ന്യൂഡൽഹി: ഉത്തരഖാണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തും മറ്റു മന്ത്രിമാരും ക്വാറന്റീനിൽ പ്രവേശിച്ചു. മെയ് 29ന് നടന്ന മന്ത്രിസഭാ യോഗത്തിൽ ഇവർക്കൊപ്പം പങ്കെടുത്ത സംസ്ഥാനത്തെ ഒരു മന്ത്രിക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്. ഉത്തരഖാണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജിനും അഞ്ച് കുടുംബാംഗങ്ങൾക്കും കഴിഞ്ഞ ദിവസമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എയിംസിൽ ചികിത്സയിലാണിവർ. സത്പാൽ മഹാരാജിന്റെ ഭാര്യക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ സത്പാലും പങ്കെടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സ്വമേധയാ ഹോം ക്വാറന്റീനിൽ പ്രവേശിക്കുകയായിരുന്നു. ഹോം ക്വാറന്റീലാണെങ്കിലും മന്ത്രിമാർ അവരുടെ ജോലികൾ ചെയ്യുമെന്ന് ഉത്തരഖാണ്ഡ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മന്ത്രിസഭാ യോഗത്തിൽ സാമൂഹിക അകലം പാലിക്കുകയും മാസ്ക് അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ എടുക്കുകയും ചെയ്തതിനാൽ അപകടസാധ്യത കുറവാണെന്നും അധികൃതർ വ്യക്തമാക്കി. Content Highlights:Uttarakhand Chief Minister, Other State Ministers Under Home Quarantine
from mathrubhumi.latestnews.rssfeed https://ift.tt/2BeORHS
via
IFTTT