Breaking

Sunday, June 7, 2020

രാജ്യത്ത് 2.4 ലക്ഷത്തിലധികം കോവിഡ് രോഗികള്‍; രോഗികളുടെ എണ്ണത്തില്‍ ലോകത്ത് അഞ്ചാമത്

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ 24 മണിക്കൂറിനുള്ളിൽ ഇറ്റലിയെയും സ്പെയിനെയും മറികടന്ന് ഇന്ത്യ. ഇതോടെ ഏറ്റവുമധികം രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യമാറി. ഇപ്പോൾ യുഎസ്, ബ്രസീൽ, റഷ്യ, യുകെ എന്നിവ മാത്രമാണ് മുന്നിൽ. തുടർച്ചയായി കേസുകളിൽ വർധനവ് രേഖപ്പെടുത്തിയതോടെ രാജ്യത്ത് മൊത്തം കോവിഡ് ബാധിതർ 2,43,733 ആയി ഉയർന്നുവെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2,36,657 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ശനിയാഴ്ച മാത്രം 9,887 പുതിയ കേസുകളും 294 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് 9000 മുകളിൽ റിപ്പോർട്ട് ചെയ്യുന്നത്. രോഗവ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ ശനിയാഴ്ച 2739 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 120 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം 82,968 ആയി ഉയർന്നു. ആകെ 2,969 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ ആകെ എണ്ണം 30,152 ആയി. ശനിയാഴ്ച മാത്രം 1,458 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 19 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണം 251 ആയി. 13,503 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ത്യയിൽ ഇതുവരെ 1,14,073 കോവിഡ് രോഗികൾ സുഖം പ്രാപിച്ചുവെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 48.20 ശതമാനമായി ഉയർന്നു. ഇന്ത്യയിൽ ഇതുവരെ 45,24,317 സാമ്പിളുകൾ പരിശോധിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. Content Highlights: Indias Covid-19 cases cross 2.4 lakh-mark, nation surpasses Spain to become 5th worst-hit by virus


from mathrubhumi.latestnews.rssfeed https://ift.tt/3dHcWp0
via IFTTT