Breaking

Sunday, June 7, 2020

സ്മാര്‍ട്ട്ഫോണില്ല, ടി.വി. കേടായ വീട്ടിലെ രണ്ടാംക്ലാസുകാരിയുടെ ചോദ്യം; എന്നെയും ഇരുത്താമോ ക്‌ളാസില്‍

കോഴിക്കോട്: ഓൺലൈൻക്ളാസ് തുടങ്ങിയതുമുതൽ ടി.വി.യെ തൊട്ടുംതട്ടിയും ഇരിപ്പാണവൾ. വിക്ടേഴ്സ് ചാനലിൽ ക്ളാസുണ്ടെത്രേ. ടി.വി. പക്ഷേ കേടാണ്. വല്ലപ്പോഴുമൊന്ന് ഓണായാലായി. ഫോണിൽ ചാനൽകിട്ടുമെന്നു കേട്ടു. പക്ഷേ, അതുകിട്ടുന്ന ഫോൺ വീട്ടിലില്ല മെഡക്കൽകോളേജ് കാമ്പസ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ രണ്ടാംതരത്തിലാണ് ദേവിക. ചേവായൂർ കണ്ടിയിൽ വീട്ടിലാണ് താമസം. ഓൺലൈൻ ക്ലാസിന്റെ കാര്യംപറഞ്ഞതുമുതൽ അവൾ അമ്മയുടെയും അച്ഛന്റെയും ഫോണെടുത്തുനോക്കുന്നുണ്ട്. അതിൽ നെറ്റില്ല. വാട്സാപ്പില്ല. അമ്മയുടെ ഫോണിലാണെങ്കിൽ വിളിച്ചാൽപ്പോലും ശരിക്കുകിട്ടില്ല. അത്രയ്ക്ക് പഴയതാണ്. ആദ്യത്തെ നാലുദിവസവും ടി.വി. അനങ്ങിയില്ല. ദേവിക ഓർത്തു, സ്കൂൾതുറക്കുമ്പോൾ ടീച്ചറോട് എന്തുപറയും? കൂട്ടുകാരൊക്കെ എല്ലാംപഠിച്ചിട്ടാവും വരുന്നത്. അവൾവീട്ടിൽ വെറുതേയിരുന്നു. ക്ളാസിനെക്കുറിച്ച് ഒന്നുംപറയാതായി. അമ്മ ഐശ്വര്യയും അച്ഛൻ രതീഷും ശ്രമിക്കാഞ്ഞിട്ടല്ല. പക്ഷേ, ഫോൺ വാങ്ങാനാവണ്ടേ! സ്കൂളുകാരൊക്കെ ഓൺലൈൻ ക്ളാസ് എന്നു പറയുമ്പോൾ മോൾക്ക് അത് എന്താണെന്നുപോലും അറിയില്ല. 12.30-നാണ് വിക്ടേഴ്സിൽ അവളുടെ ക്ലാസ്. ഇടയ്ക്കൊക്കെ ടി.വി. ഓണാവുന്നുണ്ട്. ആ പ്രതീക്ഷയിൽ മഞ്ഞനിറമുള്ള കുഞ്ഞുകുപ്പായം വലിച്ചിട്ട് അവൾ ടി.വി.ക്കു മുന്നിലിരുന്നു; ഒരു മുൻബെഞ്ചുകാരിയുടെ ഗമയിൽ. അത്ഭുതം, ടി.വി. ഓണായി! പക്ഷേ അടുത്തനിമിഷം കേടായി. സങ്കടപ്പെട്ട് അവൾ നോക്കിയിരിക്കുന്നതുകണ്ടിട്ടാവാം എപ്പോഴാ പതുക്കെ വിക്ടേഴ്സ് ചാനൽ തെളിഞ്ഞു. ദേവികയുടെ മുഖംവിടർന്നു. ക്ലാസ് നടക്കുന്നതിനിടെ സോണിടീച്ചർ വിളിച്ചു. ദേവികയുടെ ക്ലാസ് ടീച്ചറാണ്. ദേവികയുടെ പ്രശ്നത്തിന് പരിഹാരംകാണാനുള്ള ശ്രമത്തിലാണ് സ്കൂളുകാർ. വിക്ടേഴ്സിൽ കാണുന്നതുമാത്രം മതിയാവില്ല. അധ്യാപകർക്ക് കുട്ടികളോട് പലതും പറയാനുണ്ടാവും. ചെറിയ ഹോംവർക്ക് കൊടുക്കാനുമൊക്കെ വാട്സാപ്പിലേ ഇപ്പോൾ പറ്റൂ. സോണി പറഞ്ഞു. ക്ലാസ് കാണാൻ കഴിഞ്ഞതിന്റെ ആവേശത്തിൽ ദേവിക കാൽ കസേരയിൽ കയറ്റിവെച്ചു. ടി.വി.യിൽ ടീച്ചർ ചോദിച്ചു; പശുക്കളെ കണ്ടിട്ടില്ലേ? അവൾ സന്തോഷത്തോടെ മൂളി. അടുത്ത ചോദ്യത്തിനും അവൾ ആർത്തുവിളിച്ച് മറുപടി പറഞ്ഞു. പക്ഷേ പെട്ടെന്ന് ടി.വി. ഓഫായി. അയ്യോ...ആരോ ക്ലാസിൽനിന്ന് പുറത്താക്കിയപോലെ. അമ്മ എല്ലാ സ്വിച്ചും ഓഫ്ചെയ്തുംപിന്നെ ഓൺചെയ്തും ശ്രമിച്ചു. ടി.വി. മിണ്ടുന്നില്ല. ദേവിക വാടിയിരുന്നു. പിന്നെ മിണ്ടാതെ അകത്തുപോയി. വൈകുന്നേരമായപ്പോൾ അവൾ ഉമ്മറത്തുവന്നിരുന്നു. ദൂരെവീടുള്ള അമ്മാവൻ വരും ചിലപ്പോൾ. അമ്മാവന് നെറ്റ് കിട്ടുന്ന ഫോണുണ്ട്. അതിൽ ക്ളാസ് കാണാനായാലോ. ഇരുട്ടുവീണുതുടങ്ങിയ മുറ്റത്തേക്ക് നോക്കി ദേവിക ഇരുന്നു, കടംകിട്ടുന്ന ഒരു ഫോണുംകാത്ത്. Content Highlights:the girl who studying in 2nd standard, want to online study, she has no phone and working TV


from mathrubhumi.latestnews.rssfeed https://ift.tt/37c5sbd
via IFTTT