കണ്ണൂർ : തിങ്കളാഴ്ച പുലർച്ചെ 4.50-ന് കണ്ണൂരിൽനിന്ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് പുറപ്പെട്ടത് കോഴിക്കോട്ടുനിന്ന്. മുന്നറിയിപ്പൊന്നുമില്ലാതെയാണ് വണ്ടി പുറപ്പെടുന്നത് കോഴിക്കോട്ടുനിന്നാക്കാൻ റെയിൽവേ അവസാനനിമിഷം തീരുമാനിച്ചത്. കണ്ണൂരിൽനിന്ന് ടിക്കറ്റ് റിസർവ് ചെയ്തവരുടെ യാത്ര ഇതുകാരണം മുടങ്ങി. കണ്ണൂരിൽനിന്നുള്ള യാത്രയ്ക്ക് റിസർവേഷൻ സ്വീകരിക്കുകയും യാത്രക്കാർ വണ്ടി പുറപ്പെടുന്നതിന് ഒന്നരമണിക്കൂർ മുമ്പ് സ്റ്റേഷനിലെത്തണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ രാത്രി വൈകി വണ്ടി പുറപ്പെടുന്നത് കോഴിക്കോട്ടുനിന്നാക്കുകയായിരുന്നു. രാത്രി 12.15-ഒാടെ കണ്ണൂരിൽ നിന്ന് കാലിയായാണ് വണ്ടി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. അവിടെനിന്ന് ടൈംടേബിൾ പ്രകാരമുള്ള സമയത്താണ് യാത്രക്കാരുമായി വണ്ടി പുറപ്പെട്ടത്. കണ്ണൂരിൽനിന്ന് പുറപ്പെടാനുള്ള ഒരുക്കങ്ങളെല്ലാം റെയിൽവേ പൂർത്തിയാക്കിയതാണെന്നും എന്നാൽ യാത്രക്കാരെ പരിശോധിച്ച് കോവിഡ് ബാധയില്ലെന്ന് ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ സഹകരണമില്ലാത്തതിനാലാണ് വണ്ടി പുറപ്പെടുന്നത് കോഴിക്കോട്ടേക്ക് മാറ്റിയതെന്നും റെയിൽവേ അധികൃതർ അറിയിച്ചു. കണ്ണൂരിൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യവും ഇതിന് പ്രേരണയായി. യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക മടക്കി നൽകുമെന്നും അവർ പറഞ്ഞു. വരും ദിവസങ്ങിലും ജനശതാബ്ദി എക്സ്പ്രസ് കണ്ണൂരിൽ നിന്നും പുറപ്പെടുമോയെന്നകാര്യത്തിലും വ്യക്തതയില്ല. തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട വണ്ടി കണ്ണൂരിൽ എത്തുമോയെന്നും വ്യക്തമല്ല. ലോക്ക്ഡൗൺ നിയന്തണത്തിനുശേഷം സാധാരണ തീവണ്ടി സർവീസ് തുടങ്ങുമെന്ന് പറഞ്ഞ ആദ്യ ദിവസം തന്നെ മുടങ്ങിയത് യാത്രക്കാർക്ക് തിരിച്ചടിയായി. നേരത്തെ റിപ്പോർട്ട് ചെയ്യേണ്ടതിനാൽ പലരും തലേദിവസം തന്നെ റെയിൽവേസ്റ്റേഷനിലെത്തി തങ്ങിയിരുന്നു. Content Highlights: passengers stranded
from mathrubhumi.latestnews.rssfeed https://ift.tt/2Bfu2Mp
via
IFTTT