ഹൈദരാബാദ്: ഇരുപത് മിനിറ്റിനുള്ളിൽ പരിശോധനാഫലം ലഭ്യമാക്കുന്ന കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചതായി ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യിലെ ഒരു സംഘം ഗവേഷകർ. നിലവിൽ കോവിഡ് പരിശോധനയ്ക്കായി ഉപയോഗിക്കുന്ന രീതിയായ റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർടി-പിസിആർ) രീതി അടിസ്ഥാനമാക്കിയുള്ളതല്ല പുതിയ പരീക്ഷണ രീതിയെന്ന് അവർ അവകാശപ്പെട്ടു. 550 രൂപയാണ് ഇപ്പോൾ വികസിപ്പിച്ച ടെസ്റ്റ് കിറ്റിന്റെ വിലയെന്നും എന്നാൽ വൻതോതിൽ ഉൽപാദിപ്പിക്കുമ്പോൾ ഇത് 350 രൂപയായി കുറയ്ക്കാൻ കഴിയുമെന്നുമാണ് ഗവേഷകർ പറയുന്നത്. ഇ.എസ്.ഐ.സി മെഡിക്കൽ കോളേജിലും ഹൈദരാബാദിലെ ആശുപത്രിയിലും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയ ഇവർ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിൽ (ഐസിഎംആർ) അനുമതി തേടിയിരിക്കുകയാണ്. കോവിഡ് -19 ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഇത് വഴി രോഗലക്ഷണമുള്ളവരും ഇല്ലാത്തവരുമായവരെ 20 മിനിറ്റിനുള്ളിൽ പരിശോധിച്ച് ഫലം ലഭിക്കുമെന്നും ഹൈദരാബാദിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസർ ശിവ ഗോവിന്ദ് സിംഗ് പറഞ്ഞു. റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർടി-പിസിആർ) അല്ലാതെ പ്രവർത്തിക്കുന്നു എന്നതാണ് ഈ ടെസ്റ്റ് കിറ്റിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. കൊറോണ പരിശോധന കിറ്റ് വികസിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ അക്കാദമിക് സ്ഥാപനമാണ് ഐഐടി-ഹൈദരാബാദ്. ഐഐടി-ഡൽഹി തത്സമയ പിസിആർ അടിസ്ഥാനമാക്കിയുള്ള ഡയഗ്നോസ്റ്റിക് പരിശോധന സംവിധാനം വികസിപ്പിക്കുകയും ഐസിഎംആർ അംഗീകാരം നേടിയ ആദ്യത്തെ അക്കാദമിക് സ്ഥാപനമാകുകയും ചെയ്തിരുന്നു. Content Highlights: IIT-Hyderabads Low-Cost Test Kit Can Detect COVID-19 Within 20 Minutes
from mathrubhumi.latestnews.rssfeed https://ift.tt/2MAcX2r
via
IFTTT