കൊച്ചി: സംസ്ഥാനത്തെ മുസ്ലിം പള്ളികളിൽ ഭൂരിപക്ഷവും ലോക്ഡൗണിൽതന്നെ തുടരാൻ തീരുമാനിച്ചതിനു പിന്നിലെ പ്രധാനകാരണം അപ്രായോഗികമായ മാനദണ്ഡങ്ങൾ. സർക്കാരിന്റെ മാനദണ്ഡങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടേറിയത് വിശ്വാസികളുടെ പ്രവേശനം സംബന്ധിച്ച തിരഞ്ഞെടുപ്പായിരിക്കുമെന്നാണ് മിക്ക മഹല്ല് കമ്മിറ്റികളും ചൂണ്ടിക്കാട്ടിയത്. പരമാവധി 100 പേരെയാണ് ഒരുസമയം നമസ്കാരത്തിനു പ്രവേശിപ്പിക്കാൻ സർക്കാർ അനുമതി നൽകിയത്. എന്നാൽ, സുബ്ഹി മുതൽ ഇശാഅ് വരെയുള്ള നമസ്കാരങ്ങളിൽ പങ്കെടുക്കാൻ നൂറിലേറെ വിശ്വാസികളെത്തിയാൽ അവരിൽനിന്ന് എങ്ങനെ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് ഭാരവാഹികൾ ചോദിക്കുന്നത്. പള്ളികളിലെ അണുനശീകരണം സാധ്യമാക്കാമെങ്കിലും നമസ്കാരപ്പായയിലെ അണുനശീകരണം ഓരോ നമസ്കാരത്തിനുശേഷവും സാധ്യമാകില്ല. 65 വയസ്സിനു മുകളിലുള്ളവരെ പള്ളിയിൽ പ്രവേശിപ്പിക്കരുതെന്നാണ് സർക്കാർ നിർദേശം. ഈ പ്രായത്തിനു മുകളിലുള്ള ഇമാമുമാരുള്ള പള്ളികൾ ഏറെയുണ്ട്. പള്ളികളിൽ സന്ദർശക രജിസ്റ്റർ ഉൾപ്പെടെയുള്ള കാര്യങ്ങൾ എർപ്പെടുത്താമെങ്കിലും അതിലും പ്രയാസങ്ങൾ നേരിടാമെന്ന് മഹല്ല് കമ്മിറ്റികൾ പറയുന്നു. പള്ളികൾ തുറന്നാൽ യാത്രക്കാരായ ഒരുപാടുപേർ വരാനുള്ള സാധ്യതയും കൂടും. അപരിചിതരായ അത്തരം ആളുകളെ പള്ളിയിൽ പ്രവേശിപ്പിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ വെല്ലുവിളിയാകുമെന്നും മഹല്ല് കമ്മിറ്റികൾ ചൂണ്ടിക്കാട്ടുന്നു. ജാഗ്രത കൈവിടരുത് ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതിനൽകിയതിനെ സ്വാഗതംചെയ്യുന്നു. എന്നാൽ, രോഗവ്യാപനം അനുദിനം കൂടിവരുമ്പോൾ ജനങ്ങൾ കൂടുതൽ ഉത്തരവാദിത്വവും കരുതലും കാണിക്കണം. ജുമുഅ (വെള്ളിയാഴ്ച പ്രാർഥന) ഒന്നോ രണ്ടോ ആഴ്ചകൾകൂടി നീട്ടിവെക്കുന്നതിൽ കുഴപ്പമില്ല. സർക്കാർ നിർദേശങ്ങൾ പള്ളിയധികൃതർ കൃത്യമായി ചർച്ചചെയ്ത് തീരുമാനങ്ങളെടുക്കണം. നമ്മുടെ ചെറിയൊരു അശ്രദ്ധ പോലും വലിയ വിപത്തുകൾ വിളിച്ചുവരുത്തുമെന്നു മറക്കരുത്. നൂറു ചതുരശ്ര മീറ്ററിൽ പതിനഞ്ചുപേർ എന്ന നിർദേശം പാലിക്കണം. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിനു താഴെയുള്ളവരും പള്ളിയിൽ പോകരുത്. -കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. Content Highlights: Most of the mosques in the state are not open
from mathrubhumi.latestnews.rssfeed https://ift.tt/3cFew9B
via
IFTTT