തിരുവനന്തപുരം: മദ്യവിതരണത്തിന് വെർച്വൽ ക്യൂ ഏർപ്പെടുത്തിയ ബെവ് ക്യൂ ആപ്പ് വീണ്ടും തകരാറിലായതോടെ ബിവറേജസ് കോർപ്പറേഷന് നഷ്ടംകൂടി. ശനിയാഴ്ച കോർപ്പറേഷന്റെ മിക്ക ഷോപ്പുകളിലും ടോക്കൺ കുറവായിരുന്നു. ഇതോടെ കച്ചവടം ഇടിഞ്ഞു. ഉച്ചവരെ 100-120 ടോക്കണുകളാണ് നൽകിയത്.പിൻകോഡ് അടിസ്ഥാനമാക്കി ബുക്കിങ് വീതംവച്ചപ്പോൾ കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾക്ക് ബുക്കിങ് വീണ്ടും കുറഞ്ഞു. ഇതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ആപ്പ് നിർമിച്ചവരോട് തകരാർ പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചില ഷോപ്പുകളിൽ നൽകിയ ടോക്കണുകളിൽ മദ്യം വാങ്ങാനെത്തേണ്ട സമയം രേഖപ്പെടുത്തിയിരുന്നില്ല. ഇത്തരം കൂപ്പണുകളുമായി വരുന്നവർക്ക് മദ്യം നൽകാൻ കോർപ്പറേഷൻ അധികൃതർ നിർദേശം നൽകി. അതേസമയം, മിക്ക ബാറുകളിലും നല്ല തിരക്കായിരുന്നു. ബെവ്ക്യൂ ആപ്പ് കോർപ്പറേഷന് നഷ്ടമുണ്ടാക്കുന്നതായി അധികൃതർ സർക്കാരിന് റിപ്പോർട്ടുനൽകിയിട്ടുണ്ട്. വൈകാതെ ആപ്പ് പിൻവലിക്കാനുമിടയുണ്ട്. തിരക്ക് ഒഴിവാക്കാനുള്ള താത്കാലികസംവിധാനം മാത്രമാണ് മൊബൈൽ ആപ്പെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കുറവുസംഭവിച്ചിട്ടുണ്ട്. ദിവസം നാലരലക്ഷം ടോക്കണാണ് ആദ്യ ദിവസങ്ങളിൽ നൽകിയിരുന്നത്. ശനിയാഴ്ച 2.5 ലക്ഷം ടോക്കണാണ് നൽകിയത്. ബാറുകളിൽ ടോക്കണില്ലാതെ മദ്യം നൽകുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2YcuFhT
via
IFTTT