കോയമ്പത്തൂർ: അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ വ്യാജമാണെന്ന ആരോപണം നേരിടുന്നതിനിടെ കൊല്ലപ്പെട്ട വനിത ആരെന്ന് ഉറപ്പിക്കാൻ ഒരാഴ്ചയായിട്ടും പോലീസിനായിട്ടില്ല. കൊല്ലപ്പെട്ടവരിൽ ഒരാൾ മണിവാസകമാണെന്നു മാത്രമാണ് പോലീസിന് പൂർണമായും ഉറപ്പുള്ളത്. മറ്റു രണ്ടുപേർ കാർത്തിയും അരവിന്ദുമാണെന്ന് ഏറക്കുറെ ഉറപ്പിക്കുന്നു. എന്നാൽ, യുവതിയെക്കുറിച്ച് ഊഹാപോഹങ്ങളിൽക്കവിഞ്ഞൊന്നും പോലീസിന്റെ കൈയിലില്ല. അതുകൊണ്ടുതന്നെ കൊല്ലപ്പെട്ടവർ ആരൊക്കെയെന്ന് ഔദ്യോഗികമായി ഇതുവരെ പറഞ്ഞിട്ടില്ല. കർണാടക സ്വദേശി ശ്രീമതിയാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം കരുതിയത്. രണ്ട് വയസ്സിനടുത്തുള്ള കുഞ്ഞിനെ രണ്ടുമാസം മുമ്പ് കാട്ടിൽ സംഘത്തോടൊപ്പം ചിലർ കണ്ടിട്ടുണ്ട്. ശ്രീമതിക്കാണ് കുഞ്ഞുള്ളതെന്നാണ് പോലീസിനുള്ള വിവരം. ശ്രീമതിയുടെ സ്വദേശമായ കർണാടക ചിക്കമഗളുരുവിൽനിന്നെത്തിയ പോലീസ് മൃതദേഹം അവരുടേതാണെന്ന് ഉറപ്പിച്ചിട്ടില്ല. ശ്രീമതിയാണ് കൊല്ലപ്പെട്ടതെങ്കിൽ കുഞ്ഞ് എവിടെയെന്നതാണ് കുഴക്കുന്ന ചോദ്യം. ഒരു കാല് മന്ത് എന്നപോലെ തടിച്ച യുവതിയാണ് മരിച്ചത്. ഇതോടെ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി രമയാണെന്ന സംശയമുയർന്നു. രമയ്ക് ഇത്തരത്തിലൊരു പ്രശ്നമുണ്ടെന്നതാണ് സംശയത്തിനു കാരണം. രമയാണ് എന്ന നിഗമനത്തിലാണ് തമിഴ്നാട് ക്യു ബ്രാഞ്ചും പ്രത്യേക കർമസേനയും. എന്നാൽ, ഫോട്ടോയും മൃതദേഹവും ഒത്തുനോക്കി രമയാണെന്ന് ഉറപ്പിക്കാനായിട്ടില്ല. ബന്ധുക്കൾ രമയെ കണ്ടിട്ട് പത്തോ പന്ത്രണ്ടോ വർഷത്തിലധികമായി. അവർക്കും ഉറപ്പില്ല. ഉഡുപ്പി സ്വദേശിയായ ആദിവാസി യുവതി ശോഭയാണിതെന്ന സംശയവും നിലനിൽക്കുന്നു. ബന്ധു ഞായറാഴ്ചയെത്തിയെങ്കിലും തിരിച്ചറിഞ്ഞതായി പറഞ്ഞിട്ടില്ല. പല്ല്, താടിയെല്ല് തുടങ്ങിയ ശരീരഭാഗങ്ങൾക്ക് മൂന്ന് യുവതികൾക്കും സാമ്യം ഉണ്ട്. അതാണ് കുഴക്കുന്നത്. ഡി.എൻ.എ. ടെസ്റ്റിലൂടെ തിരിച്ചറിയാമെന്ന പ്രതീക്ഷയിലാണിപ്പോൾ പോലീസ്. അതേസമയം, പോലീസിന്റെ സംശയപട്ടികയ്ക്കുപുറത്തുള്ള ആളാണെങ്കിൽ തിരിച്ചറിയൽ എളുപ്പമല്ല. ആരോപണങ്ങൾ നിലനിൽക്കെ മരിച്ചതാരെന്നറിയാതെ സംസ്കരിക്കേണ്ടിവരുന്നത് പോലീസിനെ കുഴക്കും. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ എന്നനിലയിലാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുള്ളത്. Content Highlights:Attapadi maoist encounter
from mathrubhumi.latestnews.rssfeed https://ift.tt/329jkz2
via
IFTTT