കോട്ടയം: അഞ്ജു പി.ഷാജി കോപ്പിയടിച്ചെന്ന ആരോപണത്തിൽ കഴമ്പുണ്ടോയെന്നറിയാൻ പോലീസ് കാലിഗ്രാഫി പരിശോധന നടത്തും. ഇതിനായി, വീട്ടിൽനിന്ന് അഞ്ജുവിന്റെ നോട്ടുപുസ്തകത്തിലെ കൈയക്ഷരം എടുക്കും. പരീക്ഷാഹാളിലുണ്ടായിരുന്ന അധ്യാപകൻ, അടുത്തിരുന്ന കുട്ടികൾ എന്നിവരുടെ മൊഴിയും എടുക്കും. ഇതിനായി രണ്ട് സി.ഐ.മാരുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ജെ.സന്തോഷ്കുമാർ പറഞ്ഞു. കുട്ടി പരീക്ഷയെഴുതിയ കോളേജ്, സർവകലാശാലാചട്ടം പാലിച്ചോ എന്നതും അന്വേഷിക്കും. എം.ജി. സർവകലാശാലയും പ്രത്യേകസംഘത്തെ വിഷയം പരിശോധിക്കാൻ നിയോഗിച്ചു. പരീക്ഷയെഴുതാൻപോയി കാണാതായ പൊടിമറ്റം പൂവത്തോട് അഞ്ജു പി.ഷാജിയെ തിങ്കളാഴ്ച മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കോപ്പിയടിച്ചതിന് വിദ്യാർഥിനിയെ പിടിച്ചെന്നും വിശദീകരണം എഴുതിനൽകാതെ പോയെന്നുമാണ് ചേർപ്പുങ്കൽ ബി.വി.എം. കോളേജ് അധികാരികളുടെ മൊഴി. എന്നാൽ, കുട്ടിയുടെ കോപ്പി വ്യാജമായി തയ്യാറാക്കിയെന്നും മാനസികപീഡനം ഉണ്ടായെന്നുമാണ് അച്ഛൻ പരാതിപ്പെട്ടത്. കുട്ടിയുടെ മരണത്തിൽ നീതിതേടി ചൊവ്വാഴ്ച ബന്ധുക്കളുടെ പ്രതിഷേധവും റോഡുപരോധവുമുണ്ടായി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പോലീസ് ഏറ്റെടുത്തെന്നും അച്ഛനെയും അമ്മാവനെയും ആംബുലൻസിൽനിന്ന് ഒഴിവാക്കിയെന്നും ആരോപിച്ച് നാട്ടുകാർ ഈ വാഹനം തടഞ്ഞു. പ്രത്യേക അന്വേഷണസംഘം കേസന്വേഷിക്കുന്നതിന് ഇടപെടാമെന്ന് പി.സി.ജോർജ് ഉറപ്പുനൽകിയതിനെത്തുടർന്നാണ് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30-നാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ കയറ്റിയത്. ആംബുലൻസിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. ഇതിനിടെയാണ് ബന്ധുക്കളെ ഒഴിവാക്കിയത്. വാഹനവ്യൂഹം വെള്ളൂരിലെത്തിയപ്പോൾ കാത്തുനിന്ന ബന്ധുക്കൾ വാഹനം നിർത്തിച്ച് പ്രതിഷേധിച്ചു.കുട്ടിയുടെ അച്ഛൻ കോട്ടയത്ത് നിൽക്കുന്നതേയുള്ളൂവെന്നും പോലീസ് ഏകപക്ഷീയമായി പോകുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു. അച്ഛൻ ഷാജിയുടെ വാഹനം വരുന്നതുവരെ ആംബുലൻസ് മെല്ലെ പോകാമെന്ന് പോലീസ് സമ്മതിച്ചു. Content Highlights: kottayam college student anju shaji death
from mathrubhumi.latestnews.rssfeed https://ift.tt/37fsZIg
via
IFTTT