കിടങ്ങൂർ (കോട്ടയം): പാലാ ചേർപ്പുങ്കലിലെ ബി.വി.എം.കോളേജിൽ പരീക്ഷയെഴുതി വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ കാണാതായതായി പരാതി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകൾ അഞ്ജു പി.ഷാജി(20)യെയാണ് കാണാതായത്. ഇത് സംബന്ധിച്ച് ശനിയാഴ്ച രാത്രി വീട്ടുകാർ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അഞ്ജുവിന്റെ ബാഗും കുടയും ചേർപ്പുങ്കൽ പാലത്തിൽ കണ്ടതിനെത്തുടർന്ന് അഗ്നിരക്ഷാസേന മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച തിരച്ചിൽ തുടരുമെന്ന് അഗ്നിരക്ഷാസേനയും പോലീസും അറിയിച്ചു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജിൽ ബി.കോം. വിദ്യാർഥിനിയായിരുന്ന അഞ്ജുവിന് സർവകലാശാല അനുവദിച്ച പരീക്ഷാകേന്ദ്രം ചേർപ്പുങ്കലിലായിരുന്നു. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയിൽ കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതർ അഞ്ജുവിനെ ശാസിച്ചതായി ബന്ധുക്കൾ ആരോപിച്ചു. ഇതേത്തുടർന്ന് അഞ്ജുവിനെ കാണാതാവുകയായിരുന്നുവെന്ന് അച്ഛൻ ഷാജി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പഠനത്തിൽ മികവ് പുലർത്തിയിരുന്ന മകൾ കോപ്പിയടിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് ഷാജി പറഞ്ഞു. നിർധനകുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കോളേജ് അധികൃതരുടെ നടപടി നീതികരിക്കാനാവില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും എസ്.എൻ.ഡി.പി. ഹൈറേഞ്ച് യൂണിയൻ ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിനിടെ ഫൈബർ വള്ളം മറിഞ്ഞു മീനച്ചിലാറ്റിൽ പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് പാലായിലെ അഗ്നിരക്ഷാ സേനയ്ക്കൊപ്പം ഈരാറ്റുപേട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ മുങ്ങൽ വിദഗ്ധരും സമീപവാസികളായ യുവാക്കളും തിരച്ചിലിനിറങ്ങിയിരുന്നു. യുവാക്കൾ തിരച്ചിലിനുപയോഗിച്ച ഫൈബർ വള്ളം മറിഞ്ഞു. ആറ്റിൽ മുങ്ങിയ യുവാക്കളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വള്ളത്തിലുണ്ടായിരുന്ന എൻജിൻ നഷ്ടപ്പെട്ടു. രോഷാകുലരായി ബന്ധുക്കൾ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കോളേജ് അധികൃതർ ഗുരുതരമായ അനാസ്ഥ കാട്ടിയതായി ബന്ധുക്കൾ ആരോപിച്ചു. കോപ്പിയടിച്ച് പിടിച്ചെന്ന ആരോപണം സത്യമാണെങ്കിൽ രക്ഷിതാക്കളെയോ പഠിക്കുന്ന കോളേജ് അധികൃതരെയോ അറിയിക്കാതെ കുട്ടിയെ തനിയെ മടക്കി അയച്ചത് എന്തിനെന്നും അവർ ചോദിച്ചു. കാണാതായ സമയംമുതൽ ഞായറാഴ്ച മീനച്ചിലാറ്റിലെ തിരച്ചിൽ അവസാനിപ്പിക്കുന്നതുവരെ കോളേജ് അധികൃതർ തങ്ങൾക്ക് മുമ്പിൽ വരാത്തതെന്തെന്നും അവർ ചോദിച്ചു. വിദ്യാർഥിനിയെ ഓഫീസിലേക്ക് വിളിപ്പിച്ചെങ്കിലും എത്തിയില്ല വിദ്യാർഥിനിയെ കോപ്പിയടിച്ചതിന് പിടിച്ചു. തുടർ നടപടികൾക്കായി വിദ്യാർഥിനിയോട് ഓഫീസ് മുറിയിലെത്താൻ ആവശ്യപ്പെട്ടു. എന്നാൽ, ഇത് അവഗണിച്ച് വിദ്യാർഥിനി കോളേജിൽ കാമ്പസ് വിട്ട് പുറത്തേക്ക് പോവുകയായിരുന്നു. -ഫാ. ജോസഫ് ഞാറക്കാട്ടിൽ, പ്രിൻസിപ്പൽ, ബി.വി.എം.കോളേജ്, ചേർപ്പുങ്കൽ Content Highlights: College student missing in kottayam
from mathrubhumi.latestnews.rssfeed https://ift.tt/37aJ4yZ
via
IFTTT