ശിവ ഗോദാവരി: പ്രസാദത്തിൽ സയനൈഡ് ചേർത്തുനൽകി 20 മാസത്തിനിടെ പത്തുപേരെ കൊന്നയാളെ പടിഞ്ഞാറൻ ഗോദാവരിയിലെ ഏലൂരുവിൽ ആന്ധ്രപ്രദേശ് പോലീസ് അറസ്റ്റുചെയ്തു. വെങ്കടേശ്വപുരം നിവാസിയായ ശിവയെന്ന വെള്ളങ്കി സിംഹാദ്രിയാണ് (38) അറസ്റ്റിലായത്. പണത്തിനുവേണ്ടി സ്വന്തം അമ്മൂമ്മയെയും സഹോദരന്റെ ഭാര്യയെയുംവരെ ഇയാൾ കൊലപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. പ്രതിയിൽനിന്ന് 1.6 ലക്ഷം രൂപയും 26 സ്വർണനാണയങ്ങളും പിടിച്ചെടുത്തു. ഇയാൾക്ക് സയനൈഡ് നൽകിയിരുന്ന ഷെയ്ക്ക് അമിനുള്ളയെയും (60) അറസ്റ്റുചെയ്തു. ശിവയുമായി ബന്ധപ്പെട്ടുവരുകയായിരുന്ന പത്തുപേരുടെ ജീവൻ ഈ അറസ്റ്റിലൂടെ രക്ഷപ്പെടുത്താനായെന്ന് പോലീസ് അറിയിച്ചു. ബാങ്കിൽ പണവും സ്വർണവും നിക്ഷേപിക്കാനായി വീട്ടിൽനിന്നുപോയ നാഗരാജു എന്ന അധ്യാപകനെ മരിച്ചനിലയിൽ കണ്ടതോടെയാണ് കൊലപാതകപരമ്പരയുടെ ചുരുളഴിഞ്ഞത്. കഴിഞ്ഞമാസംനടന്ന സംഭവത്തിൽ സി.സി.ടി.വി. ദൃശ്യങ്ങളിലും ഫോൺസംഭാഷണങ്ങളിലുംനിന്നാണ് ശിവയുടെ പങ്ക് കണ്ടെത്തിയത്. വസ്തുക്കച്ചവടക്കാരനായിരുന്ന ശിവ വ്യാപാരത്തിൽ വലിയ നഷ്ടമുണ്ടായതിനെത്തുടർന്ന് കെട്ടിടസമുച്ചയത്തിന്റെ കാവൽക്കാരനായി ജോലിയിൽ പ്രവേശിച്ചു. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് ആളുകളെ പറഞ്ഞുവിശ്വസിപ്പിച്ചു. ഒളിഞ്ഞിരിക്കുന്ന നിധികളുടെ വിവരം വെളിപ്പെടുത്താമെന്നും സ്വർണം ഇരട്ടിപ്പിച്ചുനൽകാമെന്നും പറഞ്ഞ് ആളുകളെ കൈയിലെടുത്തു. കെണിയിൽക്കുടുങ്ങിയവർ വൻ തുകയും സ്വർണവുമായി ഇയാളെ കാണാനെത്തും. ഇവർക്ക് സയനൈഡ് ചേർത്ത പ്രസാദം നൽകും. പ്രസാദം കഴിച്ചയാൾ കുഴഞ്ഞുവീഴുന്നതോടെ പണവും ആഭരണങ്ങളും അപഹരിച്ച് കടന്നുകളയും. ഇതായിരുന്നു ശിവയുടെ രീതിയെന്ന് എസ്.പി. നവ്ദീപ് സിങ് ഗ്രെവാൾ പറഞ്ഞു. 2018 ഫെബ്രുവരിക്കും 2019 ഒക്ടോബറിനും ഇടയ്ക്ക് ഗോദാവരി, കൃഷ്ണ ജില്ലകളിലായാണ് ശിവ കൊലപാതകങ്ങൾ നടത്തിയത്. പ്രമേഹം മാറ്റാമെന്ന വ്യാജേന വിഷംനൽകി അമ്മൂമ്മയെ കൊന്ന് ആഭരണങ്ങൾ കവർന്നു. പണം ഇരട്ടിപ്പിക്കാമെന്നുപറഞ്ഞ് സഹോദരന്റെ ഭാര്യയെ കൊന്ന് അഞ്ചുലക്ഷം രൂപയും ആഭരണങ്ങളും കൈക്കലാക്കി. രണ്ടുമാസം കൂടുമ്പോൾ ഒരാളെ വീതമാണ് കൊന്നിരുന്നത്. ഏകദേശം 24 ലക്ഷത്തിലധികം രൂപയും 35 പവൻ സ്വർണവും ഈ രീതിയിൽ സ്വന്തമാക്കിയിട്ടുണ്ടെന്നും ഈ പണംകൊണ്ട് പുതിയ വീടും സ്ഥലവും വാങ്ങിയെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ശിവയുടെ ഫോണിലുള്ള 220 നമ്പറുകളും പരിശോധിച്ച പോലീസ് ഇതിൽ പത്തുനമ്പറുകളിലുള്ള ആളുകളുടെ വീടുകളിൽ ദുരൂഹമരണങ്ങൾ നടന്നിരുന്നതായി കണ്ടെത്തി. നിലവിൽ നാലുപേരുടെ മരണത്തിൽ മാത്രമാണ് കേസെടുത്തിരിക്കുന്നത്. content highlights:Cyanide Siva': Andhra Pradesh man held for poisoning 10
from mathrubhumi.latestnews.rssfeed https://ift.tt/36z72TQ
via
IFTTT