കണ്ടെത്തി. ഹാട്രിക് നേടിയ റോഡ്രിഗോ ഒരു റെക്കോഡും സ്വന്തം പേരിലാക്കി. ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് റോഡ്രിഗോ. റയൽ മാഡ്രിഡിന്റെ ഇതിഹാസ താരമായ റൗൾ ആണ് ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം. മറ്റൊരു മത്സരത്തിൽ അറ്റ്ലാന്റയ്ക്കെതിരേ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു മാഞ്ചസ്റ്റർ സിറ്റി. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ടാം പകുതിയിൽ ഗോൾകീപ്പർ ക്ലോഡിയോ ബ്രാവോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് സിറ്റി മത്സരം പൂർത്തിയാക്കിയത്. ആദ്യ പകുതിയിൽ പരിക്കേറ്റ ഗോൾകീപ്പർ എഡേഴ്സണ് പകരക്കാരനായാണ് ബ്രാവോ സിറ്റിക്ക് വേണ്ടി വല കാക്കാനിറങ്ങിയത്. എന്നാൽ ബ്രാവോയും ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അവസാന പത്ത് മിനിറ്റ് കെയ്ൽ വക്കറാണ് സിറ്റിയുടെ വല കാത്തത്. ആദ്യ പകുതിയിൽ സ്റ്റെർലിങ്ങിന്റെ ബാക് ഹീലിൽ നിന്ന് കിട്ടിയ പന്ത് ഗോളാക്കി സ്റ്റെർലിങ്ങ് ആണ് സിറ്റിക്ക് വേണ്ടി ഗോൾ നേടിയത്. പിന്നീട് ലീഡ് ഇരട്ടിയാക്കാനുള്ള അവസരം സിറ്റിക്ക് ലഭിച്ചെങ്കിലും ജെസൂസ് പെനാൽറ്റി പുറത്തേക്കടിച്ചു കളഞ്ഞു. തുടർന്ന് രണ്ടാം പകുതിയിൽ ഹെഡറിലൂടെ പാസാലിച്ച് അറ്റ്ലാന്റയുടെ സമനില ഗോൾ നേടി. അതേസമയം ബയർ ലെവർകൂസൻ ഒന്നിനെതിരേ രണ്ട് ഗോളിന് അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചു. 41-ാം മിനിറ്റിൽ തോമസ് പാർട്ടേയുടെ സെൽഫ് ഗോളിലൂടെ ബയർ മുന്നിലെത്തി. 55-ാം മിനിറ്റിൽ കെവിൻ വൊല്ലാണ്ട് ബയറിന്റെ ലീഡ് രണ്ടാക്കി. ഇഞ്ചുറി ടൈമിലായിരുന്നു അത്ലറ്റിക്കോ ഒരു ഗോൾ തിരിച്ചടിച്ചത്. അൽവാരൊ മൊറാട്ട ലക്ഷ്യം കണ്ടു. അതിനിടയിൽ 84-ാം മിനിറ്റിൽ ബയറിന്റെ നദീം അമീരി ചുവപ്പ് കാർഡ് പുറത്തായി. Content Highlights: Champions League Football Real Madrid Manchester City
from mathrubhumi.latestnews.rssfeed https://ift.tt/34DA2bc
via
IFTTT