ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് വിട്ട് മറ്റുപാർട്ടികളിൽ ചേക്കേറിയവരെ തിരികെക്കൊണ്ടുവരാൻ 'ഘർ വാപസി'യുമായി പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ. ഇതിനായി മുൻമന്ത്രി അല്ലം വീരഭദ്രപ്പയുടെ നേതൃത്വത്തിൽ പന്ത്രണ്ടംഗസമിതി രൂപവത്കരിച്ചു. കഴിഞ്ഞ വർഷം ഒട്ടേറെ കോൺഗ്രസ് എം.എൽ.എ.മാർ പാർട്ടിവിട്ട് ബി.ജെ.പി.യിൽ ചേരുകയും ഇതു കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യസർക്കാരിന്റെ പതനത്തിന് കാരണമാവുകയുംചെയ്തിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പും പല പ്രമുഖനേതാക്കളും പാർട്ടി വിട്ടിരുന്നു. ഇവരെയെല്ലാം തിരികെ കൊണ്ടുവരാനാണ് 'ഘർ വാപസി'യിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. കോൺഗ്രസിൽനിന്ന് വിട്ടുപോയവരും അല്ലാത്തവരും പാർട്ടിയിലേക്കുവരാൻ ആഗ്രഹിക്കുന്നുണ്ടെന്നും പലരും തന്നെ കണ്ടെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. ഈ കാര്യത്തിൽ തനിച്ച് തീരുമാനമെടുക്കുന്നത് ഉചിതമല്ലാത്തതിനാലാണ് പ്രത്യേകസമിതി രൂപവത്കരിച്ചത്. തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ സമിതി ശേഖരിച്ച് കെ.പി.സി.സി.ക്ക് കൈമാറുമെന്നും ശിവകുമാർ വ്യക്തമാക്കി. കോൺഗ്രസിൽ ചേരാൻ ആഗ്രഹിക്കുന്നത് ആരായാലും പാർട്ടിനേതൃത്വത്തെയും പ്രത്യയശാസ്ത്രത്തെയും അംഗീകരിക്കണം. മുമ്പ് മറ്റുപാർട്ടികളിൽനിന്നുവന്നവരിൽ ചിലർ ഇതിന് വിപരീതമായി പ്രവർത്തിച്ചുവെന്നും ശിവകുമാർ പറഞ്ഞു. മുൻമുഖ്യമന്ത്രി എസ്.എം. കൃഷ്ണ, രമേഷ് ജാർക്കിഹോളി, ആനന്ദ് സിങ്, ഉമേഷ് ജാദവ് തുടങ്ങിയവർ കോൺഗ്രസ് വിട്ട് ബി.ജെ.പി.യിലേക്കു പോയവരാണ്. മാർച്ചിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിതനായ ഡി.കെ. ശിവകുമാർ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുകയാണ്. മുൻ എം.എൽ.എ.മാരായ ബി.എ. ഹസനബ്ബ, അജയ്കുമാർ സർനായിക്, അഭയ്ചന്ദ്ര ജെയിൻ, സതീഷ് സെയിൽ, പ്രഫുല്ല മധുകർ, മുൻ എം.പി.മാരായ ആർ. ധ്രുവനാരായൺ, ബി.എൻ. ചന്ദ്രപ്പ, എം.എൽ.എ. വി. മുനിയപ്പ, മുൻമേയർ സമ്പത്ത് രാജ്, മഹിളാ കോൺഗ്രസ് നേതാവ് കൃപ അൽവ, കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി വി.വൈ. ഖോർപഡെ എന്നിവരാണ് സമിതിയിലുള്ളത്. Content Highlights:D K Sivakumar Karnataka
from mathrubhumi.latestnews.rssfeed https://ift.tt/3dGYspc
via
IFTTT