Breaking

Monday, June 8, 2020

റോബിൻസൺ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക്‌ വന്നു; പാലത്തിൽ പ്രിയങ്കയ്ക്ക് താലിചാർത്തി

മറയൂർ(ഇടുക്കി): ഞായറാഴ്ച രാവിലെ 7.45 ചിന്നാർ പാലത്തിലേക്ക് കോയമ്പത്തൂർ ശരവണംപെട്ടി സ്വദേശി റോബിൻസൺ നടന്നു. മന്ത്രകോടിയുടുത്ത് പ്രിയങ്ക അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കൊട്ടും കുരവയും വാദ്യമേളങ്ങളും ഒന്നുമില്ലാതെ പെരുവഴിയിൽനിന്ന് റോബിൻസൺ പ്രിയങ്കയ്ക്ക് താലിചാർത്തി. മൂന്നാർ സ്വദേശിനി പ്രിയങ്കയു(25)ടെയും കോയമ്പത്തൂർ സ്വദേശി റോബിൻസണി(30)ന്റെയും വിവാഹമാണ് കേരളത്തെയും തമിഴ്നാടിനെയും വേർതിരിക്കുന്ന ചിന്നാർ പാലത്തിൽ നടത്തിയത്. ഇരുവരുടെയും വിവാഹം മാർച്ച് 22-ന് മൂന്നാറിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, 21-ന് പ്രഖ്യാപിച്ച ജനതാ കർഫ്യുവും കേരളത്തിലെ കോവിഡ് വ്യാപനവും കാരണം വിവാഹം മാറ്റിവെച്ചു. തൊട്ടുപിന്നാലെ രാജ്യത്ത് സമ്പർക്ക വിലക്കുമുണ്ടായി. ലോക്ഡൗൺ ഉടൻതീരുമെന്ന പ്രതീക്ഷയിൽ ഇരുവരും കാത്തിരുന്നു. രാജ്യത്ത് കോവിഡ് രോഗികൾ കൂടി. കല്യാണം നീണ്ടുംപോയി. ഇതിനിടെ, സമ്പർക്കവിലക്കിന് അല്പം അയവുവന്നപ്പോൾ കല്യാണം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇരുസംസ്ഥാനങ്ങളിലും അപേക്ഷയും നൽകി. ചിന്നാർ അതിർത്തിയിലെത്താൻ റോബിൻസണും തമിഴ്നാട്ടിലേക്ക് പോകാൻ പ്രിയങ്കയ്ക്കും പാസ് ലഭിച്ചു. പിന്നെയൊന്നും നോക്കിയില്ല. കടുവയും പുലിയുമൊക്കെയുള്ള ചിന്നാർ വന്യജീവി സങ്കേതത്തെയും ആനമല കടുവാ സങ്കേതത്തെയും വേർതിരിക്കുന്ന മൂന്നാർ-ഉടുമല സംസ്ഥാന പാതയിലെ ചിന്നാർ പാലത്തിൽ കേരളത്തിന്റെ ഭാഗത്ത് കല്യാണം നടത്തി. വരൻ മാത്രമാണ് കല്യാണ സ്ഥലത്തെത്തിയത്. കൂടെയെത്തിയ 12 ബന്ധുക്കൾ പാലത്തിനപ്പുറംനിന്ന് ചടങ്ങ് കണ്ടു. വധുവിന്റെ കുടുംബാംഗങ്ങളും വനം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വിവാഹത്തിന് സാക്ഷികളായി. മുൻ എം.എൽ.എ. എ.കെ.മണി, മറയൂർ പഞ്ചായത്തംഗം ജോമോൻ തോമസ്, ആൻഡ്രൂസ് എന്നിവരും എത്തിയിരുന്നു. ചടങ്ങുകൾക്കുശേഷം വധുമാത്രം വരന്റെയും ബന്ധുക്കളുടെയും കൂടെ പോയി. മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ മജീദിന്റെ നേതൃത്വത്തിൽ പൂർണമായും കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചാണ് വിവാഹം നടന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3f1velo
via IFTTT