മൂവാറ്റുപുഴ: സഹോദരിയെ പ്രണയിച്ച സുഹൃത്തിനെ യുവാവ് വെട്ടിയ സംഭവം ദുരഭിമാന വധശ്രമമെന്ന് നിഗമനം. ദളിത് യുവാവും സുഹൃത്തുമായ അഖിൽ ശിവനുംസഹോദരിയും തമ്മിലുള്ള അടുപ്പത്തിൽ മുഖ്യപ്രതി ബേസിൽ എൽദോസ്(22) എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. അതേസമയം, കേസിലെ രണ്ടാംപ്രതിയായ 17 വയസ്സുകാരനെ പോലീസ് സംഘം ഞായറാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. കോതമംഗലം സ്വദേശിയാണ് പിടിയിലായത്. ഈ 17 വയസ്സുകാരനൊപ്പമാണ് ബേസിൽ എൽദോസ് അഖിലിനെ ആക്രമിക്കാനായി മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്ക് മുന്നിൽ ബൈക്കിലെത്തിയത്. പിടിയിലായ രണ്ടാംപ്രതിയാണ് ബൈക്ക് ഓടിച്ചിരുന്നത്. വെട്ടേറ്റ അഖിലും മുഖ്യപ്രതിയായ ബേസിൽ എൽദോസും സ്കൂളിൽ ഒരുമിച്ച് പഠിച്ചവരും സുഹൃത്തുക്കളുമാണ്. ഇതിനിടെയാണ് ബേസിലിന്റെ സഹോദരിയുമായി അഖിൽ പ്രണയത്തിലായത്. അതേസമയം, മകൻ അഖിലിനെ അക്രമിക്കാൻ പോയവിവരം തങ്ങളാരും അറിഞ്ഞില്ലെന്നാണ് ബേസിലിന്റെ കുടുംബം പോലീസിനോട് പറഞ്ഞത്. സംഭവദിവസം പിതാവിന്റെ ഷർട്ടിൽനിന്ന് പണവുമെടുത്താണ് ബേസിൽ പുറത്തുപോയത്. ബേസിൽ വീട്ടിൽനിന്നിറങ്ങിയ വിവരം സഹോദരി കാമുകനായ അഖിലിനെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുഹൃത്തിനൊപ്പം മുഖാവരണം വാങ്ങാനെത്തിയ അഖിലിനെ കടയിൽനിന്ന് വിളിച്ചിറക്കി ബേസിൽ അക്രമിച്ചത്. വടിവാൾ കൊണ്ട് വലത് കൈയ്ക്കാണ് വെട്ടിയത്. വലത് കൈക്കുഴയ്ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി. ചെറുവിരലിന്റെ ഒരു വശം പൂളിപ്പോയിട്ടുമുണ്ട്. കഴുത്തിനുള്ള വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ അഖിൽ ധരിച്ചിരുന്ന ഹെൽമെറ്റിൽ തട്ടി. പുരികത്തിനും നെറ്റിക്കും ഇടയിലും മുറിവേറ്റു. അഖിലിനെ കാത്ത് ബൈക്കിൽ ഇരിക്കുകയായിരുന്ന അഖിലിന്റെ സുഹൃത്ത് അരുൺ ഇതു കണ്ട് ഓടിയെത്തി കൈയിലുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് തടയുകയും ചെയ്തു. ഇതിനിടെയാണ് അരുണിനും മുറിവേറ്റത്. ആക്രമണത്തിനു ശേഷം പ്രതി ബൈക്കിൽ തന്നെ കടന്നുകളഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ മുഖ്യപ്രതി ബേസിലിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. Content Highlights:honour killing attempt in muvattupuzha, second accused in police custody
from mathrubhumi.latestnews.rssfeed https://ift.tt/2UnMRUB
via
IFTTT