മുംബൈ: കോവിഡ് പ്രതിരോധത്തിന് ആക്കംകൂട്ടാൻ കേരളത്തിൽനിന്ന് 30 നഴ്സുമാർ മുംബൈയിലേക്കെത്തുന്നു. തിങ്കളാഴ്ച ഇവർ മുംബൈയിലേക്ക് തിരിക്കും. ഇവരെ കൊണ്ടുവരാനുള്ള ബസ് മുംബൈയിൽനിന്ന് വെള്ളിയാഴ്ച പുറപ്പെട്ടിരുന്നു. തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് തിരിക്കുന്ന ബസ് മറ്റു ജില്ലകളിലുള്ളവരെയും കയറ്റിയശേഷം ബുധനാഴ്ച മുംബൈയിലെത്തും. മുംബൈയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവർത്തിച്ച് ജോലിവിട്ട് നാട്ടിലേക്കുപോയവരും കൂട്ടത്തിലുണ്ട്. നഗരത്തിലെ കോവിഡ് പ്രതിരോധപ്രവർത്തനത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് െഡപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഒരു സംഘം മുംബൈ അന്ധേരിയിലെ സെവൻഹിൽസ് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. മഹാരാഷ്ട്ര സർക്കാരിന്റെ അഭ്യർഥനയെത്തുടർന്നാണ് സംഘമെത്തിയത്. ഇവരുടെ നിർദേശമനുസരിച്ചാണ് കേരളത്തിൽനിന്നുള്ള നഴ്സുമാരുടെ സംഘം മുംബൈയിലേക്കെത്തുന്നത്. സെവൻ ഹിൽസ് ആശുപത്രിയിലെ ഐ.സി.യു. കിടക്കകൾ മുഴുവൻ പ്രവർത്തനക്ഷമമാക്കാൻമാത്രം 450-ഓളം നഴ്സുമാരും 150-ഓളം ഡോക്ടർമാരും ആവശ്യമാണ്. 200 ഐ.സി.യു. കിടക്കകളുള്ള ഇവിടെ ഇപ്പോൾ 80 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിൽ പകുതിയോളം കേരളത്തിൽനിന്നുള്ള സംഘമെത്തിയശേഷമാണ് പ്രവർത്തനക്ഷമമാക്കിയത്. കൂടുതൽപേരെ കേരളത്തിൽനിന്നെത്തിച്ച് ആശുപത്രിയിലെ 200 ഐ.സി.യു. കിടക്കകളും പ്രവർത്തനക്ഷമമാക്കാനാണ് ശ്രമം. നിലവിൽ 34 ഡോക്ടർമാരും ആറു നഴ്സുമാരുമാണ് ഇവിടെ പ്രവർത്തിക്കുന്നത്. നഴ്സുമാരുടെ ജോലി പോലും ഡോക്ടർമാർ ചെയ്യേണ്ട അവസ്ഥയുണ്ട്. Content Highlights:Nurses Kerala Mumbai
from mathrubhumi.latestnews.rssfeed https://ift.tt/3f0Zhte
via
IFTTT