ചാലിശ്ശേരി: പട്ടാമ്പി-കുന്നംകുളം പാതയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പെരിന്തൽമണ്ണ പൂപ്പലം മാനത്തുമംഗലം കാളിപ്പാടൻ അമ്മിണിക്കാട്ട് അമീനിന്റെ ഭാര്യ നിവേദിതയാണ് (ഫാത്തിമ-26) മരിച്ചത്. എറണാകുളം ഇടപ്പള്ളി സ്വദേശിനിയാണ്. കാറിൽ കൂടെ യാത്രചെയ്തിരുന്ന പെരിന്തൽമണ്ണ സ്വദേശികളായ ഡോ. ഒമർ, അശ്വതി എന്നിവർക്കാണ് പരിക്കേറ്റത്. ഡോ. ഒമറിന്റെ ക്ലീനിക്കിലെ സ്റ്റാഫാണ് മരിച്ച നിവേദിത. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ ചാലിശ്ശേരി ഖദീജ മൻസിൽ ബസ്സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. പട്ടാമ്പി ഭാഗത്തുനിന്ന് വരികയായിരുന്ന കാർ എതിരേവരികയായിരുന്ന മറ്റൊരുകാറുമായി കൂട്ടിമുട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തിരിഞ്ഞുപോയി. കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ പിൻവശവും പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ മുൻവശവുമാണ് തകർന്നത്. കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിലെ പിൻസീറ്റിലായിരുന്നു നിവേദിത. കാറിന്റെ എയർബാഗുകൾ പ്രവർത്തിച്ചതിനാൽ മുൻവശത്ത് ഇരുന്നവർ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന കാറിലെ യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലിശ്ശേരി പോലീസ് കേസെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/30i0qc2
via
IFTTT